Advertisement

കെ.ടി ജലീലിനെതിരെ നടപടി വേണം; മാധ്യമം പത്രം മുഖ്യമന്ത്രിക്ക് കത്ത് നൽകി

July 25, 2022
Google News 2 minutes Read
Madhyamam wants action against KT Jaleel

മാധ്യമം ദിനപ്പത്രത്തെ വിമർശിച്ച് യു.എ.ഇ ഭരണാധികാരിക്ക് കത്ത് നൽകിയ മുൻ മന്ത്രി ഡോ. കെ.ടി. ജലീലിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമം പത്രം മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. രാജ്യത്തിന്‍റെ പരമാധികാരത്തെയും മാധ്യമ സ്വാതന്ത്ര്യത്തെയും പരിക്കേൽപ്പിക്കുന്നതാണ് ജലീലിന്‍റെ പ്രവർത്തനമെന്നും ഇതിൽ കടുത്ത വേദനയും പ്രതിഷേധവുമുണ്ടെന്നും ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു. എന്നാൽ മുൻമന്ത്രി ജലീൽ കത്തയച്ചത് താൻ അറിഞ്ഞിരുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഇക്കാര്യം ജലീലുമായി സംസാരിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയതായി ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ അറിയിച്ചു. ( Madhyamam wants action against KT Jaleel )

Read Also: കെ.ടി. ജലീൽ രാജ്യദ്രോഹപ്രവർത്തനം നടത്തുന്നയാൾ, ക്ലീൻ ചിറ്റ് നൽകിയിട്ടില്ല: സ്വപ്ന സുരേഷ്

കൊവിഡിൽ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാൻ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ മാധ്യമം ശക്തമായി പിന്തുണച്ചു. മടക്കയാത്ര മുടങ്ങുന്ന ഘട്ടത്തിൽ ജനങ്ങളുടെ വേദന മറയില്ലാതെ പ്രകടിപ്പിക്കാനും മടി കാണിച്ചിട്ടില്ല. കൊവിഡ് ഭീഷണി രൂക്ഷമായപ്പോൾ ഭേദപ്പെട്ട സ്ഥിതിയുള്ള സ്വദേശത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷ മുടങ്ങിപ്പോയപ്പോൾ പ്രവാസി മലയാളികളിലുണ്ടായ ആശങ്കയും ആധിയും അവരുടെ ക്ഷേമവും സുരക്ഷയും മുന്നിൽ കണ്ട് വേറിട്ടൊരു രീതിയിൽ ആവിഷ്കരിക്കുകയായിരുന്നു 2020 ജൂൺ 24ന് മാധ്യമം ചെയ്തത്. അതേക്കുറിച്ച് വിമർശനവും ഭിന്നാഭിപ്രായങ്ങളും മനസ്സിലാക്കാനാകും. ആ വാർത്ത മുൻനിർത്തി കെ.ടി. ജലീൽ ‘മാധ്യമ’ത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തെ അധികാരികൾക്ക് കത്തെഴുതുന്ന നടപടി കേട്ടുകേൾവിയില്ലാത്തതാണെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ വിദേശരാജ്യത്തെ അധികാരികൾക്ക് കത്തയക്കുന്നത് പ്രോട്ടോകോൾ ലംഘനവും ഭരണഘടനവിരുദ്ധവുമാണ്. മന്ത്രിപദത്തിലിരിക്കുന്ന ആൾ ഇത്തരമൊരു വിഷയം വ്യക്തിപരമെന്ന നിലയിൽ സ്വകാര്യമായി കൈകാര്യം ചെയ്യുന്നത് കൂടുതൽ ഗൗരവതരവുമാണ്. ഇത്തരം വഴിവിട്ട ചെയ്തിയെ ഇടത് ഭരണസംവിധാനത്തിന് അംഗീകരിക്കാനാവില്ലെന്നാണ് തങ്ങളുടെ വിശ്വാസമെന്നും ചീഫ് എഡിറ്റർ കത്തിൽ പറയുന്നു.

Story Highlights: Madhyamam wants action against KT Jaleel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here