സർക്കാരും ശ്രീറാം വെങ്കിട്ടരാമനും ചേർന്ന് കേസ് അട്ടിമറിക്കുന്നു; ആരോപണവുമായി കെ.എം ബഷീറിൻ്റെ സഹോദരൻ

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കെ.എം ബഷീറിൻ്റെ സഹോദരൻ രംഗത്ത്.
സർക്കാർ വാക്ക് പാലിച്ചില്ലെന്ന ഗുരുതര ആരോപണമാണ് കെ.എം ബഷീറിൻ്റെ സഹോദരൻ ഉന്നയിക്കുന്നത്. സർക്കാരും പ്രതി ശ്രീറാം വെങ്കിട്ടരാമനും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കളക്ടറാക്കിയ ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ( Appointment of Sriram Venkitaraman; KM Basheer’s brother criticized the government )
രാത്രി ഒരു മണിക്ക് നടന്ന അപകടത്തിൽ 7 മണിക്കാണ് എഫ്ഐആർ ഇടുന്നത്. അതിൽത്തന്നെ ദുരൂഹതയുണ്ട്. രക്ത സാമ്പിൾ എടുക്കാൻ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടും പ്രതിയെ കിംസിലാണ് കൊണ്ടുപോയത്. ഇത് അന്വേഷണം വൈകിപ്പിക്കാൻ വേണ്ടിയായിരുന്നു. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോൾ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നിട്ടാണ് ഇപ്പോൾ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരിക്കുന്നത്. ഇത് സർക്കാരും ശ്രീറാം വെങ്കിട്ടരാമനും തമ്മിലുള്ള ഒത്തുകളിയാണ്. മുഖ്യമന്ത്രിയെ ഇനിയും കാണണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധം: ഡി.സി.സി ഇന്ന് ആലപ്പുഴ കളക്ടറേറ്റ് വളയും
ബഷീർ കൊല്ലപ്പെട്ടിട്ട് ഈ വരുന്ന ആഗസ്റ്റ് 3ന് മൂന്നു വർഷം തികയുകയാണെന്ന് പി.കെ. അബ്ദുറബ്ബ് ഫെയ്സ് ബുക്കിൽ കുറിച്ചു. കുറ്റാരോപണ വിധേയനായ ആ ഐ.എ.എസ് ഉദ്യോഗസ്ഥനെ കളക്ടറാക്കി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുകയാണ്. എന്തൊരു ശിക്ഷയാണ് നടപ്പാക്കിയത് തുടങ്ങിയ പരിഹാസവാക്കുകളാണ് പി.കെ. അബ്ദുറബ്ബ് ഫെയ്സ് ബുക്കിൽ കുറിച്ചത്.
പുതിയ മാറ്റമനുസരിച്ച് രേണു രാജാണ് പുതിയ എറണാകുളം കളക്ടർ. തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജ് കളക്ടറാവും. തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറിയാകും. മെഡിക്കൽ സർവീസ് കോർപറേഷൻ എംഡിയുടെ ചുമതലയും ഖോസയ്ക്കാണ്. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടറായി ഹരി കിഷോറിനെ നിയമിക്കാനും സർക്കാർ തീരുമാനിച്ചു. കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ രാജമാണിക്യത്തെ റൂറൽ ഡെവലപ്മന്റ് കമ്മീഷണറാക്കി. ജാഫർ മാലിക് പിആർഡി ഡയറക്ടറാവും.
Story Highlights: Appointment of Sriram Venkitaraman; KM Basheer’s brother criticized the government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here