ഇ.പി ജയരാജനെ ട്രോളി ഇൻഡിഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ കമന്റ് മഴ

എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ഇൻഡിഗോ ബഹിഷ്ക്കരിക്കുമെന്ന് അറിയിച്ചതിന് പിന്നാലെ ഇൻഡിഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിൽ മലയാളികളുടെ ട്രോൾ മഴ. ഇപി ജയരാജനെ ട്രോളിക്കൊണ്ടുള്ള കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസിന്റെ ഫെയ്സ്ബുക്ക്പേജ്. നാട്ടിലേക്ക് വരാൻ എടുത്ത് വെച്ച എന്റെ ഇൻഡിഗോ ടിക്കറ്റ് ഞാൻ കീറിക്കളഞ്ഞു, ഇതൊരു തുടക്കം മാത്രം, എല്ലാ പ്രവാസികളും വിമാനം ഉപേക്ഷിച്ചു ഇ.പിയോട് ഐക്യപ്പെടണം എന്നിങ്ങനെയുള്ള കമന്റുകളാണ് ഫെയ്സ് ബുക്ക് പേജിൽ നിറയുന്നത്. ( troll on IndiGo’s official Facebook page against EP Jayarajan )
ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ ഇ.പി ജയരാജന് മൂന്നാഴ്ചത്തേക്കാണ് ഇൻഡിഗോ വിലക്കേർപ്പെടുത്തിയത്. ഇതിന് പിന്നാലെ വിമാനക്കമ്പനിയുടെ നടപടിക്കെതിരെ സിപിഐഎം രംഗത്തെത്തിയിരുന്നു. വസ്തുതകൾ പരിശോധിക്കാതെ ഇ.പി ജയരാജന് വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട മലയാളികളുടെ ട്രോളുകളാണ് ഇൻഡിഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിൽ നിറയുന്നത്.
Read Also: ഇ.പി ജയരാജനെതിരായ ഇൻഡിഗോയുടെ നടപടി പ്രതിഷേധാർഹം; വസ്തുതകൾ പുനഃപരിശോധിക്കണമെന്ന് സിപിഐഎം
ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടെയെന്നും കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ.പി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണ്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയിരുന്നില്ല. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ല. ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.
Story Highlights: troll on IndiGo’s official Facebook page against EP Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here