ഉത്തരാഖണ്ഡ് ദുരന്തം; രക്ഷാപ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ കേരള സർക്കാർ തയ്യാർ, ഐക്യദാർഢ്യമറിയിച്ച് മുഖ്യമന്ത്രി

ഉത്തരാഖണ്ഡിലുണ്ടായ പ്രകൃതി ദുരന്തത്തിൽ കേരളമാകെ ദുരിതബാധിതർക്കൊപ്പം ചേർന്നു നിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി കത്തിൽ അറിയിച്ചു.
രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ നടപടികൾക്കും കേരളത്തിലെ ജനങ്ങളുടെ ഐക്യദാർഢ്യവും പിന്തുണയും ഉണ്ടാകുമെന്നും ആവശ്യമായ സഹായം നൽകാൻ കേരള സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തത്തിൽ കുടുങ്ങിയിരിക്കുന്നവരിൽ കേരളത്തിൽ നിന്നുള്ളവരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ശ്രദ്ധയില്‍പ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ ദുരന്തത്തിൽപ്പെട്ടവരുടെ വിവരങ്ങൾ ലഭ്യമാവുന്നമുറക്ക് കേരള സർക്കാരിനെ അറിയിക്കണമെന്നും ആവശ്യമായ ഇടപെടൽ ഉണ്ടാവണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.
ഉത്തരാഖണ്ഡിൽ കുടുങ്ങിയ മലയാളികളെ രക്ഷപെടുത്താൻ വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ശ്രീ ജോർജ് കുര്യന്റെ ഓഫീസിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് ഉറപ്പ് നൽകി. ചാർധാം തീർത്ഥാടനത്തിന് പോയ 28 മലയാളികളാണ് ഉത്തരാഖണ്ഡില്‍ ഗംഗോത്രിക്കു സമീപം കുടുങ്ങിയത്. ഇതിൽ 20 പേർ മുംബയിൽനിന്നും ബാക്കിയുള്ളവർ കേരളത്തിൽ നിന്നുമാണ് പുറപ്പെട്ടിരുന്നത്. കാലാവസ്ഥ അനുകൂലമാകുമ്പോൾ നടപടി തുടങ്ങുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം, ഉത്തരാഖണ്ഡ് മേഘവിസ്‌ഫോടനത്തിൽ അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇപ്പോഴും പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഐടിബിപിയുടെ രണ്ട് വാഹനം ഒലിച്ച് പോയിട്ടുണ്ട്. കൂടുതല്‍ ഹെലികോപ്റ്റര്‍ ദുരന്തമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ റോഡ് തകര്‍ന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്. ധരാലി ഗ്രാമത്തിന്റെ ഒരു ഭാഗം പൂര്‍ണമായും ഒലിച്ചുപോയി. വീടുകളും നാല് നിലകളിലുള്ള ഹോട്ടലുകളും അപകടത്തിൽ തകർന്നു വീണു. നിരവധി ഹോട്ടലുകളും റെസ്റ്റോറന്റുകളും ഹോംസ്റ്റേകളുമുളള മേഖലയാണ് ധരാലി. ഖീര്‍ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്താണ് മേഘവിസ്ഫോടനമുണ്ടായത്.
Story Highlights : CM Pinarayi vijayan said that Kerala government ready to provide assistance for rescue operations in Uttarakhand disaster
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here