വിദേശകാര്യ വകുപ്പ് മന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുന്നു: കെ.സുരേന്ദ്രന്‍

ഫെഡറല്‍ വ്യവസ്ഥയോടുള്ള മുഖ്യമന്ത്രിയുടെ നിഷേധാത്മക നിലപാടാണ് കേന്ദ്ര വിദേശകാര്യ വകുപ്പ്മന്ത്രി എസ്.ജയശങ്കറിനെതിരായ പരാമര്‍ശത്തിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വിദേശകാര്യമന്ത്രിയുടെ സാന്നിധ്യം പോലും മുഖ്യമന്ത്രിയെ അസ്വസ്ഥമാക്കുകയാണ്. കേന്ദ്രമന്ത്രി സംസ്ഥാന സര്‍ക്കാരിന്റെ അധികാരമല്ല മറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ വകുപ്പിന്റെ അധികാരപരിധിയാണ് കൈയേറുന്നത്. വിദേശ രാജ്യത്തിന്റെ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് അധികാരമാണുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പ്രോട്ടോകോള്‍ ലംഘനം നടത്തിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മന്ത്രിമാരുമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ കഴക്കൂട്ടം ബൈപ്പാസ് നിര്‍മ്മാണം കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി എസ്.ജയശങ്കര്‍ സന്ദര്‍ശിക്കുന്നതില്‍ മുഖ്യമന്ത്രി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ഭയം കൊണ്ടാണ്. പല കേന്ദ്ര പദ്ധതികളും വഴിമാറ്റി ചെലവഴിക്കുന്നത് കേന്ദ്രമന്ത്രി കണ്ടുപിടിക്കുമെന്ന് മനസിലായതു കൊണ്ടാണ് പിണറായി വിജയന്‍ ഈ അസഹിഷ്ണുത പ്രകടിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാനുള്ള അവകാശം കേന്ദ്രമന്ത്രിമാര്‍ക്കുണ്ട്. ജനങ്ങളിലേക്ക് ഇറങ്ങി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവരാണ് മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ എന്ന് പിണറായി മനസിലാക്കണം. ആയിരക്കണക്കിന് പൊലീസിന്റെ നടുവില്‍ ജനങ്ങളെ ബന്ധികളാക്കി ഏകാധിപതിയായി നാട് ഭരിക്കുന്ന പിണറായി വിജയന് ജയശങ്കറിനെ പോലത്തെ മന്ത്രിമാര്‍ അത്ഭുതമായിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights: presence of External Affairs Minister disturbs Chief Minister: K. Surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here