റോക്കട്രിയുടെ വിജയം; നമ്പി നാരായണന്റെ വീട്ടിൽ ആഘോഷിച്ച് മാധവനും അണിയറപ്രവർത്തകരും

നമ്പി നാരായണൻ്റെ ജീവിതം ആസ്പദമാക്കിയുള്ള റോക്കട്രി – ദ നമ്പി ഇഫക്ട് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുമ്പോൾ, ചിത്രത്തിന്റെ വിജയാഘോഷം കഴിഞ്ഞ ദിവസം നടന്നു. നമ്പി നാരായണന്റെ തിരുവനന്തപുരത്തെ വീട്ടിൽ വച്ച് കേക്ക് മുറിച്ചാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകരും അദ്ദേഹത്തിന്റെ കുടുംബവും വിജയം ആഘോഷിച്ചത്.
ആദ്യമായാണ് മാധവൻ നമ്പി നാരായണന്റെ വീട്ടിൽ എത്തുന്നത്. മകൻ ശങ്കർ, മകൾ ഗീത, മരുമകനും മംഗൾ യാൻ മിഷൻ ഡയറക്ടറുമായ ഡോ.അരുണൻ, ചെറുമകൾ ശ്രുതി എന്നിവർ ചേർന്ന് മാധവനെ സ്വീകരിച്ചു. എന്നാൽ ഏറ്റവും വലിയ സന്തോഷം എന്താണെന്ന ചോദ്യത്തിന് നമ്പി നാരായണൻ്റെ പത്നി മീനയെ കണ്ടതെന്നാണ് മാധവൻ മറുപടി നൽകിയത്. ഏറ്റവുമധികം യാതനകൾ
അനുഭവിച്ചത് അവരാണ്. സംഭവം നടന്ന് ഇത്രയും വർഷങ്ങൾ കഴിയുമ്പോഴും അവരോട് എന്തു പറയണമെന്നറിയില്ല. അവർ അതിജീവിച്ചു. ഭർത്താവിനൊപ്പം, അദ്ദേഹത്തിൻ്റെ പോരാട്ടത്തിനൊപ്പം നിന്നു.അതൊരു ചെറിയ കാര്യമല്ല. ആ പിന്തുണ അദ്ദേഹത്തിന് നൽകിയ ഊർജം ചെറുതല്ലെന്ന് മാധവൻ പറഞ്ഞു.
സിനിമയിൽ സിമ്രൻ അതി മനോഹാരമായി മീനമ്മയെ അവതരിപ്പിച്ചു.
ഒരിക്കലും കാണാത്ത വീടും പരിസരവും നമ്പി സാറിന്റെ വാക്കുകളിലൂടെയാണ്
അറിഞ്ഞത്. മുംബൈയിലാണ് നമ്പി നാരായണൻ്റെ വീട് ചിത്രീകരിച്ചതെങ്കിലും,
തിരുവനന്തപുരം അടയാളപ്പെടുത്തുന്നതിനും, കാലഘട്ടത്തോട് നീതി പുലർത്തുന്നതിനും പരമാവധി ശ്രമിച്ചുവെന്ന് മാധവൻ പറഞ്ഞു.
ഏറ്റവും സന്തോഷകരമായ നിമിഷം എന്നാണ് നമ്പി നാരായണൻ മാധവൻ്റെ സന്ദർശനത്തെ വിശേഷിപ്പിച്ചത്. എൻ്റെ ഭാര്യയും കുടുംബവും അടുത്തിടെ ഇത്രയധികം സന്തോഷിച്ച ദിവസം ഉണ്ടായിട്ടില്ല .
മാധവൻ അഭിനയിക്കുകയല്ല, ജീവിക്കുകയാണ് ചെയ്തതെന്ന് അവർ പറയുന്നത്.
അവർക്കായിരിക്കും അത് നന്നായി മനസ്സിലാകുന്നതും. ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. ഇപ്പോൾ എല്ലാം അവസാനിച്ചെന്നൊരു തോന്നലാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
Read Also: Rocketry: The Nambi Effect ; അറിയപ്പെടാത്ത സത്യങ്ങൾ തുറന്നുകാട്ടാൻ നമ്പിയായി മാധവൻ
ചിത്രത്തിൻ്റെ നിർമാതാക്കളായ വർഗീസ് മൂലൻ, വിജയ് മൂലൻ, കോ- ഡയറക്ടർ ജി. പ്രജേഷ് സെൻ, എഡിറ്റർ ബിജിത് ബാല തുടങ്ങിയവർ പങ്കെടുത്തു. നമ്പി നാരായണൻ്റെ വ്യക്തി ജീവിതവും കരിയറുമൊക്കെയാണ് സിനിമയിൽ പ്രമേയമായത്. പ്രേക്ഷകർ സ്വീകരിച്ചതിൽ വലിയ സന്തോഷമുണ്ട്. എങ്കിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. അതുകൂടി പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ശ്രമമെന്ന് നിർമാതാവ് വർഗീസ് മൂലൻ പറഞ്ഞു. തിരുവനന്തപുരം ശ്രീ .പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ ദർശനം നടത്തിയ ശേഷമാണ് മാധവൻ മടങ്ങിയത്.
Story Highlights: rocketry movie success celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here