Advertisement

ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം; കേരളാടൂറിസത്തിന് പുത്തനുണര്‍വാകുമെന്ന് പി.എ മുഹമ്മദ് റിയാസ്

July 22, 2022
Google News 1 minute Read

ചാമ്പ്യൻസ് ബോട്ട് ലീഗിന് സെപ്റ്റംബറിൽ തുടക്കം. സെപ്റ്റംബർ മാസം 04 ന് ആലപ്പുഴയിൽ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയോടെ ബോട്ട് ലീഗിനു തുടക്കമാകും.നവംബർ 26 ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്‍റ്സ് ട്രോഫി മത്സരത്തോടെയാണ് ബോട്ട് ലീഗ് അവസാനിക്കുക. നമ്മെ പിടിച്ചു വെച്ച കൊവിഡിൽ നിന്നും കുതറി ഓടാൻ ഈ ജലോത്സവം നൽകുന്ന സന്ദേശം നമുക്ക് കരുത്തുപകരുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

“തെയ്യാരേ തെയ്യാ തെയ്യാരെ തെയ്യാ തെയ് തെയ് തെയ്‌തെയ്‌തോം തെയ്യാരെ തെയ്യാ തെയ്യാരെ തെയ്യാ തെയ് തെയ്…”
ചാമ്പ്യൻസ് ബോട്ട് ലീഗിന്
സെപ്റ്റംബറിൽ തുടക്കം….
2021,മെയ് 20ന് ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുക്കുന്നത് കോവിഡ് രൂക്ഷമായപ്പോളാണ്.
നമ്മുടെ സഞ്ചാരം പോലും ആ ഘട്ടത്തിൽ കോവിഡ് പ്രോട്ടോകോൾ കാരണം അനുവദിക്കപ്പെടാത്ത സമയമായിരുന്നുവല്ലോ. മനുഷ്യന് അതല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു.
സഞ്ചാരമില്ലാതെ പിന്നെന്ത് ടൂറിസം ???
ഈ പ്രതിസന്ധി തുടക്കത്തിലേ ഞങ്ങൾ മനസ്സിലാക്കിയിരുന്നു.
“പ്രതിസന്ധി പ്രതിസന്ധി”
എന്ന് നിലവിളിക്കുകയായിരുന്നില്ല;
മുറിച്ചു കടക്കുവാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുകയായിരുന്നു ഞങ്ങൾ.
അന്ന് നിശ്ചയിച്ചതാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് ഉൾപ്പടെയുള്ള വള്ളംകളി മത്സരങ്ങൾ വ്യാപകമാക്കണമെന്ന്.കോവിഡ് കുറഞ്ഞയുടനെ മത്സരങ്ങൾ നടത്താൻ പദ്ധതികൾ അന്ന് തന്നെ ആസൂത്രണം ചെയ്തു.മുൻകൂട്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യാനായത് കൊണ്ട് ഈ സീസൺ നമുക്ക് നഷ്ടപ്പെട്ടില്ല.
പ്രതിസന്ധി നിറഞ്ഞ ആ നാളുകളിലെ ആസൂത്രണങ്ങൾ ഇപ്പോൾ വിജയിച്ചു കൊണ്ടേയിരിക്കുന്നു. ടൈം മാഗസിൻ കേരളത്തെ ലോകത്തിലെ ഏറ്റവും മികച്ച 50 ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായി ഇപ്പോൾ തെരെഞ്ഞെടുത്തതും,
കേരളത്തിന്റെ ആഭ്യന്തര സഞ്ചാരം കുതിച്ചു മുന്നേറുന്നതും പ്രതിസന്ധി നാളുകളിലെ ആസൂത്രണത്തിന് കിട്ടിയ “സ്നേഹതലോടൽ” തന്നെയാണ്.

പ്രതിസന്ധി സമയത്ത് ആസൂത്രണം ചെയ്ത ചാമ്പ്യൻസ് ബോട്ട് ലീഗിന്
സെപ്റ്റംബർ മുതൽ തുടക്കമാകുകയാണ്. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് കേരളത്തില്‍ ആദ്യമായി ചാമ്പ്യൻസ് ബോട്ട് ലീഗ് ആരംഭിച്ചത്. കേരളത്തിലെ പ്രധാന വള്ളം കളി മത്സരങ്ങളെ കോർത്തിണക്കി നടത്തിയ ബോട്ട് ലീഗ് ലോകത്തിന്‍റെ തന്നെ ശ്രദ്ധയാകര്‍ഷിച്ചു. എന്നാല്‍ കോവിഡും മറ്റ് തടസ്സങ്ങളും കാരണം നമുക്കത് തുടരാൻ സാധിച്ചില്ല. ഇപ്പോള്‍ രണ്ടാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് കേരള ടൂറിസം സംഘടിപ്പിക്കുന്നത് ഏറെ അഭിമാനത്തോടെയാണ്.

കൊവിഡാനന്തരം ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്ന കേരളാടൂറിസത്തിന് പുത്തനുണര്‍വ്വായിരിക്കും ഇത്തവണത്തെ ചാമ്പ്യൻസ് ബോട്ട് ലീഗ്.
സെപ്റ്റംബർ മാസം 04 ന് ആലപ്പുഴയിൽ പുന്നമടക്കായലിലെ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളംകളിയോടെ ബോട്ട് ലീഗിനു തുടക്കമാകും.നവംബർ 26 ന് കൊല്ലത്ത് അഷ്ടമുടിക്കായലിൽ നടത്തുന്ന പ്രസിഡന്‍റ്സ് ട്രോഫി മത്സരത്തോടെയാണ് ബോട്ട് ലീഗ് അവസാനിക്കുക.
നെഹ്റു ട്രോഫി ആലപ്പുഴ,
താഴത്തങ്ങാടി കോട്ടയം,
പുളിങ്കുന്ന് ആലപ്പുഴ,
പിറവം എറണാകുളം,
മറൈൻ ഡ്രൈവ് എറണാകുളം,
കോട്ടപ്പുറം തൃശൂർ,
കൈനകരി ആലപ്പുഴ,
കരുവാറ്റ ആലപ്പുഴ,
മാന്നാർ പത്തനംതിട്ട,
കായംകുളം ആലപ്പുഴ,
കല്ലട കൊല്ലം,
പ്രസിഡന്റ്‌സ് ട്രോഫി കൊല്ലം
എന്നിങ്ങനെ 12 കേന്ദ്രങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

കേരളത്തിലെ നാലാമത്തെ വലിയ പുഴയും, ചരിത്ര പ്രാധാന്യമേറെയുള്ളതുമായ ചാലിയാർ വാട്ടർ സ്പോർട്സിൽ അവഗണിക്കപ്പെടുന്നു എന്ന വിമർശനം കാലങ്ങളായുള്ളതാണ്.എന്നാൽ ഇത്തവണ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചാലിയാർ പുഴയിൽ ചെറു വള്ളങ്ങളുടെ പ്രത്യേക മത്സരങ്ങളും ബോട്ട് ലീഗിന് അനുബന്ധമായി സംഘടിപ്പിക്കുന്നു എന്നത് എല്ലാവർക്കും ആവേശം നൽകി.അടുത്ത തവണ ചാലിയാറിൽ വിപുലമായി സംഘടിപ്പിക്കുന്നതിന് മുന്നോടിയായി ഇത്തവണ ചെറുതായൊന്നു തുടക്കം കുറിക്കുകയാണ്. കേരളത്തിന്റെ തനതായ ജലോത്സവമായ വള്ളംകളി ഒരു പ്രധാന വിനോദസഞ്ചാര ആകർഷണമാണ്.ഇത്തരം ജലോത്സവങ്ങളിലൂടെ മനുഷ്യന്റെ ഒത്തൊരുമ ഏറെ വളരും.
സന്തോഷം പടരും. നമ്മെ പിടിച്ചു വെച്ച കോവിഡിൽ നിന്നും കുതറി ഓടാൻ ഈ ജലോത്സവം നൽകുന്ന സന്ദേശം നമുക്ക് കരുത്തുപകരും.
ചാമ്പ്യൻസ് ബോട്ട് ലീഗ്‌ കേരള ടൂറിസത്തിന് പുത്തനുണർവേകും.
-പി എ മുഹമ്മദ് റിയാസ് –

Story Highlights: Champions Boat League starts in September

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here