കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയാൻ കേരള പൊലീസിന്റെ കൂട്ട്; ഉദ്ഘാടനം ജൂലൈ 26ന്

കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ കുറ്റകൃത്യം തടയാനായി കേരള പൊലീസ് രൂപീകരിച്ച കൂട്ട് എന്ന പദ്ധതിയുടെ ഉദ്ഘാടനം ജൂലൈ 26 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് പദ്ധതിയുടെ ഉദ്ഘാടന വിവരങ്ങൾ പങ്കുവെച്ചത്. മൊബൈൽ അടിമത്തത്തിൽനിന്ന് കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള പൊലീസ് പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്.
നേരത്തേ നടപ്പാക്കിയ ‘കിഡ്‌സ് ഗ്ലോവ് ’ പദ്ധതിയുടെ തുടർച്ചയായാണ് ‘കൂട്ട്’ എത്തുന്നത്. മൊബൈലിന്റെ അമിതോപയോഗം, സൈബർ തട്ടിപ്പ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും കൂട്ട് പദ്ധതി ദിശാബോധം നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.
”കുട്ടികൾക്കെതിരെ വർദ്ധിച്ചുവരുന്ന ഓൺലൈൻ കുറ്റകൃത്യങ്ങൾ തടയുന്നതിനായി കേരള പോലീസ്, ‘ബച് പൻ ബച്ചാവോ ആന്തോളൻ’ എന്ന സംഘടനയുമായി സഹകരിച്ച് സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ബോധവൽക്കരണ / നിയമസഹായ പദ്ധതിയാണ് ”കൂട്ട് 2022.” പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2022 ജൂലൈ 26 ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കന്റെറി സ്കൂളിൽ വച്ച് നിർവഹിക്കുന്നു.
ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി, തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ സമഗ്ര ബോധവൽക്കരണം നടത്തുന്നതോടൊപ്പം കുറ്റകൃത്യങ്ങൾക്കിരയായ കുട്ടികൾക്ക് മാനസ്സിക-നിയമസഹായം ഉറപ്പാക്കാനായി കൗൺസിലിംഗ് സെന്ററുകൾ സ്ഥാപിക്കുക എന്നതുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്”. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ കേരള പൊലീസ് വ്യക്തമാക്കി.
Story Highlights: koottu, Kerala Police has prepared a joint plan to prevent online crimes against children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here