‘അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയിരുന്നു; അന്ന് പരാതി ഉയര്‍ന്നില്ല’ ; മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. കരട് പട്ടികയുടെ പകര്‍പ്പും അന്തിമ വോട്ടര്‍ പട്ടികയുടെ പകര്‍പ്പും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്‍കിയിരുന്നതായും അന്ന് പരാതി ഉയര്‍ന്നില്ലെന്നുമാണ് വിശദീകരണം.
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ പരാതികള്‍ ഉയര്‍ന്നിട്ടില്ലെന്നും തിരഞ്ഞെടുപ്പിനുശേഷം നിരീക്ഷകന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നപ്പോഴും പരാതി ഇല്ലായിരുന്നുവെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പില്‍ ആക്ഷേപം ഉണ്ടെങ്കില്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കേണ്ടതായിരുന്നു എന്നും രത്തന്‍ ഖേല്‍ക്കര്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ച ക്രമക്കേടുകള്‍ തൃശൂരിലും നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയിരുന്ന വി എസ് സുനില്‍കുമാറാണ് ആരോപിച്ചത്.
രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ തൃശൂരിനെ സംബന്ധിച്ച് വളരെ പ്രധാനപെട്ടതാണെന്ന് വി എസ് സുനില്‍കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ പുതുതായി ചേര്‍ത്ത വോട്ടര്‍മാരുടെ പേരിലായിരുന്നു ക്രമക്കേട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് ക്രമക്കേട് നടന്നത്. ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ടുകള്‍ വ്യാപകമായി ചേര്‍ത്തു. ഫ്‌ലാറ്റുകളിലെ സെക്യൂരിറ്റിമാരെ വശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പൂങ്കുന്നത്തെ ബൂത്തില്‍ പുതിയ വോട്ടുകള്‍ വര്‍ദ്ധിച്ചത്തില്‍ ദുരൂഹത ഉണ്ടെന്നും സമീപ പഞ്ചായത്തുകളില്‍ നിന്നും ജില്ലകളില്‍ നിന്നുമുള്ള വോട്ടുകള്‍ ആണ് ചേര്‍ത്തത് – അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളുടെ വോട്ടും ചട്ടപ്രകാരമല്ല ചേര്‍ത്തതെന്ന് അദ്ദേഹം ആരോപിച്ചു.സുരേഷ് ഗോപിയോ, അദ്ദേഹത്തിന്റെ ഭാര്യയോ മക്കളോ സഹോദരനോ തൃശൂരില്‍ സ്ഥിര താമസക്കാരല്ല. സ്ഥാനാര്‍ഥിയായിരുന്നിട്ടും സ്ഥിര താമസക്കാരന്‍ അല്ലാത്തതിനാല്‍ കെ മുരളീധരന്‍ തന്റെ വോട്ട് ഇങ്ങോട്ടേക്ക് മാറ്റിയില്ല. അദ്ദേഹം തിരുവനന്തപുരത്ത് പോയാണ് വോട്ട് രേഖപ്പടുത്തിയത്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങള്‍ ഇപ്പോള്‍ എവിടെയാണ് താമസിക്കുന്നത് എല്ലാവര്‍ക്കും അറിയാം – വി എസ് സുനില്‍കുമാര്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേട് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സുനില്‍കുമാര്‍ നല്‍കിയ പരാതി ട്വന്റിഫോറിലൂടെ പുറത്തുവിട്ടു.
Story Highlights : CEC-Kerala refutes Sunil Kumar’s allegations of voter fraud
.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here