Advertisement

മതപരമായ ചടങ്ങുകൾ ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം

July 16, 2022
1 minute Read
Pratap Pothen's cremation without religious rites

സംവിധായകനും നടനുമായ പ്രതാപ് പോത്തന്റെ സംസ്കാരം ചെന്നൈ ന്യൂ ആവഡി റോഡിലെ വേലങ്കാട് ശ്മശാനത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കി നടത്തി. കമലഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, റഹ്മാൻ തുടങ്ങി നിരവധി പ്രമുഖർ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തി. കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും വേണ്ടി ചെന്നൈയിലെ നോർക്കാ പ്രതിനിധി റീത്ത് സമർപ്പിച്ചു. നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നയാളാണ് പ്രതാപ് പോത്തൻ.

സംവിധായകൻ ഭരതനുമായുള്ള അടുപ്പം മൂലമാണ് പ്രതാപ് പോത്തൻ സിനിമയിലേക്കെത്തുന്നത്. 1978ൽ ഭരതൻ സംവിധാനം ചെയ്ത ‘ആരവം’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ പ്രതാപ് പോത്തൻ പ്രേക്ഷക മനസ് കവർന്നത് തകര എന്ന ക്ലാസ് ചിത്രത്തിലൂടെയാണ്. എൺപതുകളിലെ മലയാളം, തമിഴ് സിനിമകളിൽ തരംഗമായി അദ്ദേഹം മാറിയത് പിൽക്കാലത്തെ ചരിത്രം. തകരയ്ക്ക് ശേഷം അദ്ദേഹത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ചാമരം, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, അഴിയാത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, നവംബറിന്റെ നഷ്ടം, സിന്ദൂര സന്ധ്യയ്ക്കു മൗനം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങി സിനിമാ പ്രേമികൾ നെഞ്ചോട് ചേർ‌ക്കുന്ന ഒരുപിടി സിനിമകളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Read Also: മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപുള്ള പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് കമന്റ് വൈറലാകുന്നു

പത്മരാജൻ തിരക്കഥയെഴുതി 1979ൽ പുറത്തിറങ്ങിയ തകര എന്ന ചിത്രമാണ് പ്രതാപ് പോത്തന്റെ കരിയർ മാറ്റിമറിച്ചത്. വി.വി. ബാബു നിർമ്മിച്ച ചിത്രത്തിന് സംഗീതസംവിധാനം നിർവ്വഹിച്ചത് എം.ജി. രാധാകൃഷ്ണനായിരുന്നു. പശ്ചാത്തലസംഗീതം നൽകിയത് ജോൺസണും. അങ്ങനെ എല്ലാംകൊണ്ടും മലയാളി പ്രേക്ഷകരുടെ ഇഷ്ട സിനിമകളിലൊന്നായി തകര മാറി. പ്രതാപ് പോത്തന് പുറമേ സുരേഖ, നെടുമുടി വേണു തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിൽ ശ്രീലത, ശാന്താദേവി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. 1978 ജനുവരിയില്‍ പത്മരാജന്‍ എഴുതി ചതുരംഗം എന്ന വാരികയിൽ പ്രസിദ്ധീകരിച്ച ഒരു നോവലെറ്റായിരുന്നു തകര.

1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.

Story Highlights: Pratap Pothen’s cremation without religious rites

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top