സി.എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ; വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി

ലിംഗ സമത്വത്തിനെതിരായ ഡോ. എം.കെ മുനീറിന്റെ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. ലിംഗസമത്വം സംബന്ധിച്ച മുസ്ലിം ലീഗ് നേതാവ് ഡോ. എം.കെ മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണെന്നും കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ലെന്നും ശിവൻകുട്ടി വിമർശിച്ചു. സി.എച്ചിന്റെ മകനിൽ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ലെന്നും സി.എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെയെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ( Minister V Sivankutty criticized MK Muneer )
ലിംഗ സമത്വത്തിനെതിരായ പരാമർശത്തിൽ വിശദീകരണവുമായി എംകെ മുനീർ രംഗത്തെത്തിയിരുന്നു. തൻ്റെ പ്രസ്താവന ലിംഗ സമത്വ തിന് എതിരല്ല. ആരെയും അപമാനിക്കാനോ ചെറുതാക്കാനോ ഉദ്ദേശിച്ചിട്ടില്ല. സിപിഎം നേതാക്കളാണ് ലിംഗ സമത്വത്തിനെതിരായ പ്രസ്താവനകൾ നടത്തുന്നതെന്നും എംകെ മുനീർ പറഞ്ഞു.
കോഴിക്കോട് വച്ച് നടന്ന എം.എസ്.എഫ് വേര് സംസ്ഥാന ക്യാംപയിൻ സമാപന സമ്മേളനത്തിൽ മതം, മാർക്സിസം, നാസ്തികത എന്ന വിഷയത്തിൽ സംസാരിക്കവേ എംകെ മുനീർ നടത്തിയ പരാമർശങ്ങളാണ് വിവാദമയത്. ആൺ വസ്ത്രം പെണ്ണ് ഇടുമ്പോൾ ലിംഗ സമത്വം ആകുന്നത് എങ്ങനെയെന്നും, പിണറായിക്ക് സാരിയും ബ്ലൗസും ഇട്ടാൽ എന്താണ് കുഴപ്പമെന്നുമായിരുന്നു എംകെ മുനീറിന്റെ ചോദ്യം.
മന്ത്രി വി. ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലിംഗസമത്വം സംബന്ധിച്ച മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീറിന്റെ പ്രസ്താവന പതിനാറാം നൂറ്റാണ്ടിലേതാണ്. കാലം മാറിയത് മുനീറിപ്പോഴും അറിഞ്ഞിട്ടില്ല. സി എച്ചിന്റെ മകനിൽ നിന്നും ഇത്തരം നിരുത്തരവാദപരവും സമൂഹ വിരുദ്ധവുമായ പ്രസ്താവന പ്രതീക്ഷിച്ചില്ല. പൊതുവിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ചിടത്തോളം ലിംഗ നീതി, ലിംഗ തുല്യത, ലിംഗാവബോധം എന്നിവ മുൻനിർത്തിയുള്ള പദ്ധതികളുമായി മുന്നോട്ട് പോകും.
വസ്ത്രധാരണം വ്യക്തിപരമാണ്. ഓരോരുത്തരും അവർക്കിഷ്ടമുള്ള സഭ്യമായ വസ്ത്രം ധരിക്കണം എന്നതാണ് നിലപാട്. അല്ലാതെ ആരുടെ മേലും ഒന്നും അടിച്ചേൽപ്പിക്കുകയല്ല.ഡോ. മുനീർ തിരുത്തുമെന്നാണ് ഞാൻ കരുതുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ സാരി ഉടുത്താലേ ലിംഗ സമത്വം ഉണ്ടാകൂ എന്ന ഡോ. മുനീറിന്റെ പ്രസ്താവന അത്ഭുതത്തോടെ ആണ് കാണുന്നത്. സി എച്ച് ജീവിച്ചിരുന്നേൽ മുനീറിന് വേണ്ടി മാപ്പ് പറഞ്ഞേനെ. ലീഗ് നേതൃത്വം മുനീറിന്റെ നിലപാട് തിരുത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
Story Highlights: Minister V Sivankutty criticized MK Muneer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here