Advertisement

ബില്ലുകള്‍ക്ക് സമയപരിധി: സുപ്രീംകോടതിയോട് 14 ചോദ്യങ്ങളുമായി രാഷ്ട്രപതി; സവിശേഷ അധികാരം ഉപയോഗിച്ചു

12 hours ago
Google News 1 minute Read
president

ബില്ലുകളിലെ തീരുമാനത്തിന് സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ നീക്കവുമായി രാഷ്ട്രപതി. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ളിലുള്ള സവിശേഷ അധികാരമാണ് രാഷ്ട്രപതി ഉപയോഗിച്ചത്. ഭരണഘടനയില്‍ ഇല്ലാത്ത സമയപരിധി കോടതിക്ക് നിശ്ചയിക്കാനാകുമോ എന്നത് ഉള്‍പ്പെടെ 14 ചോദ്യങ്ങള്‍ രാഷ്ട്രപതി ഉന്നയിച്ചു. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് പതിന്നാല് വിഷയങ്ങളില്‍ വ്യക്തത തേടിയത്.

ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റെഫറന്‍സില്‍ വ്യക്തമാക്കുന്നുണ്ട്.

നിയമസഭ പാസാക്കിയ ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ഈ വിധിക്ക് പിന്നാലെ ഗവര്‍ണറുടെ അംഗീകാരമില്ലാതെ തന്നെ നിയമമാകുകയും ചെയ്തു. ഇതിനു പിന്നാലെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നിയമമന്ത്രിയായ അര്‍ജുന്‍ രാം മേഘ്വാളും രാഷ്ട്രപതിയെ കണ്ടിരുന്നു. തുടര്‍ന്നാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന അധികാരമുപയോഗിച്ച് 14 ചോദ്യങ്ങള്‍ സുപ്രീംകോടതിയോട് ചോദിച്ചത്. വിധിക്കെതിരേ കേന്ദ്ര സര്‍ക്കാരിന് പുനപരിശോധന ഹര്‍ജി നല്‍കാമായിരുന്നു. എന്നാല്‍ ഹര്‍ജി തീരുമാനിക്കുന്നത് ഇതേ ജഡ്ജിമാരുടെ ചേമ്പറില്‍ തന്നെയായിരിക്കും എന്നതുകൊണ്ടാണ് സവിശേഷ അധികാരം ഉപയോഗിച്ചത്.

Story Highlights : President Droupadi Murmu Flags Judicial Overreach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here