കണ്ടാൽ ചെസ്സ്‌ബോർഡ് പോലെ; സ്റ്റൈലായി ചെന്നൈയിലെ നേപ്പിയര്‍ പാലം…

ഫെഡറേഷന്‍ ഇന്റര്‍നാഷണല്‍ ഡെസ് എചെക്സിന്റെ ചെസ് ഒളിമ്പ്യാഡിന്റെ 44-ാം പതിപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോവുകയാണ് ചെന്നൈ. ചെസ് ഒളിമ്പ്യാഡിനോട് അനുബന്ധിച്ച് പലതരത്തിലാണ് നഗരം ഒരുങ്ങുന്നത്. ഇന്ത്യയുടെ ചെസ് തലസ്ഥാനമായ ചെന്നൈയിലെ നേപ്പിയര്‍ പാലത്തെ സ്റ്റൈലായി നവീകരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെസ്സ് ബോര്‍ഡ് പോലെ വരച്ചാണ് പാലം ഒരുക്കിയിരിക്കുന്നത്. ഒരു മികച്ച കലാസൃഷ്ടിയാണിതെന്നാണ് ആളുകൾ അഭിപ്രായപ്പെടുന്നത്.
ഇത് കാണാനും പാലത്തിലൂടെ യാത്ര ചെയ്യാനും നിരവധി പേരാണ് എത്തുന്നത്. തമിഴ്നാട് ഗവണ്‍മെന്റ് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം & വനം അഡീഷണല്‍ ചീഫ് സെക്രട്ടറി സുപ്രിയ സാഹു, കറുപ്പും വെളുപ്പും പൂശിയ ‘ചെസ് ബോര്‍ഡ്’ പാലത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ചു. ”ഇന്ത്യയുടെ ചെസ്സ് തലസ്ഥാനമായ ചെന്നൈ 2022ലെ ചെസ്സ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുകയാണ്. ഐക്കണിക് നേപ്പിയര്‍ പാലം ഒരു ചെസ്സ് ബോര്‍ഡ് പോലെ അലങ്കരിച്ചിരിക്കുന്നു” എന്ന കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. സൂപ്പർ സ്റ്റാർ രജനികാന്തും ചെസ് ഒളിമ്പ്യാഡിന്റെ ഒഫീഷ്യല്‍ ടീസര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. സംഗീതജ്ഞന്‍ എ ആര്‍ റഹ്‌മാനാണ് ടീസറിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
ചെസ് ബോര്‍ഡ് പോലെ ഒരുക്കിയിരിക്കുന്ന പാലത്തിന്റെ വീഡിയോയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പരിപാടി ശ്രദ്ധേയമാക്കാനും വിജയിപ്പിക്കാനും തമിഴ്‌നാട് സര്‍ക്കാര്‍ വിപുലമായ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ടീസറും പാലത്തിലെ ചെസ് ബോര്‍ഡ് പെയിന്റിംഗും ഒക്കെ ലോകത്തിലെ എല്ലായിടത്തു നിന്നും ആളുകളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. 100 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്നത്.
Story Highlights: napier bridge in chennai painted like chess board
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here