Advertisement

സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ്; 14 ഇനങ്ങൾ

July 26, 2022
2 minutes Read

സംസ്ഥാനത്ത് ഇക്കുറിയും സൗജന്യ ഓണകിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണകിറ്റ് വിതരണത്തിന് 425 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. ഈ വർഷം ഓണക്കിറ്റിൽ 14 ഇനങ്ങൾ ഉൾപ്പെടുത്തും. തുണി സഞ്ചി ഉൾപ്പെടെ 14 ഇനങ്ങളാണ് ഉൾപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പിടിമുറുക്കിയ ഘട്ടത്തിലാണ് ഭക്ഷ്യക്കിറ്റ് തുടങ്ങിയത്. ഈ പദ്ധതി ജനത്തിന് നല്ല തോതിൽ പ്രയോജനം ചെയ്തു. കൊവിഡ് കുറഞ്ഞതോടെ കിറ്റ് അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ ഓണത്തിന് വീണ്ടും കിറ്റ് നൽകിയിരുന്നു. കേരളം വലിയ സാമ്പത്തിക പ്രയാസം നേരിടുന്നെങ്കിലും ഈ വരുന്ന ഓണത്തിന് ഈ വർഷവും ഓണക്കിറ്റ് നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി വഴി വികസനം നടത്താനുള്ള സർക്കാർ ശ്രമത്തെ പരാജയപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്ബിയുടെ വായ്പ കിഫ്ബിയുടെ വരുമാനത്തിൽ നിന്നാണ് തിരിച്ചടക്കുന്നത്. കിഫ്ബി വായ്പ സർക്കാരിന്റെ കടമല്ല. കിഫ്ബി കടം കേരളത്തിന്റെ കടമായി വ്യാഖ്യാനിക്കുന്ന കടമായി വിലയിരുത്തുന്നത് തെറ്റാണ്. ഈ കാരണം പറഞ്ഞ് കേരളത്തിന്റെ കമ്പോള വായ്പാ പരിധി വെട്ടിക്കുറക്കാനുള്ള നടപടിയിൽ നിന്ന് കേന്ദ്രം പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തെ തടയാനുള്ള ശ്രമമാണിത്. വിലവർധനയ്ക്ക് കാരണമാകുന്ന ജിഎസ്ടി നിരക്ക് വർധന പിൻവലിക്കാൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന എല്ലാ നികുതി വർധനയ്ക്കും സർക്കാർ എതിരാണ്. ഈ ജിഎസ്ടി നിരക്ക് വർധന സംബന്ധിച്ച കമ്മിറ്റികളിൽ കേരളം വിരുദ്ധ നിലപാട് ഉയർത്തിപ്പിടിച്ചിരുന്നു. പലതരം പ്രയാസങ്ങൾ അതിജീവിച്ചാണ് കേരളം മുന്നോട്ട് പോകുന്നത്. ദേശീയ പാതാ വികസനത്തിൽ വലിയ മാറ്റമുണ്ടാക്കിയത് കഴിഞ്ഞ ആറ് വർഷത്തിനിടയിലാണ്. അതിന് ചില പുതിയ അവകാശികൾ വരുന്നുണ്ട്. കേരളത്തിലെ ദേശീയപാതകളുടെ വികസനം അതോറിറ്റിയുടെ പരിധിയിൽ വന്നത് തന്നെ സംസ്ഥാനം ഇടപെട്ടിട്ടാണ്. തിരുവനന്തപുരം ഔട്ട് ഓഫ് റിങ് റോഡ് പദ്ധതി സംസ്ഥാനത്തിന് അനുവദിച്ചത് ദേശീയ പാതാ വികസനത്തിലെ നിർണായക നേട്ടമാണെന്ന് അദ്ദേഹം വിശദീകരിച്ചു.

ദേശീയ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ കേന്ദ്രം മറ്റ് സംസ്ഥാനങ്ങളിൽ ഭൂമി വില നൽകുന്നു. കേരളത്തിൽ ഭൂമിക്ക് ഉയർന്ന വിലയാണെന്ന് പറഞ്ഞ് കേന്ദ്രം പിന്മാറി. 25 ശതമാനം സംസ്ഥാന സർക്കാർ വഹിക്കുന്ന നിലയായി. അങ്ങിനെയാണ് സംസ്ഥാന സർക്കാർ ദേശീയ പാതാ വികസനം സാധ്യമാക്കിയത്. 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. 1065 ഹെക്ടർ ഏറ്റെടുത്തു. 2020 ഒക്ടോബർ 13 ന് ദേശീയപാതാ 66 ന്റെ ഭാഗമായി 11571 കോടിയുടെ ആറ് പദ്ധതികൾ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തിരുന്നു. 21940 കോടിയുടെ നഷ്ടപരിഹാര പാക്കേജാണ് കേരളത്തിൽ തയാറാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തിന്റ വ്യവസായ പുരോഗതിയിൽ ചിലർക്ക് ആശങ്കയെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് വ്യവസായ വളർച്ച ഗണ്യമായ രീതിയിലുണ്ട്. ഉത്തരവാദ വ്യവസായവും ഉത്തരവാദ നിക്ഷേപവുമെന്ന നയം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. വിവിധ നിക്ഷേപ വാഗ്ദാനം സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടി വിജയകരമായി സംഘടിപ്പിച്ചതിൽ, 7000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എൽഎക്സിയുമായി 75 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് കരാർ ഒപ്പുവെച്ചു. പത്ത് മാസം കൊണ്ട് ഇവർക്കാവശ്യമായി കെട്ടിടം കൈമാറും. കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേർക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പുവെച്ചിട്ടുണ്ട്. ദുബായ് എക്സ്പോ വഴിയും കേരളത്തിൽ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എംഎസ്എംഇ മേഖലയ്ക്ക് കൈത്താങ്ങായി 1416 കൊടിയുടെ പാക്കേജ് നടപ്പാക്കുന്നുണ്ട്. 50 കോടി വരെ ഉള്ള വ്യവസായങ്ങൾക്ക് അതിവേഗം അനുമതി നൽകുകയാണ് സംസ്ഥാനം. സംരംഭകരുടെ പരാതിയിൽ അതി വേഗം നടപടി എടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടുതൽ നിക്ഷേപം ആകർഷിക്കുക തൊഴിൽ അവസരം നേടുക അതാണ് ലക്ഷ്യം. കിൻഫ്രക്ക് കീഴിലെ അഞ്ച് പാർക്കുകൾക്ക് ദേശീയ അംഗീകാരം കിട്ടി. വായ്പ നൽകുന്നതിൽ കെ എസ് ഐ ഡി സി റെക്കോർഡ് നേട്ടം ഉണ്ടാക്കി.

Read Also: ഓണപ്പരീക്ഷ ഓഗസ്റ്റ് 24 മുതല്‍; സെപ്റ്റംബര്‍ 3 മുതല്‍ ഓണാവധി

സംസ്ഥാനത്ത് 2021 – 22 കാലത്തു 1500 കൊടിയുടെ വിദേശ നിക്ഷേപം നേടി. സ്വകാര്യ മേഖലയിലെ വ്യവസായ പാർക്കുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ ഏക്കറിന് 30 ലക്ഷം വീതം നൽകും. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്ന് കോടി നൽകും. സംസ്ഥാനം ഏഷ്യയിൽ അഫോർഡബിൽ ടാലന്റ് സിസ്റ്റത്തിൽ ഒന്നാമതായി. ലോകത്തെ പ്രധാന സ്റ്റാർട്ടപ്പ് കേന്ദ്രമായി കേരളം മാറണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Kerala Government Provides Free Onam Kits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top