Advertisement

രാഷ്ട്രീയ പ്രതിസന്ധി; ഏഷ്യാ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ശ്രീലങ്ക പിന്മാറിയെന്ന് റിപ്പോർട്ട്

July 21, 2022
Google News 2 minutes Read
Sri Lanka withdraws Asia Cup

ഈ വർഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ആതിഥേയത്വത്തിൽ നിന്ന് ശ്രീലങ്ക പിന്മാറിയെന്ന് റിപ്പോർട്ട്. രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വഷളായിരിക്കുന്ന സാഹചര്യത്തിൽ അത്ര വലിയൊരു ടൂർണമെൻ്റ് നടത്തുക ബുദ്ധിമുട്ടാവുമെന്ന് ക്രിക്കറ്റ് ബോർഡ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ അറിയിച്ചു എന്നാണ് റിപ്പോർട്ട്. (Sri Lanka withdraws Asia Cup)

ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ സാഹചര്യത്തിൽ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ടൂർണമെൻ്റ് നടത്താമെന്നാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചതെങ്കിലും രാജ്യത്തെ സാഹചര്യത്തിൽ സുഗമമായി ഏഷ്യാ കപ്പ് നടത്താൻ കഴിയില്ലെന്ന് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ നിലപാടെടുക്കുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഏഷ്യാ കപ്പ് വേദി ശ്രീലങ്കയിൽ നിന്ന് മാറ്റുന്നത്. സ്റ്റാൻഡ്‌ബൈ വേദിയായി ബംഗ്ലാദേശിനെയും പരിഗണിക്കുന്നുണ്ട്.

ഏഷ്യാ കപ്പ് നടത്തുന്നതിൻ്റെ ഭാഗമായി യുഎഇ ക്രിക്കറ്റ് ബോർഡും എസിസിയും തമ്മിൽ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. ഏറെ വൈകാതെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായേക്കും.

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെൻ്റിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഓഗസ്റ്റ് 28നെന്ന് റിപ്പോർട്ടുണ്ട്. ശ്രീലങ്കയിൽ നടക്കുന്ന ഏഷ്യാ കപ്പ് ടി-20 ഫോർമാറ്റിലാണ്. ഓഗസ്റ്റ് 27 മുതൽ സെപ്തംബർ 11 വരെയാണ് ഏഷ്യാ കപ്പ് നടക്കുക.

Read Also: ശ്രീലങ്കൻ പ്രതിസന്ധി; ഏഷ്യാ കപ്പ് വേദിയായി സാധ്യത യുഎഇയ്ക്ക്

6 ടീമുകളാണ് ഏഷ്യാ കപ്പിൽ കളിക്കുക. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്കൊപ്പം ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ ടീമുകൾ യോഗ്യത നേടിക്കഴിഞ്ഞു. ബാക്കിയുള്ള ഒരു ടീം യോഗ്യതാ മത്സരത്തിലൂടെ ടൂർണമെൻ്റിൽ കളിക്കും.

2016ൽ ബംഗ്ലാദേശിലാണ് ഇതിനു മുൻപ് ടി-20 ഫോർമാറ്റിൽ ഏഷ്യാ കപ്പ് നടന്നത്. ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യയുടെ കിരീടധാരണം. 2018ൽ യുഎഇയിൽ നടന്ന 50 ഓവർ ഏഷ്യാ കപ്പിലും ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ കിരീടം ചൂടിയത്. 2020ലെ ഏഷ്യാ കപ്പ് കൊവിഡ് ബാധയെ തുടർന്ന് മാറ്റിവച്ചിരിക്കുകയാണ്.

അതേസമയം, വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു എന്നാണ് റിപ്പോർട്ട്. ഏറെക്കാലമായി മോശം ഫോമിലുള്ള കോലി ഇടവേളയെടുക്കണമെന്ന് പല മുൻ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും അഭിപ്രായപ്പെട്ടിരുന്നെങ്കിലും കോലി അതിനു തയ്യാറായില്ല. എന്നാൽ, ഇപ്പോൾ കോലി ഇടവേളയെടുക്കാൻ തയ്യാറായെന്നാണ് സൂചന. താരം കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിൽ തുടരുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു ശേഷം താരം ലണ്ടനിൽ തന്നെ തുടർന്നേക്കും. ഇന്നാണ് പരമ്പരയിലെ അവസാന മത്സരം.

Story Highlights: Sri Lanka withdraws hosting Asia Cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here