Advertisement

അങ്കണവാടികള്‍ ഇല്ലാത്ത ദിവസം വീട്ടില്‍ പോയി കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും നല്‍കണം: മുഖ്യമന്ത്രി

August 1, 2022
Google News 2 minutes Read
Chief Minister pinarayi inaugurated Poshaka Balyam project

അങ്കണവാടികള്‍ ഇല്ലാത്ത ദിവസം വീട്ടില്‍ പോയി കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും നല്‍കണമെന്നും കുട്ടികള്‍ക്കായതിനാല്‍ സഹായിക്കാന്‍ സന്നദ്ധരായി ധാരാളം പേരുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അങ്കണവാടി പ്രീസ്‌കൂള്‍ കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസവും മുട്ടയും പാലും നല്‍കുന്ന പോഷക ബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കുഞ്ഞുങ്ങൾക്ക് പാലും മുട്ടയും വീട്ടിലെത്തിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടും സഹായം അഭ്യര്‍ത്ഥിക്കാം. സര്‍ക്കാര്‍ ഇപ്പോള്‍ രണ്ട് ദിവസമാണ് പാലും മുട്ടയും കുട്ടികള്‍ക്ക് നല്‍കുന്നത്. അതേ അളവില്‍ കൂടുതല്‍ ദിവസങ്ങളില്‍ നല്‍കാന്‍ കഴിയണം. പരിശ്രമിച്ചാല്‍ ആഴ്ചയില്‍ ഏഴ് ദിവസവും നല്‍കാനാകും.

കുട്ടികള്‍ക്ക് നല്‍കുന്ന പാലില്‍ ലാഭം കാണാന്‍ നോക്കരുത്. മില്‍മയ്ക്കും സഹായിക്കാനാകും. സുതാര്യതയോടെ ആക്ഷേപത്തിന് ഇടനല്‍കാതെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാല്യകാലത്താണ് ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അടിത്തറയിടേണ്ടത്. ഇതിനു പോഷകാഹാര ലഭ്യത ഉറപ്പാക്കുകയെന്നതു പ്രധാനമാണ്. 2019ല്‍ യുനിസെഫ് നടത്തിയ പഠന പ്രകാരം രാജ്യത്ത് പോഷകാഹാര ലഭ്യതയില്‍ കേരളമാണു മുന്നില്‍. ഇക്കാര്യത്തില്‍ ദേശീയ ശരാശരി 6.4 ആണ്. എന്നാല്‍ കേരളത്തില്‍ 32.6 ആണ്. ഇത് ഇനിയും മെച്ചപ്പെടുത്തുകയാണ് പ്രധാനം.

Read Also: പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറിനില്‍ക്കണം: വി.ഡി.സതീശന്‍

കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇടപെടലുകളാണ് വനിത ശിശുവികസന വകുപ്പ് നടത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് അങ്കണവാടികളില്‍ കുഞ്ഞുങ്ങള്‍ക്ക് പാലും മുട്ടയും നല്‍കുന്ന പദ്ധതി നടപ്പിലാക്കിയത്. 204 അങ്കണവാടികളെ സ്മാര്‍ട്ട് അങ്കണവാടികളായി മാറ്റാനുള്ള ഭരണാനുമതി നല്‍കി. രണ്ടെണ്ണം യാഥാര്‍ത്ഥ്യമാക്കി. അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതീകരണം ഉടന്‍ സാധ്യമാകും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പാരന്റിംഗ് ക്ലിനിക് ആരംഭിച്ചു. കൊവിഡ് കാലത്ത് മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് 3.2 കോടി രൂപയുടെ ധനസഹായം അനുവദിച്ചിട്ടുണ്ട്.

ആഗസ്റ്റ് ഒന്നു മുതല്‍ 7 വരെ ലോക മുലയൂട്ടല്‍ ദിനാചരണമാണ്. അമ്മമാരുമായി ഏറ്റവുമധികം ഇടപെടുന്നത് അങ്കണവാടി പ്രവര്‍ത്തകരാണ്. മുലയൂട്ടലിന്റെ പ്രാധാന്യത്തെപ്പറ്റി എല്ലാ അങ്കണവാടി പ്രവര്‍ത്തകരും അമ്മമാരെ ബോധവത്ക്കരിക്കണം. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് മുലപ്പാല്‍ വളരെ പ്രധാനമാണ്. ജനിച്ച് ആദ്യ ഒരു മണിക്കൂറില്‍ നവജാതശിശുവിന് മുലപ്പാല്‍ നല്‍കുന്നുവെന്ന് ഉറപ്പാക്കണം. അതുപോലെ ആദ്യ ആറ് മാസം മുലപ്പാല്‍ മാത്രം നല്‍കുകയും വേണം. സ്ത്രീകളിലെ അനീമിയ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Story Highlights: Chief Minister pinarayi inaugurated Poshaka Balyam project

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here