കാനം പിണറായി വിജയന്റെ വിനീത വിധേയൻ; ഷാഫി പറമ്പിൽ

മുൻമന്ത്രി എം.എം മണി ആനിരാജയെ ആക്ഷേപിച്ച സംഭവത്തിൽ കാര്യമായ വിമർശനം നടത്താത്ത സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പരിഹസിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്. കാനം ഘടകകക്ഷി നേതാവായിട്ടല്ല, പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നതെന്ന് ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു. ( Shafi Parambil MLA criticized CPI state secretary Kanam Rajendran )
”പിണറായി സിപിഐയിൽ അടിമകളെ ‘ഒണ്ടാക്കുന്നത്’ കൊണ്ടാണ് എം.എം മണി ആനിരാജയെ ആക്ഷേപിച്ചിട്ടും ഒരു വാക്ക് കൊണ്ട് പോലും പ്രതിഷേധിക്കാൻ കേരളത്തിലെ സിപിഐയുടെ സംസ്ഥാന നേതൃത്വം മുതിരാത്തത്. കാനം ഘടകകക്ഷി നേതാവായിട്ടല്ല പിണറായി വിജയന്റെ വിനീത വിധേയനായിട്ടാണ് പെരുമാറുന്നത്. കമ്മ്യൂണിസ്റ്റ് ഐക്യം എന്നാൽ പിണറായി വിജയന്റെ അടിമയാകലല്ല എന്ന് പറയാൻ ഒരു വെളിയം ഭാർഗവനോ സ. ചന്ദ്രപ്പനോ ഇല്ലാതെ പോയതിൽ സിപിഐ അണികൾ ദുഃഖിക്കുന്നുണ്ടാവും”. – ഷാഫി പറമ്പിൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
എം.എം മണിയുടെ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിന് അടിസ്ഥാനമില്ലെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. കെ.കെ രമയ്‌ക്കെതിരായ പരാമർശം നിയമസഭയിലാണ് ഉണ്ടായത്. അത് പരിശോധിക്കേണ്ടത് നിയമസഭാ സ്‌പീക്കറാണ്. സ്‌പീക്കറുടെ തീരുമാനം അന്തിമമായിരുക്കുമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. ആനി രാജയെ എം.എം മണി ആക്ഷേപിച്ച സംഭവത്തിൽ കാനം പ്രതികരിച്ചതുമില്ല.
എം.എം മണിയുടെ വിവാദ പരാമർശത്തിൽ കാനം രാജേന്ദ്രൻ പ്രതികരിക്കാത്തതിൽ പരാതി ഇല്ലെന്ന് ആനി രാജ പറഞ്ഞു. ബിനോയ് വിശ്വം ഈ വിഷയത്തിൽ പ്രതികരിച്ചിട്ടുണ്ട്. താൻ പ്രതികരിച്ചത് വ്യക്തിപരമായ വിമർശനത്തിന് എതിരെ അല്ലെന്നും സ്ത്രീത്വത്തെ ആക്ഷേപിച്ചതിന് ഒരു സംഘടന നേതാവ് എന്ന നിലയിലാണ് സംസാരിച്ചതെന്നും അവർ വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി നടത്തുന്നത് എം.എം മണിക്ക് കുട പിടിക്കുന്ന നടപടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെയാണ് മണി ഇത്തരം പ്രസ്താവന നടത്തുന്നത്. വിധവയാകുന്നത് വിധിയാണ് എന്ന് സിപിഐഎം നേതൃത്യം പറയുന്നുണ്ടോ?. ഇത്തരം പിന്തിരിപ്പൻ ആശയങ്ങൾ പേറി നടക്കുന്നവരാണോ സിപിഐഎം എന്നും അദ്ദേഹം ചോദിച്ചു.
Story Highlights: Shafi Parambil MLA criticized CPI state secretary Kanam Rajendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here