ഭൂമിയിടപാട് കേസ്; കര്‍ദിനാള്‍ ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കി സര്‍ക്കാരിന്റെ സത്യവാങ്മൂലം

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിയായ എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രിംകോടതിയില്‍ സമര്‍പ്പിക്കാന്‍ തയാറാക്കിയ കരട് സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാനോന്‍ നിയമപ്രകാരമുള്ള കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഭൂമിയിടപാട് നടന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഇ.ഡി കേസും, വത്തിക്കാന്‍ നടപടിയും നിലനില്‍ക്കെ സര്‍ക്കാര്‍ കര്‍ദിനാളിന് അനുകൂലമായ നിലപാടെടുത്തത് കര്‍ദിനാളിനെ അവഹേളിക്കാനാണെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് ട്വന്റിഫോറിനോട് പ്രതികരിച്ചു. (clean chit to kardinal mar george alencherry in land deal case)
എറണാകുളം അങ്കമാലി അതിരൂപത ഭൂമിയിടപാട് കേസിലെ അന്വേഷണത്തിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എറണാകുളം സി ബ്രാഞ്ച് എ.സി.പിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എട്ട് പേജുള്ള സത്യവാങ്മൂലം.
ചൊവ്വര സ്വദേശി പാപ്പച്ചന്‍ എന്നയാളിന്റെ പരാതിയില്‍ 2019 ഏപ്രില്‍ 11 മുതല്‍ 2020 ജനുവരി 20 വരെയായിരുന്നു അന്വേഷണം. മറ്റൂരില്‍ മെഡിക്കല്‍ കോളേജ് നിര്‍മാണത്തിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടും, വായ്പ തിരിച്ചടവിനായി സഭ ഭൂമി വിറ്റതിലും ക്രമക്കേട് നടന്നുവെന്നായിരുന്നു ആരോപണം. എന്നാല്‍, എറണാകുളം സി ബ്രാഞ്ച് എ.സി.പിയുടെ അന്വേഷണത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി കണ്ടെത്തിയില്ല. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാനോന്‍ നിയമപ്രകാരമുള്ള കൂടിയാലോചനകള്‍ നടന്നിരുന്നു. സഭ ഭൂമി വിറ്റതിന്റെ പണം കൃത്യമായി എറണാകുളംഅങ്കമാലി അതിരൂപതയുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയിരുന്നു. വസ്തുതകള്‍ മനസിലാക്കാതെയാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
കേസ് എഴുതിത്തള്ളിയ റിപ്പോര്‍ട്ട് എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരുന്നുവെന്നും, കോടതി റിപ്പോര്‍ട്ട് അംഗീകരിച്ചതായും സര്‍ക്കാര്‍ തയാറാക്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഭൂമിയിടപാട് കേസില്‍ ഇഡി കേസെടുത്തതും പിഴചുമത്തിയതും എന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ഫാദര്‍ പോള്‍ തേലക്കാട്ട് പ്രതികരിച്ചു.
Story Highlights: clean chit to kardinal mar george alencherry in land deal case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here