ഒഡീഷയിൽ മലിനജലം കുടിച്ച് 6 മരണം; 71 പേർ ആശുപത്രിയിൽ

ഒഡീഷയിൽ മലിനജലം കുടിച്ച് 6 പേർ മരിച്ചു. 71 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രായഗഡ ജില്ലയിലാണ് സംഭവം. 3 ദിവസത്തിനിടെ കാശിപൂർ ബ്ലോക്കിലെ വിവിധ ഗ്രാമങ്ങളിൽ സമാന രീതിയിൽ ആളുകൾ മരിച്ചതായി റിപ്പോർട്ടുണ്ട്. 11 ഡോക്ടർമാരുടെ സംഘം ഗ്രാമങ്ങൾ സന്ദർശിച്ച് വെള്ളവും രക്തവും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
46 പേർ തിക്രി പബ്ലിക് ഹെൽത്ത് സെന്ററിൽ ചികിത്സയിലാണ്. ഇതുകൂടാതെ കാശിപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ 14 പെൺകുട്ടികളും തത്തിബാർ ഹെൽത്ത് സെന്ററിലെ ആശ്രമ സ്‌കൂളിലെ 11 പെൺകുട്ടികളും ചികിത്സയിലാണ്. ഒരു രോഗിയുടെ നില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ കോരാപുട്ടിലെ എസ്‌എൽഎൻ മെഡിക്കൽ കോളജിലേക്ക് മാറ്റി.
മാലിഗുഡയിലെ ഒരു തുറന്ന കിണറ്റിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഗ്രാമങ്ങളിൽ ബദൽ ജലസ്രോതസ്സുകൾക്കായി ക്രമീകരണം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിഡിഎംഒ അറിയിച്ചു. മാലിഗുഡ ഗ്രാമത്തിലാണ് രോഗികൾ ആദ്യം ചികിസ്ത തേടിയത്. പിന്നീട് ദുഡുകബഹാൽ, തിക്രി, ഗോബാരിഘട്ടി, റൗത്ത് ഘാട്ടി, ജൽഖുര എന്നിവിടങ്ങളിൽ നിന്നും ഗ്രാമവാസികൾ ചികിത്സ തേടിയെത്തി. ഡാങ്‌സിൽ, റെംഗ, ഹാദിഗുഡ, മെകാഞ്ച്, സങ്കർദ, കുച്ചിപദാർ ഗ്രാമങ്ങളിലും നിരവധി ആളുകൾ വയറിളക്കം ബാധിച്ച് വീട്ടിൽ ചികിത്സയിലാണെന്ന് അധികൃതർ കൂട്ടിച്ചേർത്തു.
അതേസമയം പ്രതിപക്ഷമായ കോൺഗ്രസ് സംസ്ഥാന നിയമസഭയിൽ വിഷയം ഉന്നയിച്ചു. സംഭവത്തിൽ പ്രസ്താവന നടത്തണമെന്ന് കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി നേതാവ് നർസിങ് മിശ്ര മുഖ്യമന്ത്രി പട്‌നായിക്കിനോട് ആവശ്യപ്പെട്ടു. ഭക്ഷ്യധാന്യങ്ങളുടെ ദൗർലഭ്യം കാരണം കാട്ടുപഴങ്ങൾ കഴിച്ചാലും ആളുകൾ രോഗബാധിതരാകുമെന്ന് മിശ്ര പറഞ്ഞു. റേഷൻ കാർഡ് നഷ്ടപ്പെട്ടതിനാൽ നിരവധി കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം ലഭിച്ചില്ലെന്ന് കോൺഗ്രസ് വിപ്പ് താരാപ്രസാദ് ബഹിനിപതി അവകാശപ്പെട്ടു.
Story Highlights: 6 Dead 71 Hospitalised After Diarrhoea Outbreak In Odisha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here