Advertisement

സൂര്യകുമാറിന്റെ സെഞ്ച്വറി പാഴായി, മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി

July 11, 2022
Google News 2 minutes Read

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തോൽവി. നോട്ടിംഗ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ 17 റൺസിനായിരുന്നു പരാജയം. 117 റൺസെടുത്ത സൂര്യകുമാറിന്റെ ഇന്നിങ്‌സ് പാഴായി. ഇംഗ്ലണ്ട് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം198 റൺസിൽ അവസാനിച്ചു. അതേസമയം ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജേസൺ റോയിക്കൊപ്പം ബട്ട്‌ലറും ടീമിന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 31 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 9 പന്തിൽ 18 റൺസെടുത്ത ബട്ട്‌ലർ ആവേശ് ഖാന്റെ പന്തിൽ പുറത്തായി. ഡേവിഡ് മലനുമായി ചേർന്ന് റോയ് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകുകയും രണ്ടാം വിക്കറ്റിൽ 30 റൺസ് കൂട്ടിച്ചേർക്കുകയും ചെയ്തു.

26 പന്തിൽ 27 റൺസെടുത്ത റോയിയെ ഉംറാൻ പുറത്താക്കി. പിന്നാലെ ഫിൽ സാൾട്ട് എട്ട് റൺസെടുത്തു മടങ്ങി. ഒരു ഘട്ടത്തിൽ 84-3 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ഡേവിഡ് മലാൻ ലിയാം ലിവിംഗ്സ്റ്റൺ എന്നിവർ ചേർന്നാണ് കരകയറ്റിയത്‌. ഇരുവരും നാലാം വിക്കറ്റിൽ 84 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഡേവിഡ് മലാൻ 39 പന്തിൽ 77 റൺസുമായി പുറത്തായി. ഒരേ ഓവറിൽ മലാനെയും മൊയീൻ അലിയെയും പുറത്താക്കി രവി ബിഷ്‌ണോയി ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകി.

എന്നാൽ ഹാരി ബ്രൂക്ക് (19), ക്രിസ് ജോർദാൻ (11) എന്നിവരോടൊപ്പം ലിയാം ലിവിംഗ്സ്റ്റൺ ടീമിന്റെ സ്കോർ 215-ൽ എത്തിച്ചു. ലിവിംഗ്സ്റ്റൺ 29 പന്തിൽ 42 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി രവി ബിഷ്‌ണോയിയും ഹർഷൽ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ടീമിന് തുടക്കം തന്നെ പിഴച്ചു. രണ്ടാം ഓവറിൽ ഒരു റൺ നേടി ഋഷഭ് പന്ത് പവലിയനിലേക്ക് മടങ്ങി. 11 റൺസെടുത്ത വിരാടും അതിവേഗം പുറത്തായി. ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കും പ്രത്യേകിച്ച് ഒന്നും ചെയ്യാനാകാതെ 11 റൺസുമായി മടങ്ങി.

പിന്നീടൊന്നിച്ച സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും കരുതലോടെ ബാറ്റുവീശി. ഇരുവരും നാലാം വിക്കറ്റിൽ 119 റൺസിന്റെ സുപ്രധാന കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ 23 പന്തിൽ 28 റൺസെടുത്ത ശ്രേയസ് പവലിയനിലേക്ക് മടങ്ങിയത് തിരിച്ചടിയായി. ഒരറ്റത്ത് സൂര്യകുമാർ ഒറ്റയ്ക്ക് ഇന്ത്യയുടെ പ്രതീക്ഷകൾ നിലനിർത്തി. ഇംഗ്ലീഷ് ബൗളർമാരോട് ഒറ്റയ്ക്ക് പോരാടിയെങ്കിലും മറുവശത്ത് ഒരു കളിക്കാരന്റെയും പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല. ദിനേശ് കാർത്തിക് (6), രവീന്ദ്ര ജഡേജ (7) എന്നിവർ അതിവേഗം കൂടാരം കയറി.

വെറും 48 പന്തിലാണ് സൂര്യകുമാർ(117) തന്റെ കന്നി സെഞ്ച്വറി നേടിയത്. ഇന്ത്യയ്ക്ക് എട്ട് പന്തിൽ 25 റൺസ് വേണ്ടിയിരിക്കെയാണ് സൂര്യകുമാർ പുറത്തായത്. അവസാന ഓവറിൽ 21 റൺസ് വേണ്ടിയിരുന്ന ഇന്ത്യൻ ടീമിന് മൂന്ന് റൺസ് മാത്രമാണ് നേടാനായത്. ഇതോടെ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 198 റൺസെടുക്കാനേ ടീമിന് കഴിഞ്ഞുള്ളൂ. രോഹിതിന്റെ ക്യാപ്റ്റൻസിയിൽ കഴിഞ്ഞ 20 മത്സരങ്ങളിലെ ആദ്യ തോൽവിയാണിത്. ജൂലൈ 12 മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പര.

Story Highlights: India lost in 3rd T20 against England

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here