Advertisement

“എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും” ഇനിയുമെത്രകാലം കോണ്‍ഗ്രസിനോട് പൊറുക്കണം; മന്ത്രി പി എ മുഹമ്മദ് റിയാസ്

July 30, 2022
Google News 2 minutes Read

“എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും” ഇനിയുമെത്രകാലം മതനിരപേക്ഷ മനസ്സുകൾ കോണ്‍ഗ്രസിനോട് പൊറുക്കണമെന്ന് ടൂറിസം പൊതുമരാത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. തിരുവനന്തപുരത്ത് യുഡിഎഫ് പൊതുയോഗത്തില്‍ പച്ചനിറത്തിലുള്ള കൊടി കണ്ട് ഹാലിളകി അത് മലപ്പുറത്തോ പാകിസ്ഥാനിലോ നാട്ടിയാല്‍ മതി എന്ന് മുസ്ലീം ലീഗ് നേതാവിനോട് പറഞ്ഞ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഒരു വ്യക്തിയല്ല, പ്രതീകമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരെ വോട്ടുബാങ്ക് ലക്ഷ്യമാക്കി മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലങ്ങളായി സ്വീകരിച്ചുവരുന്നതിന്‍റെ ഭാഗമായി, മുസ്ലീം വിരുദ്ധത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിൽ വേരുറപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്. മുസ്ലീം മതത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ചിഹ്നങ്ങളോടും നിറങ്ങളോടും പേരുകളോടും അന്യതാബോധത്തോടുകൂടിയ ഒരു വെറുപ്പ് സംഘപരിവാര്‍ ആശയപ്രചരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിന്‍റെ പൊതുബോധമായി മാറിക്കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

Read Also: ‘കേരള മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്നാണ്’, ഈ അക്രമ ശ്രമം കൊണ്ടൊന്നും മുഖ്യമന്ത്രിയെ തളർത്താനാവില്ല; വി ശിവൻകുട്ടി

പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

“എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും”
ഇനിയുമെത്രകാലം മതനിരപേക്ഷ മനസ്സുകൾ കോണ്‍ഗ്രസിനോട് പൊറുക്കണം ?
-പി എ മുഹമ്മദ് റിയാസ് –
തിരുവനന്തപുരം നഗരത്തിൽ യു.ഡി.എഫ് പൊതുയോഗസ്ഥലത്ത് കെട്ടിയ മുസ്ലീം ലീഗിന്‍റെ പതാക വലിച്ചെറിഞ്ഞുകൊണ്ട് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് പറഞ്ഞത് പച്ചക്കൊടി നീ മലപ്പുറത്തോ, പാകിസ്ഥാനിലോ കൊണ്ടുപോയി കെട്ടിയാൽ മതിയെന്നാണ്. അനുഭവസ്ഥനായ ലീഗ് നേതാവ് വിതുമ്പലോടെ ചാനലിൽ ഈ വിവരം വെളിപ്പെടുത്തുന്നത് കാണാനിടയായി. ഒരുമിച്ച് നിന്നാലേ ഭാവിയില്‍ പഞ്ചായത്ത് ഭരണക്കസേരയില്‍ ഇരിക്കാനെങ്കിലും ചെറിയ സാധ്യതയുള്ളു എന്ന ഒറ്റക്കാരണത്താല്‍ പ്രശ്നം രണ്ടുകൂട്ടരും വേഗത്തില്‍ പരിഹരിക്കുമായിരിക്കും.
എന്നാല്‍ ഇത് യു.ഡി.എഫിലെ രണ്ടു പാർട്ടികൾ തമ്മിലുള്ള തർക്കമെന്നതിനപ്പുറം മറ്റു ചില ഗൗരവമേറിയ യാഥാർത്ഥ്യങ്ങൾ വിളിച്ചോതുന്നുണ്ട്.
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടിനെതിരെ വോട്ടുബാങ്ക് ലക്ഷ്യമാക്കി മൃദുഹിന്ദുത്വ നയം കോണ്‍ഗ്രസ് കഴിഞ്ഞ കുറേ കാലങ്ങളായി സ്വീകരിച്ചുവരുന്നതിന്‍റെ ഭാഗമായി, മുസ്ലീം വിരുദ്ധത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വത്തിൽ വേരുറപ്പിക്കുവാന്‍ കാരണമായിട്ടുണ്ട്. മുസ്ലീം മതത്തോട് ബന്ധപ്പെട്ടുകിടക്കുന്ന ചിഹ്നങ്ങളോടും നിറങ്ങളോടും പേരുകളോടും അന്യതാബോധത്തോടുകൂടിയ ഒരു വെറുപ്പ് സംഘപരിവാര്‍ ആശയപ്രചരണത്തിന്‍റെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വത്തില്‍ വലിയൊരു വിഭാഗത്തിന്‍റെ പൊതുബോധമായി മാറിക്കഴിഞ്ഞിട്ടുണ്ട്. സംഘടനയ്ക്ക് അകത്ത് ഇത് തിരുത്തിക്കുവാനുള്ള പ്രത്യയ ശാസ്ത്ര വ്യായാമം കോൺഗ്രസിൽ നിലച്ചിട്ട് കാലങ്ങളേറെയായി.
പ്രശസ്ത ജർമ്മൻ തത്വചിന്തകൻ വാൾട്ടർ ബെഞ്ചമിൻ പറഞ്ഞതു പോലെ ആപത്തിന്‍റെ കാലത്ത് മനസ്സിലൂടെ മിന്നിമറയുന്ന ഓര്‍മ്മകളെ കയ്യെത്തിപ്പിടിക്കലാണ് ചരിത്രജ്ഞാനമെങ്കില്‍, ബാബറി മസ്ജിദിന്റെ മിനാരങ്ങൾ തകർന്നപ്പോൾ കോൺഗ്രസ് കൈക്കൊണ്ട നിലപാട് കയ്യെത്തിപ്പിടിക്കാതിരിക്കാനാകില്ല.
‘എനിക്ക് മറക്കാനാകില്ല, പക്ഷേ പൊറുക്കാനാകും’ എന്ന് ചരിത്രത്തില്‍ ശരിക്കും പ്രയോഗിച്ച മഹാത്മാ മണ്ഡേലയെപ്പോലെ 2019 ല്‍ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള കേരളത്തിലെ മതനിരപേക്ഷ മനസ്സുകള്‍ ബിജെപി വീണ്ടും അധികാരത്തില്‍ വരാതിരിക്കുവാന്‍ കോണ്‍ഗ്രസ് ഏക ആശ്രയമെന്ന തെറ്റായ പ്രചരണത്തില്‍ പെട്ടുപോയി. 2019 ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മതനിരപേക്ഷ മനസ്സുകൾ പോളിംഗ് ബൂത്തിലെത്തിയപ്പോള്‍ മഹാനായ മണ്ഡേല പറഞ്ഞതുപോലെ കോണ്‍ഗ്രസ് ചെയ്തത് മറന്നില്ലെങ്കിലും താല്‍ക്കാലികമായി പൊറുത്തു.
പിന്നീട് കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വ നിലപാടുകള്‍ ഘോഷയാത്രപോലെ നമ്മുടെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. കോണ്‍ഗ്രസിന്‍റെ ദേശീയഭാരവാഹികള്‍, കേന്ദ്ര മന്ത്രി, മുഖ്യമന്ത്രി എന്നീ പദവികളടക്കം അലങ്കരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ക്യൂ നിന്ന് ബിജെപിയില്‍ ചേരുന്നത് പെട്രോളിനും ഡീസലിനും വില കൂടുന്നത് പോലെ ഇന്നൊരു നിത്യസംഭവമാണ്. കോണ്‍ഗ്രസില്‍ ഭൂരിപക്ഷം വരുന്ന മതനിരപേക്ഷവാദികള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നിലപാടില്‍ മനംനൊന്ത് ശബ്ദമൊന്ന് പുറത്തുകേള്‍പ്പിക്കാതെ മനസ്സില്‍ പൊട്ടിപ്പൊട്ടി കരഞ്ഞുകൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് യുഡിഎഫ് പൊതുയോഗത്തില്‍ പച്ചനിറത്തിലുള്ള കൊടി കണ്ട് ഹാലിളകി അത് മലപ്പുറത്തോ പാകിസ്ഥാനിലോ നാട്ടിയാല്‍ മതി എന്ന് മുസ്ലീം ലീഗ് നേതാവിനോട് പറഞ്ഞ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ഒരു വ്യക്തിയല്ല, പ്രതീകമാണ്.
ഇന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഗ്രസിച്ചിരിക്കുന്ന വര്‍ഗ്ഗീയ അതിപ്രസരത്തിന്‍റെയും ന്യൂനപക്ഷ വിരുദ്ധതയുടെയും പ്രതീകം.

Story Highlights: p a muhammed riyas against congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here