340 മുറികൾ, 17 വർഷം കൊണ്ട് പണിത് തീർത്ത വസതി; റെയ്സിന ഹിൽസിൽ ദ്രൗപതി മുർമുവിനായി കാത്തിരിക്കുന്നത്…

രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി ഭവൻ പുതിയ അധികാരിക്കായി കാത്തിരിക്കുകയാണ്. 64 കാരിയായ ദ്രൗപതി മുർമുവിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് റെയ്സിന ഹിൽസിലെ 17 വർഷം കൊണ്ട് പണികഴിപ്പിക്കപ്പെട്ട ഈ ബ്രഹ്മാണ്ഡ വീട്. ( rashtrapati bhavan 340 rooms details )
രാഷ്ട്രപതിഭവൻ പണിതതിന് പിന്നിൽ..
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയായിരുന്നു. പിന്നീട് 1911 ൽ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റി. നൂറ്റാണ്ടുകളോളം നിലനിൽക്കുന്ന, ഓർമിക്കപ്പെടുന്ന ഒരു കെട്ടിടം പണികഴിപ്പിക്കണമെന്ന് ബ്രിട്ടീഷുകാർ ആഗ്രഹിച്ചു. അങ്ങനെ റെയ്സിന ഹിൽസിൽ കെട്ടിടം പണിയാൻ തീരുമാനമായി. അന്നത്തെ പ്രശസ്തനായ ആർക്കിടെക്ട് എഡ്വിൻ ല്യൂട്ടിൻസിന്റെ മേൽനോട്ടത്തിലായിരുന്നു രാഷ്ട്രപതി ഭവന്റെ നിർമാണം.
നാല് വർഷത്തിനുള്ളിൽ പണി തീർക്കാനായിരുന്നു പദ്ധതി. എന്നാൽ 1912 ൽ തുടങ്ങിയ നിർമാണം അവസാനിച്ചത് 1929 ലാണ്.
രാഷ്ട്രപതി ഭവനെന്ന ബ്രഹ്മാണ്ഡ വസതി
സർക്കാർ കണക്കുകൾ പ്രകാരം 700 മില്യൺ ഇഷ്ടികകൾ കൊണ്ടും 3 മില്യൺ കല്ലുകൾ കൊണ്ടുമാണ് രാഷ്ട്രപതി ഭവൻ പണികഴിപ്പിച്ചിരിക്കുന്നത്. 29,000 തൊഴിലാളികളാണ് പണിയെടുത്തത്. 340 മുറികളുള്ള ഈ കെട്ടിടം പരമ്പരാഗത ഇന്ത്യൻ രീതിയും മുഗൾ-പാശ്ചാത്യ ശൈലിയും കോർത്തിണക്കിയാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
രാഷ്ട്രപതി ഭവനിൽ പ്രസിഡന്റിന്റെ താമസ സ്ഥലത്തിന് പുറമെ റിസപ്ഷൻ ഹോൾ, അതിഥി മുറികൾ ഓഫിസ്, മുഗൾ ഗാർഡൻ, അംഗരക്ഷരുടെ വീട്, മറ്റ് ഓഫിസുകൾ എന്നിവയുണ്ട്. ബാങ്ക്വറ്റ് ഹോളിൽ ഒരേ സമയം 104 പേരെ ഉൾക്കൊള്ളും. 15 ഏക്കറിലാണ് മുഗൾ ഗാർഡനുള്ളത്.
Story Highlights: rashtrapati bhavan 340 rooms details
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here