എസ്എസ്‌സി അഴിമതി: ബംഗാൾ മന്ത്രി പാർത്ഥ ചാറ്റർജിയെ പുറത്താക്കി

പശ്ചിമ ബംഗാൾ സ്‌കൂൾ റിക്രൂട്ട്‌മെന്റ് അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. മുഖ്യമന്ത്രി മമത ബാനർജി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ചാറ്റർജി വഹിച്ചിരുന്ന വകുപ്പുകൾ മമത ഏറ്റെടുത്തു. തൃണമൂൽ സർക്കാരിൽ വ്യവസായം, വാണിജ്യം, സംരംഭങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്‌സ് മന്ത്രിയായിരുന്നു പാർത്ഥ ചാറ്റർജി.
പശ്ചിമ ബംഗാളിൽ സ്കൂൾ സർവീസ് കമ്മീഷൻ അഴിമതിയെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായിരിക്കുകയാണ്. ആരോപണ വിധേയനായ മന്ത്രിയെ പുറത്താക്കാൻ തൃണമൂൽ കോൺഗ്രസിനുള്ളിൽ നിന്നും ശബ്ദമുയർന്നു. പാർത്ഥ ചാറ്റർജിയെ ഉടൻ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. ചാറ്റർജിക്കെതിരെ നടപടിയെടുക്കാത്തതിന് പ്രതിപക്ഷമായ ബിജെപിയും സിപിഐഎമ്മും മമത സർക്കാരിനെ വിമർശിച്ചിരുന്നു.
അതേസമയം പാർത്ഥ ചാറ്റർജിയുടെ അടുത്ത സഹായിയായ അർപ്പിത മുഖർജിയുടെ ഫ്‌ളാറ്റുകളിൽ നിന്ന് ഇതുവരെ 50 കോടി രൂപയും, 6 കിലോയോളം സ്വർണവും കണ്ടെടുത്തു. കൂടാതെ ചില സ്വത്തുക്കളും വിദേശ കറൻസിയുമായി ബന്ധപ്പെട്ട രേഖകളും റെയ്ഡിൽ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
Story Highlights: Amid Cash Pile-Up, Bengal Minister Partha Chatterjee Is Finally Sacked
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here