രണ്ടാം ഏകദിനം ഇന്ന്: പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; തിരിച്ചുവരാൻ ഇംഗ്ലണ്ട്

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന്. ലോർഡ്സിൽ ഇന്ത്യൻ സമയം വൈകിട്ട് 5.30ന് മത്സരം ആരംഭിക്കും. പരുക്കിൽ നിന്ന് മുക്തനാകാത്ത മുൻ ക്യാപ്റ്റൻ വിരാട് കോലി ഇന്നും കളിക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ ശ്രേയസ് അയ്യർ തന്നെ മൂന്നാം നമ്പറിൽ കളിച്ചേക്കും. (2nd odi england india today)
ആദ്യ മത്സരത്തിലെ തകർപ്പൻ വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുക. ഇന്നത്തെ മത്സരത്തിൽ കൂടി വിജയിക്കാനായാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. എന്നാൽ, മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ തിരികെയെത്തുകയാണ് ബട്‌ലറിൻ്റെയും സംഘത്തിൻ്റെയും ലക്ഷ്യം. പരമ്പരാഗതമായി പേസർമാരെ തുണയ്ക്കുന്ന പിച്ചാണ് ലോർഡ്സിലേത്. അതുകൊണ്ട് തന്നെ ടോസ് നേടുന്ന ടീം ആദ്യം ബൗൾ ചെയ്യാനാണ് സാധ്യത.
ഇരു ടീമുകളിലും മാറ്റങ്ങളുണ്ടായേക്കില്ല. കഴിഞ്ഞ മത്സരത്തിൽ ബൗളർമാരും ബാറ്റർമാരും ഒരുപോലെ നിരാശപ്പെടുത്തിയെങ്കിലും ഇംഗ്ലണ്ട് ടീം മാറ്റിയേക്കില്ല.
Read Also: ഐസിസി റാങ്കിംഗ്: ബുംറയ്ക്കും സൂര്യകുമാറിനും നേട്ടം
അതേസമയം, ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ ഇന്ത്യൻ താരങ്ങൾ നേട്ടമുണ്ടാക്കി. പേസർ ജസ്പ്രീത് ബുംറ ഏകദിന റാങ്കിംഗിലും ബാറ്റർ സൂര്യകുമാർ യാദവ് ടി-20 റാങ്കിംഗിലും നേട്ടമുണ്ടാക്കി. ഏകദിന ബൗളർമാരുടെ റാങ്കിംഗിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 19 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് ബുംറയ്ക്ക് നേട്ടമായത്. മൂന്ന് സ്ഥാനങ്ങൾ മറികടന്നാണ് ബുംറ ഒന്നാമത് എത്തിയത്. 718 ആണ് ബുംറയുടെ റേറ്റിംഗ്. ന്യൂസീലൻഡിൻ്റെ ട്രെൻ്റ് ബോൾട്ട് രണ്ടാമതും (റേറ്റിംഗ് 712) പാക് പേസർ ഷഹീൻ അഫ്രീദി മൂന്നാമതും റേറ്റിംഗ് 681) നിൽക്കുന്നു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20യിൽ തകർപ്പൻ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ് ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ആദ്യ പത്തിലെത്തി. 44 സ്ഥാനങ്ങൾ കുതിച്ചുകയറിയ സൂര്യ നിലവിൽ അഞ്ചാം സ്ഥാനത്താണ്. ടി-20 റാങ്കിംഗിൽ ഏറ്റവും ഉയർന്ന റാങ്കിലുള്ള ഇന്ത്യൻ താരമാണ് സൂര്യ. 732 ആണ് സൂര്യയുടെ റേറ്റിംഗ്. 12ആം സ്ഥാനത്തുള്ള ഇഷാൻ കിഷനാണ് പട്ടികയിൽ അടുത്ത സ്ഥാനത്തുള്ള ഇന്ത്യൻ ബാറ്റർ.
ഏകദിന റാങ്കിംഗിൽ ഇന്ത്യ പാകിസ്താനെ മറികടന്നിരുന്നു. പാകിസ്താനെ മറികടന്ന് ഇന്ത്യ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യക്ക് 108 റേറ്റിംഗും പാകിസ്താന് 106 റേറ്റിംഗുമാണ് ഉള്ളത്. ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ പരാജയപ്പെട്ടെങ്കിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 122 റേറ്റിംഗാണ് ഇംഗ്ലണ്ടിനുള്ളത്. 126 റേറ്റിംഗുള്ള ന്യൂസീലൻഡാണ് ഒന്നാം റാങ്കിൽ.
Story Highlights: 2nd odi england india today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here