സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി; പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് ഹൈക്കോടതി

സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജി പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് ഹൈക്കോടതി നിരീക്ഷണം. സത്യപ്രതിജ്ഞാ ലംഘനം ഉണ്ടായോ എന്ന് കോടതിയ്ക്ക് പരിശോധിക്കാൻ ആകില്ലെന്ന് അഡ്വക്കറ്റ് ജനറൽ കോടതിയില്‍ പറഞ്ഞു. ഹർജി തള്ളണമെന്നും എജി ആവശ്യപ്പെട്ടു. നിയമ പ്രശ്നം സംബന്ധിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാൻ എജിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഹർജി ഓഗസ്റ്റ് 2 ന് പരിഗണിക്കാൻ മാറ്റി.
ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന് എംഎൽഎ ആയി തുടരാൻ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി ബിജുവാണ് ഹൈക്കോടതിയില്‍ ഹർജി നല്‍കിയത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ച കോടതി ഹർജിക്കാരന്റെ വാദങ്ങൾ സാധൂകരിക്കുന്ന, തെരഞ്ഞെടുപ്പ് കമ്മിഷന്റെ മുൻകാല ഉത്തരവുകൾ അനുബന്ധ രേഖകൾ എന്നിവ ഉണ്ടെങ്കിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. പ്രസംഗത്തിന്റെ പേരിൽ സജി ചെറിയാന് എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യൻ ആക്കാൻ നിയമപരമായി സാധിക്കില്ലെന്നായിരുന്നു എ ജി കോടതിയെ അറിയിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്.
Read Also: ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാളാണ് ഞാൻ; സജി ചെറിയാൻ
മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയിൽ വെച്ചാണ് ഭരണഘടനയെ അവഹേളിക്കുന്ന തരത്തിൽ മന്ത്രിയായിരിക്കെ സജി ചെറിയാൻ പ്രസംഗിച്ചത്. മന്ത്രി സ്ഥാനത്ത് നിന്നും രാജി വെച്ചതോടെ സജി ചെറിയാന് ഇനി എം എൽ എ ആയി തുടരാൻ ആകുമോ എന്നുള്ളതാണ് ഇപ്പോള്‍ പ്രധാന ചോദ്യം. ഹോണർ ആക്ട് ലംഘിച്ചതിനാൽ സജി ചെറിയാൻ ക്രിമിനൽ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎൽഎ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗ്ദ്ധർ പറയുന്നു.
Story Highlights: Highcourt On Saji Cherian MLA Post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here