Advertisement

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപുള്ള പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് കമന്റ് വൈറലാകുന്നു

July 15, 2022
Google News 3 minutes Read
Pratap Pothen's facebook comment before dying

ഇന്നലെ വെളുപ്പിന് 4.27ന് പ്രതാപ് പോത്തൻ തന്റെ ഇഷ്ടവിഭവങ്ങളെക്കുറിച്ച് ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. അതിനുവന്ന ഒരു കമന്റിന് ഉരുളയ്ക്കുപ്പേരി പോലെ അദ്ദേഹം നൽകുന്ന മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. എ​ഗ് സ്റ്റ്യൂ, പയറ്, കശുവണ്ടിക്കറി, പുട്ട്, ചമ്മന്തി എന്നീ വിഭവങ്ങളുടെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. എ​ഗ് സ്റ്റ്യൂവും കശുവണ്ടിക്കറിയും. ഇതാണോ കൊളസ്ട്രോൾ ഡയറ്റ് എന്നായിരുന്നു ഒരാളുടെ കമന്റ്. Who gives a shit when you are 70 years old – എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഈ ഭക്ഷണക്രമത്തെപ്പറ്റി പറഞ്ഞാണ് പല ഡോക്ടർമാരും നമ്മെ ഭീഷണിപ്പെടുത്തുന്നതെന്നായിരുന്നു കമന്റിട്ടയാളുടെ പ്രതികരണം. ( Pratap Pothen’s facebook comment before dying )

നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നു പ്രതാപ് പോത്തൻ. 1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

Read Also: വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവും; പ്രതാപ് പോത്തനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി മോഹൻലാൽ

മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സംവിധാനം ചെയ്ത വരുമയിൻ നിറം ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ് ഇവയിൽ അവിസ്മരണീയമായത്.

1985ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു. എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്. 22 വർഷത്തിന് ശേഷം ഈ വിവാഹവും 2012-ൽ അവസാനിച്ചു.

ഒരിടവേളയ്ക്ക് ശേഷം 2005 ലാണ് പ്രതാപ് പോത്തൻ മലയാള സിനിമയിൽ സജീവമാകുന്നത്. തന്മാത്രയിലൂടെയായിരുന്നു ആ തിരിച്ചുവരവ്. പിന്നീട് 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ, ആറ് സുന്ദരിമാരുടെ കഥ, ഇടുക്കി ഗോൾഡ് , ബാംഗ്ലൂർ ഡെയ്‌സ് എന്നീ ചിത്രങ്ങളിലൂടെ നമുക്ക് മറക്കാനാകാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു. മോഹൻലാലിന്റെ ബറോസാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Story Highlights: Pratap Pothen’s facebook comment before dying

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here