‘പിള്ളേര് മാസാണ്, ദുരാചാരവും കൊണ്ടുവന്നാൽ പിള്ളേര് പറപ്പിക്കും’; വി ശിവന്‍കുട്ടി

സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങൾ പൊളിച്ച സംഭവത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ‘ദുരാചാരവും കൊണ്ടു വന്നാല്‍ പിള്ളേര് പറപ്പിക്കും.’ തിരുവനന്തപുരം സിഇടി വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.(v shivankutty appreciates cet students)
വി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
പിള്ളേര് മാസല്ലേ….
ദുരാചാരവും കൊണ്ടു വന്നാൽ പിള്ളേര് പറപ്പിക്കും..
തിരുവനന്തപുരം CET വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ..
മുൻ എംഎൽഎ കെ എസ് ശബരീനാഥനടക്കമുള്ളവരും പങ്കുവച്ചിട്ടുണ്ട്. സിഇടിയിലെ പൂർവ്വവിദ്യാർത്ഥിയാണ് ശബരീനാഥൻ.
ചിത്രം പങ്കുവച്ച കെ എസ് ശബരീനാഥന്റെ ഫേസ്ബുക്ക് പോസ്റ്റ്
CET (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി!
ഇതിന് മനോഹരമായ ഒരു മറുപടി CET യിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….
ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല,CETക്കാർക്ക് ഒരു മനസ്സാണ് എന്ന് വീണ്ടും തെളിയിച്ചു.
ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് സറ്റോപ്പിലെ ബെഞ്ച് വെട്ടിപ്പൊളിച്ച സംഭവത്തിൽ പ്രതിഷേധവുമായി തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ രംഗത്തെത്തുകയായിരുന്നു. അടുത്തിരിക്കാൻ വിലക്കുമായെത്തിയവർക്ക് മുന്നിൽ ഒരാൾക്ക് മാത്രം ഇരിക്കാവുന്ന കസേരയിൽ ഒരാൾ മറ്റൊരാളുടെ മടിയിലിരുന്നാണ്
വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. ചൊവ്വാഴ്ച വിദ്യാർത്ഥികളെത്തിയപ്പോഴാണ് ബസ് സ്റ്റോപ്പിലെ ഇരിപ്പിടിങ്ങൾ വെട്ടിപ്പൊളിച്ച രീതിയിൽ കണ്ടത്. ആൺ കുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കാതിരിക്കാനാണ് സദാചാരവാദികളുടെ നടപടിയെന്ന് മനസ്സിലാക്കിയ വിദ്യാർത്ഥികളുടെ പ്രതിഷേധം.
Story Highlights: v shivankutty appreciates cet students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here