ടൂറിസം മേഖലയിലെ വിദേശ നിക്ഷേപത്തിൽ ദുബായ് ഒന്നാമത്

ദുബായ് നഗരം ടൂറിസം മേഖലയിലെ വിദേശ നിക്ഷേപത്തിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇക്കാര്യത്തിൽ അഞ്ചുവർഷമായി ദുബായ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 2021ൽ 30 എഫ്ഡിഐ പദ്ധതികൾ വഴിയാണ് ദുബായിലേക്ക് 1.7 ശതകോടി ഡോളറിന്റെ വിദേശ നിക്ഷേപമെത്തിയത്. ഫിനാൻഷ്യൽ ടൈംസിന്റെ എഫ്ഡിഐ മാർക്കറ്റ് ഡേറ്റയനുസരിച്ചാണ് ദുബായ് വീണ്ടും ടൂറിസം നിക്ഷേപത്തിന്റെ കാര്യത്തിൽ ഒന്നാമതെത്തിയത്. അഞ്ചുവർഷത്തെ കണക്കനുസരിച്ച് ലണ്ടൻ, പാരിസ്, ഷാങ്ഗായ് നഗരങ്ങൾക്ക് മുന്നിലാണ് ദുബായുടെ സ്ഥാനം. ( Dubai ranked world’s top FDI destination for tourism )
എഫ്ഡിഐ മൂലധനം, പദ്ധതികൾ, ടൂറിസം മേഖലയിലെ തൊഴിലവസരങ്ങൾ എന്നിവയിലാണ് എമിറേറ്റ് ഒന്നാം സ്ഥാനം നിലനിർത്തിയത്. ഈ സുപ്രധാന നേട്ടത്തിന്റെ മുഴുവൻ ക്രെഡിറ്റും ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദിന് സമ്മാനിക്കുന്നതായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ അറിയിച്ചു. ദുബായുടെ ബിസിനസ് സൗഹൃദ നയങ്ങൾ, നിക്ഷേപ സൗഹൃദ നിയമം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് മുതൽ മുടക്കിയവരെ ആകർഷിച്ചതെന്ന് ശൈഖ് ഹംദാൻ വ്യക്തമാക്കി.
Read Also: 31 വർഷത്തെ മാതൃക ഡ്രൈവിംഗ്; ‘ഐഡിയൽ ഡ്രൈവർക്ക്’ ദുബായ് പൊലീസ് ആദരം
2017 മുതൽ 2021 വരെയുള്ള കണക്കനുസരിച്ച് 22.8 ശതകോടി ഡോളറാണ് ദുബായിലെ ടൂറിസം രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം. 2021ലെ വിദേശ നിക്ഷേപങ്ങളിലൂടെ 5,545 പേർക്ക് നേരിട്ട് തൊഴിൽ നൽകാൻ കഴിഞ്ഞിട്ടുണ്ട്. ദുബായ് എക്‌സ്‌പോ സംഘടിപ്പിച്ചത് കൊവിഡ് വെല്ലുവിളികൾക്കിടയിലായിരുന്നു. ടൂറിസം മേഖലയിലെ വിദേശ നിക്ഷേപത്തിൽ ഒന്നാം സ്ഥാനം നിലനിർത്താൻ ദുബായ് എക്‌സ്‌പോയും സഹായിച്ചിട്ടുണ്ട്.
Story Highlights: Dubai ranked world’s top FDI destination for tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here