Advertisement

അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്, വീട്ടിലെത്തിയുള്ള സക്രീനിംഗ് 5 ലക്ഷം: മന്ത്രി വീണാ ജോര്‍ജ്

July 27, 2022
Google News 2 minutes Read

‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ള 5 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 30 വയസിന് മുകളിലുള്ളവരെ വീട്ടില്‍ എത്തി കണ്ട് സൗജന്യ രോഗ നിര്‍ണയവും ചികിത്സയും ലഭ്യമാക്കുന്നു. ആദ്യ ഘട്ടമായി സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലെയും ഓരോ പഞ്ചായത്തിലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതി ആരംഭിച്ച് 5 ആഴ്ചയ്ക്കുള്ളില്‍ തന്നെ ഇത്രയും പേരിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എത്തപ്പെടാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്ന് മന്ത്രി വ്യക്തമാക്കി.

30 വയസിന് മുകളിലുള്ളവര്‍ ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ശ്രദ്ധിക്കണമെന്ന കണക്കാണ് പുറത്ത് വരുന്നത്. ആകെ 5,02,128 പേരെ സ്‌ക്രീനിംഗ് നടത്തിയതില്‍ 21.17 ശതമാനം പേര്‍ (1,06,312) ഏതെങ്കിലും ഒരു ഗുരുതര രോഗം വരുന്നതിനുള്ള റിസ്‌ക് ഫാക്ടര്‍ ഗ്രൂപ്പില്‍ വന്നിട്ടുണ്ട്. ഇവരെ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്. 11.49 ശതമാനം പേര്‍ക്ക് (57,674) രക്താതിമര്‍ദ്ദവും, 8.9 ശതമാനം പേര്‍ക്ക് (44,667) പ്രമേഹവും, 4.14 പേര്‍ക്ക് (20,804) ഇവ രണ്ടും സ്ഥിരീകരിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 6775 പേരെ ക്ഷയരോഗത്തിനും 6139 പേരെ ഗര്‍ഭാശയ കാന്‍സറിനും 34,362 പേരെ സ്തനാര്‍ബുദത്തിനും 2214 പേരെ വദനാര്‍ബുദത്തിനും സ്ഥിരീകരണത്തിനായി റഫര്‍ ചെയ്തിട്ടുണ്ട്.

മലപ്പുറം ജില്ലയാണ് ഏറ്റവും മികച്ച സ്‌ക്രീനിംഗ് കാഴ്ച വച്ചിരിക്കുന്നത്. 81,876 പേരെയാണ് മലപ്പുറം സ്‌ക്രീനിംഗ് നടത്തിയത്. തൃശൂര്‍ (59,291) രണ്ടാം സ്ഥാനത്തും, ആലപ്പുഴ (50,979) മൂന്നാം സ്ഥാനത്തുമാണ്. റിസ്‌ക് ഗ്രൂപ്പില്‍ പെട്ടവരെയും റഫര്‍ ചെയ്ത രോഗികളെയും ആരോഗ്യ വകുപ്പിന് കീഴിലുള്ള പരിശോധന കേന്ദ്രങ്ങളില്‍ സൗജന്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതാണ്. ഇവരില്‍ ആവശ്യമുള്ളവര്‍ക്ക് ചികിത്സയും ഉറപ്പ് വരുത്തും. ഇ-ഹെല്‍ത്ത് വികസിപ്പിച്ചെടുത്ത ശൈലീ ആപ്ലിക്കേഷനിലൂടെയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ജീവിതശൈലീ രോഗനിര്‍ണയം നടത്തി വരുന്നത്. ഇത് തത്‌സമയം തന്നെ അതാത് ആരോഗ്യ കേന്ദ്രങ്ങളിലും ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ഡാഷ് ബോര്‍ഡിലൂടെ നിരീക്ഷിക്കുവാന്‍ സാധിക്കുന്നതാണ്.

Story Highlights: A little care ensures health, 5 lakh home screening: Minister Veena George

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here