സർക്കാർ അധികാരത്തിന്റെ ബുൾഡോസർ ഉപയോഗിച്ച് അടിച്ചമർത്തുന്നു, സിൽവർലൈൻ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു; വി.ഡി സതീശൻ

മുഖ്യമന്ത്രി സിൽവർ ലൈൻ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചോദ്യങ്ങളെയും പ്രതിഷേധങ്ങളെയും അധികാരത്തിന്റെ ബുൾഡോസർ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചു. അഴിമതി ലക്ഷ്യം വെച്ച് അനാവശ്യ ധൃതി കാണിച്ചു. സിൽവർ ലൈൻ ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കാൻ യു ഡി എഫ് അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
കോണ്ഗ്രസ് ചിന്തൻ ശിബിരത്തെ മുഖ്യമന്ത്രി പഠിച്ചതിൽ സന്തോഷം. മുഖ്യമന്ത്രി നിവർന്നു നിൽക്കുന്ന ഊന്നു വടി എന്തായാലും യു ഡി എഫിന് വേണ്ട. കേന്ദ്രത്തിലെ ബിജെപി സർക്കാർ നൽകിയ ഊന്നുവടിയുടെ ബലത്തിലാണ് മുഖ്യമന്ത്രി നിവർന്നു നിൽക്കുന്നത്. വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും ചിന്തൻ ശിബിരത്തിൽ നിന്ന് വിട്ട് നിന്നത് അന്വേഷിക്കാൻ മുഖ്യമന്ത്രിയെ കോൺഗ്രസ് ചുമതലപ്പെടുത്തിയിട്ടില്ല. യു ഡി എഫ് ജനകീയ അടിത്തറ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിൽ മുഖ്യമന്ത്രിക്ക് എന്തിനാണ് ആവലാതിയെന്ന് വി ഡി സതീശൻ ചോദിച്ചു. കെ ടി ജലീലിന്റെ കത്ത് മുഖ്യമന്ത്രി അറിഞ്ഞില്ലെന്നാണ് പറയുന്നത്. മുഖ്യമന്ത്രിയുടെ തള്ളിപ്പറയലുകൾക്ക് ഇരയാകാൻ ഉള്ള ജന്മമായി ജലീൽ മാറിയതിൽ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെയും ഇന്ത്യയിലെയും കോൺഗ്രസ് വലതു പക്ഷമല്ല. മോഡി ഭരണകൂടമാണ് തീവ്ര വലതുപക്ഷ നിലപാട് സ്വീകരിക്കുന്നത്. അതിന് പിന്നാലെ പോവുകയാണ് ഇടതുപക്ഷം. കോണ്ഗ്രസിന്റേത് നെഹ്‌റൂവിയൻ കാഴ്ചപ്പാടാണ്. മുഖ്യമന്ത്രി പുറത്തിറങ്ങിയാൽ ആളുകളെ കരുതൽ തടങ്കലിൽ ആക്കുന്നത് ആണോ ഇടതുപക്ഷം. പിണറായി സർക്കാരിന് ഇടതുപക്ഷ നിലപാടില്ലെന്ന് വി ഡി സതീശൻ പറഞ്ഞു.
കോൺഗ്രസ് ഒരിക്കലും സ്വകാര്യ വത്കരണം നടപ്പാക്കിയിട്ടില്ല. നടപ്പാക്കിയത് സാമ്പത്തിക പരിഷ്കാരണം. അത് കാലഘട്ടത്തിന്റെ സമ്മർദം ആയിരുന്നു. സമ്പത്തിന്റെ നീതിപൂർവ വിതരണം ആണ് കോണ്ഗ്രസ് നടപ്പാക്കിയത്. മുന്നണിയിലേക്ക് കൂടുതൽ കക്ഷികളെ ഉൾപ്പെടുത്തണമോ എന്നത് യു ഡി എഫ് ആണ് തീരുമാനിക്കേണ്ടത്. മുന്നണി വിപുലീകരണം യു ഡി എഫ് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: V D Satheesan Against Pinarayi Vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here