Advertisement

ഇൻഡിഗോയുടെ പുതിയ പോസ്റ്റ്; ട്രെയിനിൽ പോയ ഇപി ജയരാജനെ ട്രോളുകയാണോയെന്ന് കമന്റുകൾ

July 19, 2022
3 minutes Read
Indigo's new Facebook post, Comments mocking EP Jayarajan

ഇൻഡി​ഗോ ബഹിഷ്ക്കരിക്കുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കിയ പശ്ചാത്തലത്തിൽ ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിൽ വന്ന പുതിയ പോസ്റ്റിന് താഴെ ട്രോൾ കമന്റുകളുമായി മലയാളികൾ. ഇൻഡി​ഗോ എയർലൈൻസിന്റെ വിമാനം ഒരു റെയിൽവേ ലൈനിന്റെ മുകളിലൂടെ പറന്നുപൊങ്ങുന്ന ചിത്രമാണ് അവർ ഫെയ്സ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെയാണ് ഇ.പി ജയരാജനെ ട്രോളിക്കൊണ്ടുള്ള കമന്റുകൾ നിറയുന്നത്. ( Indigo’s new Facebook post, Comments mocking EP Jayarajan )

ഇത് ഇ.പിയെ കളിയാക്കാൻ തന്നെ ഇട്ട പോസ്റ്റ് അല്ലെ, ഇന്നലെ വിമാനത്തിൽ പോകാതെ ട്രയിനിൽ കയറി യാത്ര ചെയ്ത നമ്മുടെ ഈപീ, നൈസായിട്ട് ഒന്നു ട്രോളി അല്ലെ, നമ്മൾ ട്രയിനിൽ ഫ്ലൈ ചെയ്തോളാം എന്നിങ്ങനെയുള്ള കമന്റുകളാണ് ഈ പോസ്റ്റിന് താഴെ നിറയുന്നത്. ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ ഇ.പി ജയരാജന് മൂന്നാഴ്ചത്തേക്കാണ് ഇൻഡിഗോ വിലക്കേർപ്പെടുത്തിയത്.

Read Also: ഇ.പി ജയരാജനെതിരായ ഇൻഡിഗോയുടെ നടപടി പ്രതിഷേധാർഹം; വസ്തുതകൾ പുനഃപരിശോധിക്കണമെന്ന് സിപിഐഎം

ഇതിന് പിന്നാലെ വിമാനക്കമ്പനിയുടെ നടപടിക്കെതിരെ സിപിഐഎം രം​ഗത്തെത്തിയിരുന്നു. വസ്തുതകൾ പരിശോധിക്കാതെ ഇ.പി ജയരാജന് വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട മലയാളികളുടെ ട്രോളുകൾ ഇൻഡി​ഗോ എയർലൈൻസിന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്പേജിലാകെ നിറയുന്നുണ്ട്.

ഇന്‍ഡിഗോയുടെ വിലക്കിനെതിരെ അപ്പീല്‍ പോകില്ലെന്ന് ഇ.പി ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ വേണമെങ്കില്‍ അവരുടെ തീരുമാനം പിന്‍വലിക്കട്ടെയെന്നും കണ്ണൂരിലേക്ക് മറ്റ് വിമാന കമ്പനികളുടെ സർവീസുകൾ തുടങ്ങാൻ തന്നാലാവുന്ന ശ്രമം നടത്തുമെന്നും ഇ.പി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണ്. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയിരുന്നില്ല. ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ല. ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളു. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇപി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന്‍ വ്യക്തമാക്കി.

Read Also: യാത്രാ വിലക്ക് നീക്കണം ഇന്‍ഡിഗോയ്ക്ക് കത്തയച്ച് ഇ.പി ജയരാജന്‍

വിമാനത്തിലെ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ.എസ് ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദങ്ങളാണുണ്ടാക്കിയത്. കെ.എസ് ശബരീനാഥൻ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യലിന്‍റെ പശ്ചാത്തലത്തിലാണ് ശബരീനാഥൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. ഹർജി പരിഗണിക്കും വരെ ശബരീനാഥനെ അറസ്റ്റ് ചെയ്യരുതെന്ന് അന്വേഷണ സംഘത്തിന് കോടതി വാക്കാൽ നിർദേശം നൽകിയിരുന്നു.

വിമാനത്തിലെ പ്രതിഷേധം യൂത്ത് കോൺഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് മുൻ എം.എൽ.എ കെ.എസ്. ശബരിനാഥ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിന് ശേഷം ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സമാധാന പരമായിട്ടാണ് പ്രതിഷേധം നടത്തിയത്. ആ പ്രതിഷേധത്തെ വക്രീകരിച്ച് വധശ്രമമാക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണ് തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.

Story Highlights: Indigo’s new Facebook post, Comments mocking EP Jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top