ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ വികസനത്തിന് 2.8 കോടി: മന്ത്രി വീണാ ജോര്‍ജ്

ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിന്റെ (സിഡിസി) സമഗ്ര വികസനത്തിനായി 2.8 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സിഡിസിയുടെ കെട്ടിട നവീകരണം, അവശ്യ ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, ഗവേഷണം, പരിശീലനം, സ്‌പെഷ്യാലിറ്റി ക്ലിനിക്കുകള്‍, അക്കാദമിക് പ്രവര്‍ത്തനങ്ങള്‍, മറ്റ് തുടര്‍ പ്രവര്‍ത്തനങ്ങളായ ഡിസെബിലിറ്റി പ്രീസ്‌കൂള്‍, അഡോളസന്റ് കെയര്‍, വിമന്‍സ് & യൂത്ത് വെല്‍ഫെയര്‍, ന്യൂ സ്‌പെഷ്യാലിറ്റി യൂണിറ്റ് എന്നീ പ്രോജക്ടുകള്‍ക്ക് കീഴില്‍ ക്ലിനിക്കല്‍, ട്രെയിനിംഗ്, റിസര്‍ച്ച്, കമ്മ്യൂണിറ്റി എക്സ്റ്റന്‍ഷന്‍ സേവനങ്ങള്‍ തുടങ്ങിയ പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുകയനുവദിച്ചത്. സിഡിസിയെ മികവിന്റെ പാതയിലെത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സിഡിസിയില്‍ ഈ ഹെല്‍ത്ത് പദ്ധതി ആരംഭിക്കാനായി 9.57 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. ഇതുവഴി കുഞ്ഞുങ്ങള്‍ക്കായി നേരത്തെയുള്ള അപ്പോയ്ന്റ്‌മെന്റ് എടുക്കാനും അങ്ങനെ സി.ഡി.സി ക്ലിനിക്കുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സാധിക്കും. ഇതോടൊപ്പം സി.ഡി.സിയിലെ ക്ലിനിക്കുകളിലേക്കാവശ്യമായ വിവിധ തരം സൈക്കോളജിക്കല്‍ ടെസ്റ്റുകള്‍ വാങ്ങാനും വിവിധ തരം റിസര്‍ച്ച് പ്രോജക്ടുകള്‍ ആരംഭിക്കാനും തുക വകയിരിത്തിയിട്ടുണ്ട്.
ബാല്യകാല വൈകല്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ശ്രദ്ധ പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കും തുകയനുവദിച്ചു. അത്യാധുനിക അള്‍ട്രാസോണോഗ്രാഫി മെഷീനും സിഡിസിയുടെ ജനറ്റിക് & മെറ്റബോളിക് യൂണിറ്റില്‍ ലഭ്യമായ നൂതന ഉപകരണങ്ങളും ഉപയോഗിച്ച് അനോമലി സ്‌കാനിംഗ് ഉള്‍പ്പെടെയുള്ള വിവിധ ഗര്‍ഭകാല പരിശോധനകളിലൂടെ കുട്ടിക്കാലത്തെ വൈകല്യം കുറയ്ക്കുക എന്നതാണ് ശ്രദ്ധാ പ്രോജക്റ്റിലൂടെ ലക്ഷ്യമിടുന്നത്. ഉത്കണ്ഠ, വിഷാദം, ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡേഴ്‌സ്, മറ്റ് മാനസികാരോഗ്യ അവസ്ഥകള്‍ എന്നിവയുള്ള കുട്ടികളെ ചികിത്സിക്കുന്നതിനായുള്ള ദീപ്തം ക്ലിനിക്ക് പ്രവര്‍ത്തനങ്ങള്‍ക്കായും തുകയനുവദിച്ചു.
സിഡിസിയുടെ ജനിതക യൂണിറ്റിന്റെ രണ്ടാംഘട്ട പദ്ധതികള്‍ക്കായും തുകവകയിരുത്തി. അപൂര്‍വ രോഗങ്ങള്‍ നേരത്തെ കണ്ടുപിടിക്കുവാനുള്ള അത്യാധുനിക ചുവടുവെപ്പായ ജനിതക യൂണിറ്റിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളും ഇതിലൂടെ ലക്ഷ്യമിടുന്നു.
കൗമാരക്കാര്‍ക്കിടയിലും ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും ജീവിതശൈലീ രോഗങ്ങള്‍ തിരിച്ചറിയുന്നതിനും തടയുന്നതിനുമുള്ള ഒരു പരിപാടി ആരംഭിക്കുന്നതിന് സി.ഡി.സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പതിനൊന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഹൈപ്പര്‍ടെന്‍ഷനും പൊണ്ണത്തടിയും തിരിച്ചറിയുകയാണ് ഇതിന്റെ പ്രധാന ഉദ്ദേശം. ഈ വര്‍ഷം ജനുവരിയിലാണ് ഈ പരിപാടി ആരംഭിച്ചത്. കേരളത്തിലെ 850 സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്ന 1.75 ലക്ഷം, പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികളെയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജീവിതശൈലി രോഗങ്ങളുടെ കണ്ടെത്തലും, നിയന്ത്രണവും ചെയ്യുന്നത് വഴി ഈ പരിപാടി കേരളത്തിലെ തന്നെ പ്രമുഖ സംരംഭമായി മാറും.
മറ്റ് ആശുപത്രികളില്‍ നിന്നും റഫര്‍ ചെയ്യുന്ന കുട്ടികളുടെ (ജനനം മുതല്‍ 19 വയസ് വരെ) ബുദ്ധിവികാസം, ശാരീരിക മാനസിക വളര്‍ച്ച, ഭാഷാ വികസനം തുടങ്ങിയ വിവിധ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നത്തിനുള്ള യൂണിറ്റുകളുടെ പ്രവര്‍ത്തനം ഈ സാമ്പത്തിക വര്‍ഷത്തില്‍ വിപുലപ്പെടുത്താനും ലക്ഷ്യമിടുന്നതായും മന്ത്രി വ്യക്തമാക്കി.
Story Highlights: 2.8 crore for the development of Child Development Centre: Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here