ആഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരത്ത് ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും : മന്ത്രി ആന്റണി രാജു

ആഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. 25 ബസുകളാണ് ആദ്യഘട്ടത്തില്‍ ഓടുക. തുടര്‍ന്ന് 25 ബസുകള്‍ കൂടി നഗരത്തിലെത്തും. ഇതിലൂടെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കെ എസ് ആര്‍ ടി സിയും പങ്കു ചേരുകയാണെന്നും മന്ത്രി പറഞ്ഞു.(electric buses will run from august 1st)
വൈദ്യുതി മേഖലയില്‍ നമ്മുടെ രാജ്യം കൈവരിച്ച നേട്ടം അഭിമാനകരമാണ്. പണ്ട് വൈദ്യുതി ലഭിച്ചിരുന്നത് നഗര പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമായിരുന്നു. എന്നാല്‍ പതിയെ കുഗ്രാമങ്ങളില്‍ വരെ വൈദ്യുതി എത്താന്‍ തുടങ്ങി. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കുന്നതില്‍ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാതൃകാപരമായ മുന്നേറ്റമാണ് നടക്കുന്നത്. വൈദ്യുതി എത്താത്ത ചുരുക്കം ചില മേഖലകള്‍ കൂടിയുണ്ടെന്നും അവ കൂടി പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ‘ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047’ വൈദ്യുതി മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവിനോടനുബന്ധിച്ച് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയമാണ് വൈദ്യുതി മഹോത്സവം സംഘടിപ്പിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഊര്‍ജ്ജരംഗത്തെ നേട്ടങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി. ഊര്‍ജ്ജ സംരക്ഷണവുമായി ബന്ധപ്പെട്ട് നടന്ന കലാമത്സര വിജയികള്‍ക്ക് സമ്മാനദാനവും വൈദ്യുതീകരിച്ച ആദിവാസി ഊരുകളെ പ്രതിനിധീകരിച്ച് എത്തിയവര്‍ക്കുള്ള സ്‌നേഹോപകാരവും മന്ത്രി വിതരണം ചെയ്തു.
ഊര്‍ജ്ജ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ നവ്‌ജ്യോത് ഖോസ, അനര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വേളൂരി , ജില്ലാ വികസന കമ്മിഷണര്‍ ഡോ വിനയ് ഗോയല്‍, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ. ആര്‍. ഹരികുമാര്‍, ജീവനക്കാര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.
Story Highlights: electric buses will run from august 1st
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here