മഹാവീര്യർ ഓൺലൈൻ ബുക്കിങ്ങ് ആരംഭിച്ചു; ചിത്രം ഈ വ്യാഴാഴ്ച തീയറ്ററുകളിൽ

മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകരാക്കി എബ്രിഡ് ഷൈൻ ഒരുക്കുന്ന മഹാവീര്യർ ഈ വ്യാഴാഴ്ച തീയറ്ററുകളിലേക്ക് എത്തുകയാണ്. കോർട്ട് റൂം ഫാന്റസിയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ്ങ് ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്. തികച്ചും വ്യത്യസ്തമായ രീതിയിൽ നർമ്മവും ഫാന്റസിയും ഒത്തുചേർന്ന് ഒരുക്കിയിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലായെന്ന് ചിത്രത്തിന്റെ ട്രെയ്ലറും മറ്റും ഇതിനകം ഉറപ്പേകിയിട്ടുണ്ട്.
പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ യുവ താരം നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം ‘മഹാവീര്യർ’ ജൂലൈ 21ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു. പ്രശസത സാഹിത്യകാരൻ എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം, നർമ്മ – വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം – മനോജ്, ശബ്ദ മിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം – അനീസ് നാടോടി, വസ്ത്രാലങ്കാരം – ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം – ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം – ബേബി പണിക്കർ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Story Highlights: Mahaveeryar Movie online booking started
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here