Advertisement

സിപിഐഎം കോര്‍പ്പറേറ്റ് കമ്പനിയായി മാറിയെന്ന് കെ സുധാകരന്‍

July 27, 2022
Google News 2 minutes Read
Indigo; K Sudhakaran mocking EP Jayarajan

വര്‍ഗീയ പ്രസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നൽകുന്ന സിപിഐഎമ്മിൻ്റെ സഹായം കോണ്‍ഗ്രസിൻ്റെ വളര്‍ച്ചക്ക് ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ്. തീവ്രപക്ഷ നിലപാടുകളുള്ള പാര്‍ട്ടികള്‍ നല്‍കിയ ബലത്തിലാണ് കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുന്നത്. സിപിഐഎമ്മിന് നഷ്ടമായ ഇടതുപക്ഷ മുഖം തുറന്ന് കാട്ടി ചിന്തന്‍ ശിബിരം മുന്നോട്ട് വെച്ച ആശയങ്ങള്‍ പാർട്ടിയെ അസ്വസ്ഥമാക്കുന്നുയെന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ചിന്തന്‍ ശിബിരം കോണ്‍ഗ്രസിന് നല്‍കിയ ഊര്‍ജ്ജവും കരുത്തും ദിശാബോധവും വലുതാണെന്നും കെ സുധാകരന്‍ എംപി.

വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തെയും ഫാസിസത്തെയും സന്ധിയില്ലാത്തവിധം ചെറുക്കുക എന്ന മഹത്തായ ലക്ഷ്യമാണ് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം മുന്നോട്ടുവെച്ചത്. കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിക്കുന്ന സംഘപരിവാറിന് സമാന്തരമായി അധികാരം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സിപിഐഎമ്മിനും മുഖ്യമന്ത്രിക്കും അതിന്റെ അന്തസത്ത ശരിയായ വിധത്തില്‍ മനസിലാക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്നും സുധാകരന്‍ പറഞ്ഞു.

സിപിഎമ്മില്‍ ആഭ്യന്തര ജനാധിപത്യം ഇല്ലാതാക്കിയ വ്യക്തിയാണ് പിണറായി വിജയന്‍. മുഖ്യമന്തി ചെയര്‍മാനും മരുമകനും കണ്ണൂരിലെ ചുരുക്കം നേതാക്കളും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായുള്ള കോര്‍പ്പറേറ്റ് കമ്പനിയാക്കി സിപിഐഎമ്മിനെ മാറ്റി. കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വ്യതിചലിച്ചാണ് സിപിഐഎം കേരള ഘടകത്തിന്റെ സഞ്ചാരം. ഗാന്ധിയന്‍-നെഹ്രൂവിയന്‍ ആശയങ്ങളില്‍ ഊന്നി സോഷ്യലിസ്റ്റ് ചിന്താഗതികള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് ഒരിക്കലും വലതുപക്ഷമാകാനാവില്ല. സംഘപരിവാറുകളുടെ തീവ്രവലതുപക്ഷ നിലപാടുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന സിപിഐഎമ്മിന് യഥാര്‍ത്ഥ ഇടതുപക്ഷമാകാനും സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ പ്രസക്തി സിപിഐ തിരിച്ചറിയുകയും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് ഇതര പ്രാദേശിക കക്ഷികളെ കൂട്ടുപിടിക്കണമെന്ന ചരിത്ര വിഡ്ഢിത്തം കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്തവരാണ് സിപിഐഎമ്മെന്നും സുധാകരന്‍ പരിഹസിച്ചു. അധികാരത്തിലെത്തുമ്പോള്‍ എല്‍ഡിഎഫിലെ ഘടക കക്ഷികളോട് ചിറ്റമ്മനയമാണ് എക്കാലവും സിപിഐഎം സ്വീകരിച്ചിട്ടുള്ളത്. ഇത്തവണയും അതിന് മാറ്റമില്ല. സിപിഐഎം ഭരിക്കുന്ന വകുപ്പുകളിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധിക്കാത്തവര്‍ സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ കയ്യാളുന്ന വകുപ്പുകള്‍ക്കെതിരെ തിരിയുന്നത് അവരോടുള്ള സമീപനത്തിന്റെ ഭാഗമാണ്. പലരും കൊടിയ അപമാനം സഹിച്ചാണ് എല്‍ഡിഎഫില്‍ തുടരുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Story Highlights: CPIM has become a corporate company; K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here