Advertisement

‘ഞങ്ങൾ ഉച്ചയ്ക്ക് ചോറ് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് സമുദായക്കാര് വീടുവീടാന്തരം കയറി ഊരുവിലക്ക് അറിയിച്ചത്’; പരാതിക്കാരി ട്വന്റിഫോറിനോട്

July 31, 2022
Google News 2 minutes Read
woman isolated alleging robbery

മഷിയിട്ട് നോക്കി മോഷണക്കുറ്റം ചുമത്തി പാലക്കാട് നഗരത്തിലെ കുടുംബത്തിന് ചക്‌ളിയ സമുദായം ഊരുവിലക്കേർപ്പെടുത്തിയതിൽ പ്രതികരണവുമായി പരാതിക്കാരി. ( woman isolated alleging robbery )

‘ഇവിടെ മാരിയമ്മൻ പൂജ കഴിഞ്ഞ നേരം അടുത്ത വീട്ടിലെ കുട്ടിയുടെ ചെയിൻ നഷ്ടപ്പെട്ടുവെന്നാണ് പറയുന്നത്. മഞ്ഞ സാരിയുടുത്ത് എന്നെയാണ് മഷി നോട്ടത്തിൽ കണ്ടതെന്ന് പറഞ്ഞു. അങ്ങനെ ഒന്ന് രണ്ട് വീട്ടുകാര് ഇത് പറഞ്ഞ്. ഇക്കാര്യം ഞാൻ വിഷമത്തോടെ പോയി ചോദിച്ചു. അങ്ങനെ വാക്കുതർക്കമായപ്പോൾ അമ്പലത്തിന്റെ ഗെയിറ്റിൽ പോയി നിന്ന് കരഞ്ഞ് സങ്കടം പറഞ്ഞു. അപ്പോൾ ഗെയിറ്റിന്റെ കമ്പി വിട്ടിരുന്നു. അത് ഞാൻ ശ്രദ്ധിച്ചില്ല. പിന്നീട് ചേട്ടൻ വന്ന് ചോദിച്ച് ആരോ അമ്പലം തകർത്തുവെന്ന്. അപ്പോൾ ഞാൻ പറഞ്ഞു വിഷമത്തിൽ ഗെയിറ്റ് കുലുക്കിയപ്പോൾ കമ്പി പൊട്ടിയതാണെന്ന്. പിന്നീട് എസ്‌ഐ സാർ എല്ലാം ഇടപെട്ട് കേസ് ഒത്തുതീർപ്പാക്കിയതാണ്. ഒരു ദിവസം ഉച്ചയ്ക്ക് ചോറ് കഴിച്ചുകൊണ്ടിരുന്നപ്പോൾ സമുദായക്കാര് വീടുവീടാന്തരം കയറി എന്നോട് സംസാരിക്കരുതെന്നും മറ്റ് പറഞ്ഞു’ – പരാതിക്കാരി ട്വന്റിഫോറിനോട് പറഞ്ഞു.

പാലക്കാട്‌ കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സമുദായത്തിന്റെ ഊര് വിലക്ക്. എന്നാൽ സമുദായ ക്ഷേത്രത്തിൻറെ ഗേറ്റ് തകർത്തതിനാലാണ് കുടുംബത്തെ ജനറൽ ബോഡി യോഗം ചേരുന്നതുവരെ മാറ്റിനിർത്തിയിരിക്കുന്നത് എന്ന് സമുദായ അംഗങ്ങൾ പറഞ്ഞു.

രണ്ടുമാസക്കാലമായി കുന്നത്തൂർമേട് അരുന്ധതിയാർ തെരുവിലെ ഉണ്ണികൃഷ്ണനും കുടുംബവും ചക്ലിയ സമുദായത്തിന്റെ ഊര് വിലക്ക് നേരിടുന്നതായാണ് പരാതി. സമുദായ ക്ഷേത്രത്തിലെ മാരിയമ്മൻ പൂജയ്ക്കിടെ ഒരു കുട്ടിയുടെ സ്വർണ്ണമാല നഷ്ടപ്പെട്ടിരുന്നു, തുടർന്ന് മഷി നോട്ടം നടത്തി ഉണ്ണികൃഷ്ണന്റെ ഭാര്യ സൗദാമിനിയെ കുറ്റക്കാരിയായി ചിത്രീകരിച്ച് ഊര് വിലക്കിയതായി കുടുംബം പറയുന്നു.

നിലവിൽ ക്ഷേത്രത്തിൽ പോലും പ്രവേശിക്കാൻ അനുവദിക്കുന്നില്ല, കുട്ടികളെ മറ്റു കുട്ടികൾ കളിക്കാനും കൂട്ടുന്നില്ലെന്നും കുടുംബം പറയുന്നു. നീതി ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഊര് വിലക്കിയിട്ടില്ലെന്നും സമുദായ ക്ഷേത്രത്തിൻറെ ഗേറ്റ് തകർക്കുകയും, ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്തതിനാൽ ജനറൽ ബോഡി യോഗം കൂടുന്നതുവരെ മാറ്റി നിർത്തുകയാണ് ചെയ്തത് എന്നും സമുദായ അംഗങ്ങൾ പറഞ്ഞു. വ്യാജ പ്രചാരണങ്ങളാണ് കുടുംബം നടത്തുന്നത് എന്നും സമുദായ അംഗങ്ങൾ ആരോപിച്ചു.

Story Highlights: woman isolated alleging robbery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here