‘ആകാശമായവളേ,.. കണ്ണു നനയിച്ചു’; മിലന് സിനിമയിൽ പാടാൻ അവസരമൊരുക്കി സംവിധായകൻ പ്രജീഷ് സെൻ

സമൂഹ മാധ്യമങ്ങളിൽ വൈറലായ ആകാശമായവളേ..പാടിയ തൃശൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിലനെ അഭിനന്ദിച്ച് സംവിധായകൻ പ്രജീഷ് സെൻ. പ്രജേഷിന്റെ ചിത്രത്തിലെ ‘ആകാശമായവളെ’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച മിലൻറെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രജീഷിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായി 2021ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വെള്ളം’.(aakashamayavale viral video star milan to sing in malayalam cinema)
Read Also: ദിവസവും 95 രൂപ നീക്കിവയ്ക്കാമോ ? 14 ലക്ഷം തിരികെ നേടാം
മിലൻറെ ശബ്ദം കണ്ണ് നനയിച്ചെന്നും അടുത്ത ചിത്രത്തിൽ മിലന് പാടാൻ അവസരം നൽകും എന്നും അറിയിക്കുകയാണ് സംവിധായകൻ. ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്, ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നത് സന്തോഷമാണ്. എന്നാൽ മിലൻറെ ശബ്ദം കണ്ണ് നനയിച്ചു. വീഡിയോ പകർത്തിയ മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ച് സന്തോഷം അറിയിച്ചു. അടുത്ത സിനിമയിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചപ്പോൾ മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു എന്നും പ്രജേഷ് പറയുന്നു.
പ്രജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ക്ലാസ് മുറിയിൽ മനോഹരമായി പാട്ട് പാടുന്ന കുട്ടി കൂട്ടുകാരുടെ വീഡിയോ പലതും കാണാറുണ്ട്.അത്തരത്തിൽ കണ്ണൂരിൽ നിന്നുള്ള ഒരു വിഡിയോ ശ്രദ്ധയിൽ പെടുത്തിയത് സുഹൃത്തും മാധ്യമ പ്രവർത്തകയുമായ വിനിതയാണ്. അങ്ങനെയാണ് അന്ധതയെ അതിജീവിച്ച അനന്യക്കുട്ടിയെക്കൊണ്ട് വെള്ളത്തിലെ പുലരിയിലച്ഛൻ്റെ…എന്ന പാട്ട് പാടിക്കുന്നത്. എല്ലാവരും നെഞ്ചേറ്റിയ ഒരു പാട്ടായിരുന്നു അത്.കഴിഞ്ഞ ദിവസം അതുപോലെ ക്ലാസ് മുറിയിൽ പാട്ട് പാടുന്ന മിലൻ എന്ന കുട്ടിയുടെ വിഡിയോ അധ്യാപകൻ പ്രവീൺ ഷെയർ ചെയ്തത് ശ്രദ്ധയിൽ പെട്ടു .
ആകാശമായവളേ പാടി പലരും അയച്ചു തരാറുണ്ട്. ഷഹബാസിന്റെ ശബ്ദത്തിന് പകരം വയ്ക്കാനാവില്ലെങ്കിലും എല്ലാവരും ആ പാട്ട് മൂളി നടക്കുന്നതിൽ പരം സന്തോഷമെന്താണ്.നിധീഷിന്റെ വരികളിൽ ബിജിബാൽ ഈണമിട്ട് ആദ്യം പാടി തന്ന ആ നിമിഷത്തിൽ തന്നെ എനിക്കേറ്റവും പ്രിയപ്പെട്ടതായി ആകാശമായവളേ… മാറിയിരുന്നു.
സത്യത്തിൽ കുഞ്ഞു മിലന്റെ പാട്ട് വല്ലാതയങ്ങ് കണ്ണു നനയിച്ചു.മിലന്റെ അധ്യാപകനെയും മിലനെയും വിളിച്ചു. സന്തോഷം അറിയിച്ചു.അടുത്ത സിനിമകളിൽ മിലന് പാട്ട് പാടാൻ അവസരം നൽകുമെന്ന് അറിയിച്ചു, മിലന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.ഇനിയും പാടട്ടെ ആഹ്ളാദിച്ച് പഠിച്ച് വളരട്ടെ നമ്മുടെ കുട്ടികൾ…എല്ലാം നന്നായി വരുമെന്ന് പ്രതീക്ഷിക്കുന്നു.മിലന് ആശംസകൾ.
Story Highlights: aakashamayavale viral video star milan to sing in malayalam cinema
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here