Advertisement

മാവേലിക്കരയിലും ഗാവസ്‌കർ സ്റ്റേഡിയമുണ്ട്; ഇത് അത്ഭുതപ്പെടുത്തുന്ന വിവരം

July 25, 2022
Google News 2 minutes Read
Gavaskar Stadium at Mavelikkara; Rojin Pynummood's facebook post

യുഎസിലും ടാൻസാനിയയിലും ഇംഗ്ലണ്ടിലും മാത്രമല്ല, ഗാവസ്കറിന്റെ പേരിൽ മാവേലിക്കരയിലും ഒരു സ്റ്റേഡിയമുണ്ട്!. എഴുത്തുകാരനും പ്രവാസി മലയാളിയുമായ റോജിൻ പൈനുംമൂട് ഫെയ്സ്ബുക്കിൽ പങ്കുവെച്ച ഈ വിവരം എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. 1986 ൽ മാവേലിക്കര നഗരത്തിനു സമീപമുള്ള തഴക്കര പഞ്ചായത്തിലെ കല്ലുമല ആക്കനാട്ടുകരയിലുള്ള ബിഷപ് മൂർ വിദ്യാപീഠ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌റ്റേഡിയം ഉദ്‌ഘാടനം ചെയ്തത് സുനിൽ ഗാവസ്‌കറായിരുന്നു. ( Gavaskar Stadium at Mavelikkara; Rojin Pynummood’s facebook post )

മുംബൈ സെന്റ് സേവിയേഴ്‌സ് സ്‌കൂളിൽ സുനിൽ ഗാവസ്‌കറിന്റെ അധ്യാപകൻ ആയിരുന്ന ചെങ്ങന്നൂർ കോടുകുളഞ്ഞി സ്വദേശി അന്തരിച്ച ജോൺ തോമസാണ് അന്ന് സ്ക്കൂളിന്റെ വൈസ് പ്രിൻസിപ്പൽ. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ഗാവസ്‌കർ മാവേലിക്കരയിൽ എത്തിയത്. ആദ്യമായി കേരളം സന്ദർശിച്ച ഗാവസ്കറിന് അന്ന് 37 വയസായിരുന്നു. അന്ന് മാവേലിക്കര ഇൻഫെന്റ് ജീസസ് സ്കൂളിലെ നാലാം ക്‌ളാസ് വിദ്യാർത്ഥിയായിരുന്നു റോജിൻ പൈനുംമൂട്. ഇംഗ്ലണ്ടിലെ ലെസ്റ്റർ സ്റ്റേഡിയത്തിന്റെ പേര് ഗാവസ്‌കർ ഗ്രൗണ്ട് എന്ന് മാറ്റിയ പശ്ചാത്തലത്തിലാണ് തന്റെ പഴയകാല അനുഭവങ്ങൾ അദ്ദേഹം ഫെയ്സ് ബുക്കിൽ പങ്കിട്ടത്.

Read Also: 71ആം ജന്മദിനത്തിൽ 35 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ സ്പോൺസർ ചെയ്ത് സുനിൽ ഗാവസ്കർ

റോജിൻ പൈനുംമൂടിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇംഗ്ലണ്ടിലെ ലെസ്റ്റർ സ്റ്റേഡിയത്തിന്റെ പേര് മാറിയത് കഴിഞ്ഞ ദിവസം ആയിരുന്നു, ഗാവസ്‌കർ ഗ്രൗണ്ട് എന്നാണ് ഇനിയും ഈ മൈതാനത്തിന്റെ പേര്. യൂറോപ്പിൽ സ്വന്തം പേരിൽ സ്റ്റേഡിയം ഉള്ള ആദ്യ ക്രിക്കറ്റ് താരം എന്ന നേട്ടം അങ്ങനെ ഗാവസ്കറിന്റെ പേരിലായി.


യുഎസിലെ കെന്റക്കിയിലും, ടാൻസാനിയയിലെ സാൻസിബാറിലും ഗാവസ്കറിന്റെ പേരിലുള്ള സ്റ്റേഡിയങ്ങൾ ഇതിനകം തന്നെയുണ്ട്. ഇംഗ്ലണ്ടിലോ യൂറോപ്പിലെ മറ്റെവിടെയെങ്കിലുമോ തന്റെ പേരിൽ ഒരു ഗ്രൗണ്ട് ഉള്ള ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമാണ് ഗാവസ്കർ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ഗാവസ്കറിൻറെ പേരിൽ ഗ്രൗണ്ടുകൾ ഉണ്ടെങ്കിലും അടുത്ത വരികൾ വായിക്കുമ്പോൾ നിങ്ങളിൽ ചിലർ എങ്കിലും എന്നെ അവിശ്വസിക്കും എന്നുറപ്പ്. എന്നാൽ വാസ്തവം ഇതാണ്.

ഗവാസ്കറിന്റെ പേരിൽ എന്റെ ഗ്രാമത്തിൽ ഒരു സ്‌റ്റേഡിയം ഉണ്ട്. ഏതെങ്കിലും സ്പോർട്സ് ക്ലബ്ബ് നൽകിയ പേരാകും അതെന്ന് കരുതരുത്. 1986 ൽ മാവേലിക്കര നഗരത്തിനു സമീപമുള്ള തഴക്കര പഞ്ചായത്തിലെ കല്ലുമല ആക്കനാട്ടുകരയിലുള്ള ബിഷപ് മൂർ വിദ്യാപീഠ് ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌റ്റേഡിയം ഉദ്‌ഘാടനത്തിനു അന്നെത്തിയതും മറ്റാരുമല്ല. ലോക ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസം അന്നത്തെ ലിറ്റിൽ മാസ്റ്റർ സാക്ഷാൽ സുനിൽ ഗാവസ്‌കർ. മുംബൈ സെന്റ് സേവിയേഴ്‌സ് സ്‌കൂളിൽ അദ്ദേഹത്തിന്റെ അധ്യാപകൻ ആയിരുന്ന ചെങ്ങന്നൂർ കോടുകുളഞ്ഞി സ്വദേശി അന്തരിച്ച ജോൺ തോമസാണ് അന്ന് സ്ക്കൂളിന്റെ വൈസ് പ്രിൻസിപ്പൽ. അദ്ദേഹത്തിന്റെ ക്ഷണപ്രകാരമാണ് ഗാവസ്‌കർ മാവേലിക്കരയിൽ എത്തിയത്. ആദ്യമായി കേരളം സന്ദർശിച്ച ഗാവസ്കറിന് അന്ന് 37 വയസായിരുന്നു.

അന്ന് മാവേലിക്കര ഇൻഫെന്റ് ജീസസ് സ്കൂളിലെ നാലാം ക്‌ളാസ് വിദ്യാർത്ഥിയായ ഞാനും ആഗ്രഹിച്ചിരുന്നു അദ്ദേഹത്തെ നേരിൽ കാണാൻ.
മാവേലിക്കര നഗരത്തിൽ കൂടി തുറന്ന ജീപ്പിൽ ഘോഷയാത്രയോടു കൂടി ഒരു ഗംഭീരം സ്വീകരണം ഒക്കെ നൽകണമെന്ന തൻ്റെ ആഗ്രഹം സംഘാടക സമിതിയോട് അറിയിച്ച കാര്യം എൻറെ അധ്യാപകനും പ്രമുഖ കാർട്ടൂണിസ്റ്റും മാവേലിക്കര ബിഷപ് മൂർ കോളജ് മുൻ വൈസ് പ്രിൻസിപ്പലും ആയ പ്രൊഫ. വി.സി ജോൺ ഓർക്കുന്നു. സുരക്ഷാപ്രശ്‌നങ്ങൾ കാരണം ഘോഷയാത്ര പരിപാടികൾ ഉപേക്ഷിച്ചുവെങ്കിലും, ആ ദിവസം ഗവാസ്ക്കറിനോടൊപ്പം ചില നിമിഷങ്ങൾ ചിലവിടാൻ കഴിഞ്ഞതിൽ സന്തോഷവാനാണ് വി.സി ഇന്നും.

അന്നത്തെ മാവേലിക്കര നഗരസഭാ കൗൺസിലറും കേരള കോൺഗ്രസ് നേതാവുമായ റോണി ടി. ഡാനിയലിന്റെ വസതിയിൽ ആയിരുന്നു ഗാവസ്‌കറിന് പ്രാതൽ. അന്ന് അദ്ദേഹത്തോട് ചിലത് ചോദിക്കുവാനും അവസരം ലഭിച്ചു. ചിത്രം വരയ്ക്കുവാൻ അനുവാദം ചോദിച്ചപ്പോൾ പോസ് ചെയ്തതും പകൽ പോലെ അദ്ദേഹം ഓർക്കുന്നു. കാലാന്തരത്തിൽ ആ ചിത്രം എവിടെയോ നഷ്ടപ്പെട്ട വിഷമത്തിലാണ് വി.സി എങ്കിലും അന്തരിച്ച മാവേലിക്കര ബിഷപ് മൂർ കോളേജ് സ്ഥാപക പ്രിൻസിപ്പൽ റവ. പ്രൊഫ കെ.സി. മാത്യുവിന്റെ ജീവചരിത്രമായ റോയ് ചിക്കാഗോയുടെ ” ഒഴുക്കിനെതിരെ” എന്ന പുസ്‌തകത്തിലെയും കോളജിലെ വിരമിച്ച അധ്യാപകരുടെ സംഘടന പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലെ ചില ഗാവസ്‌കർ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു.

എഴുത്തുകാരനും പ്രവാസി മലയാളിയുമായ റോജിൻ പൈനുംമൂട്

അക്കാലത്ത് മാവേലിക്കരയിൽ എ.സി സൗകര്യമുള്ള ഒരു ഹോട്ടലിന്റെ അപര്യാപ്തത മൂലമാണ് റോണിയുടെ വീട് തെരഞ്ഞെടുക്കുക്കാൻ കാരണമായതെന്ന് ബിഷപ് മൂർ കോളേജ് മുൻ വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോർജ് എം. ചെറിയാൻ ഓർക്കുന്നു. അദ്ദേഹം പിന്നീട് ബിഷപ് മൂർ സ്‌കൂളിന്റെ പ്രിൻസിപ്പലും ആയി സേവനം അനുഷ്ഠിച്ചു.

“ലെസ്റ്ററിലെ ഒരു ഗ്രൗണ്ടിന് എന്റെ പേരിടുന്നതിൽ സന്തോഷവും ബഹുമാനവുമുണ്ട്. ക്രിക്കറ്റിന്, പ്രത്യേകിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഏറ്റവും ശക്തമായ ആരാധകരുള്ള നഗരമാണ് ലെസ്റ്റർ, അതിനാൽ ഇത് ഒരു വലിയ ബഹുമതിയാണ്. ഭാരത് സ്‌പോർട്‌സ് ആൻഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ തന്റെ നാമഫലകം ഔദ്യോഗികമായി സമർപ്പിക്കാൻ ഗവാസ്‌കർ ലെസ്റ്ററിലെത്തിയിരുന്നു പവലിയന്റെ പിൻഭാഗത്തെ ഭിത്തിയിൽ അദ്ദേഹത്തിന്റെ വലിയചിത്രവും വരച്ചിട്ടുണ്ട്.
നന്ദി : കൊവിഡിന് ശേഷം വീട്ടിൽ വിശ്രമിക്കുന്ന ബിഷപ് മൂർ കോളേജ് അലമ്നെ അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് സാമൂവലിന് പ്രത്യേക നന്ദി അദ്ദേഹമാണ് സ്റ്റേഡിയത്തിന്റെ ഇന്നത്തെ ചിത്രം അയച്ചു തന്നത്.

Story Highlights: Gavaskar Stadium at Mavelikkara; Rojin Pynummood’s facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here