Advertisement

അണ്ഡാശയമുഴയെ നിസാരമായി തള്ളിക്കളയരുത്; എങ്ങനെ കണ്ടെത്താം?

July 15, 2022
Google News 2 minutes Read
How to detect ovarian cysts

അണ്ഡാശയത്തിലുണ്ടാകുന്ന മുഴകളെ രണ്ടായി തിരിക്കാം. അർബുദബാധിതവും അല്ലാത്തതും. ചെറിയകുട്ടികൾ മുതൽ പ്രായം ചെന്ന സ്ത്രീകളിലുൾപ്പെടെ അണ്ഡാശയമുഴകൾ കണ്ടു വരുന്നുണ്ടെന്ന് കിംസ്‌ഹെൽത്തിലെ ഒബസ്‌റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ. ഗീത വ്യക്തമാക്കുന്നു. ( How to detect ovarian cysts )

  1. രോഗലക്ഷണങ്ങൾ

പലപ്പോഴും രോഗലക്ഷണങ്ങൾ കാണിക്കാത്ത അസുഖമാണ് അണ്ഡാശയമുഴകൾ. അതിനാൽ തന്നെ അർബുദങ്ങളിൽ ഏറ്റവും അപകടകാരിയാണിത്. രോഗലക്ഷണം കാണിക്കുമ്പോഴേക്കും അത് ആപത്കരമായ അവസ്ഥയിലേക്ക് വ്യാപിച്ചിരിക്കും. എന്നാൽ തന്നെയും കുറഞ്ഞ ഇടവേളകളിൽ വരുന്ന ആർത്തവം, കൂടുതലായുള്ള രക്തം പോക്ക്, വയറുവേദന, ഛർദ്ദി, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയെല്ലാം അണ്ഡാശയമുഴകളുടെ രോഗലക്ഷണങ്ങളായി കരുതാവുന്നതാണ്.

  1. സ്‌കാനിംഗ് പരിശോധന

സാധാരണ അൾട്രാസൗണ്ട് സ്‌കാനിംഗ് മുതൽ സിടി സ്‌കാൻ വരെ ഇതിന്റെ പരിശോധനകളുടെ ഭാഗമാണ്.

  1. ട്യൂമർ മാർക്കർ ടെസ്റ്റ്
    ഇത് ഒരു രക്തപരിശോധനയാണ്. ചിലതരം മുഴകൾ പ്രത്യേകതരം ഹോർമോണുകൾ ഉത്പാദിപ്പിക്കുകയും അത് രോഗിയുടെ രക്തത്തിൽ അമിതതോതിൽ കാണുകയും ചെയ്യുന്നു. ഈ പരിശോധനകൾ അണ്ഡാശയ അർബുദ ചികിത്സയിൽ വളരെ ഉപകാരപ്രദമാണ്.

Read Also: വയറ് വേദനയുമായി ആശുപത്രിയിൽ പോയി; തനിക്ക് ഗർഭപാത്രമുണ്ടെന്നും 20 വർഷമായി ആർത്തവുമുണ്ടെന്നും യുവാവ് കണ്ടെത്തുന്നത് അപ്പോൾ

അർബുദമുഴകളെ എങ്ങിനെ തിരിച്ചറിയാം?

  1. രോഗിയുടെ പ്രായം

വളരെ ചെറിയ കുട്ടികളിൽ ആർത്തവ ആരംഭത്തിനു മുമ്പായി കാണുന്ന മുഴകൾ അർബുദ സാധ്യത കൂട്ടുന്നുണ്ട്. അതുപോലെ തന്നെ ആർത്തവിരാമത്തിനു ശേഷം കാണപ്പെടുന്ന മുഴകളും സൂക്ഷിക്കേണ്ടവ തന്നെയാണ്. എന്നാൽ ആർത്തവമുള്ള സ്ത്രീകൾക്ക് ഹോർമോൺ വ്യതിയാനവും അണ്ഡോത്പാദനവും മൂലം ചെറിയ മുഴകൾ അണ്ഡാശയത്തിൽ കാണാറുണ്ട്. ഇവയ്ക്ക് അർബുദവുമായി യാതൊരു
ബന്ധവുമില്ല.

  1. സ്‌കാനിംഗിലെ വ്യത്യാസങ്ങൾ

സ്‌കാനിങ്ങിൽ കട്ടിയായ മുഴകൾ, കട്ടിയുള്ള ആവരണത്തോടു കൂടിയ മുഴകൾ, ആവരണത്തെ പൊട്ടിച്ച് വളരുന്ന മുഴകൾ, രണ്ട് അണ്ഡാ
ശയത്തിലും ഒരേ സമയം വളരുന്ന മുഴകൾ, മറ്റുള്ള അവയവങ്ങളിലേക്ക് വ്യാപിക്കുന്നമുഴകൾ, വയറിനകത്ത് നീർക്കെട്ടുണ്ടാക്കുന്ന മുഴകൾ, 10 സെ.മിയിൽ കൂടുതലുള്ള മുഴകൾ എന്നിവ അർബുദമാകാൻ സാധ്യതയുള്ളതാണ്.

  1. രക്തത്തിലെ ഹോർമോണുകളുടെ സാന്നിദ്ധ്യം-(ട്യൂമർ മാർക്കേഴ്‌സ്)

രക്തത്തിലെ ഹോർമോണുകളുടെ സാന്നിദ്ധ്യം -(ട്യൂമർ മാർക്കേഴ്‌സ്) ഒരു പ്രത്യേക അളവിൽ കൂടുതലായാൽ അത് അർബുദസാധ്യത വർധിപ്പിക്കുന്നു.

  1. ജനിതകമായി കാണപ്പെടുന്നവ

ചില കുടുംബങ്ങളിൽ രക്തബന്ധമുള്ള പലർക്കും അർബുദ രോഗബാധ കാണാറുണ്ട്. ഇങ്ങനെയുള്ള അർബുദത്തിൽ ഉൾപ്പെട്ടതാണ് അ
ണ്ഡാശയ അർബുദം. അതിനാൽ രോഗപാരമ്പര്യമുള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അമിതമായ വന്ധ്യതാചികിത്സയുടെ പാർശ്വഫലമായും അണ്ഡാശയ അർബുദം കാണാറുണ്ട്.

ചികിത്സകൾ

  1. ആർത്തവകാലത്ത് കാണുന്ന ചെറിയ മുഴകൾ പ്രത്യേകിച്ച് ചികിത്സയുടെ ആവശ്യമില്ലാത്തതാണ്. എന്നാൽ പത്ത് സെമി മുകളിൽ വ്യാസമുള്ള മുഴകൾ നീക്കം ചെയ്യണം.
  2. സ്‌കാനിംഗിൽ അർബുദത്തിന്റെ സാധ്യത കൂടുതലായി കാണുന്ന മുഴകൾ നീക്കം ചെയ്യേണ്ടതാണ്
  3. വളരെ ചെറിയ കുട്ടികളിൽ കാണുന്ന മുഴകൾ, ആർത്തവവിരാമത്തിനു ശേഷം കാണുന്ന മുഴകൾ എന്നിവയും നീക്കം ചെയ്യണം.
  4. ട്യൂമർ മാർക്കേഴ്‌സ് കൂടുതലായി കാണുന്ന മുഴകളും നീക്കം ചെയ്യേണ്ടതാണ്.
  5. കുടുംബത്തിലെ മറ്റാർക്കെങ്കിലും അണ്ഡാശയ അർബുദമോ, സ്തനാർബുദമോ, ഗർഭാശയ അർബുദമോ ഉണ്ടെങ്കിൽ ഇങ്ങനെയുള്ള മുഴകൾ നീക്കം ചെയ്യുന്നതും നല്ലതാണ്.
  6. ആർത്തവത്തോടനുബന്ധിച്ചുള്ള മുഴകൾ അർബുദമല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മരുന്നുകൾ കൊണ്ട് ചികിത്സിക്കാവുന്നതാണ്.
  7. ചില പ്രത്യേക തരത്തിലുള്ള അണ്ഡാശയമുഴകൾ സ്ത്രീ, അല്ലെങ്കിൽ പുരുഷ ഹോർമോൺ അമിതമായി ഉത്പാദിപ്പിക്കുകയും അതു മൂലം ശരീരത്തിൽ പലതരത്തിലുള്ള വ്യതിയാനങ്ങൾ സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. അങ്ങിനെയുള്ള മുഴകൾ അർബുദമല്ലെങ്കിലും നീക്കം ചെയ്യേണ്ടതാണ്.

Story Highlights: How to detect ovarian cysts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here