ഇംഗ്ലീഷ് സംസാരിക്കാനറിയില്ല പക്ഷെ IELTS ടെസ്റ്റിൽ ഉയർന്ന സ്കോർ, ഗുജറാത്ത് യുവാക്കൾ അമേരിക്കയിൽ പിടിയിൽ

IELTS ടെസ്റ്റിൽ ഉയർന്ന സ്കോർ നേടിയ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് സംസാരിക്കാനറിയില്ല, ഗുജറാത്ത് യുവാക്കൾ അമേരിക്കയിൽ പിടിയിൽ. ദക്ഷിണ ഗുജറാത്തിലെ നവസാരി പട്ടണത്തിലെ ഒരു കേന്ദ്രത്തിൽ IELTS പരീക്ഷ എഴുതിയ നാല് വിദ്യാർത്ഥികളാണ് അമേരിക്കയിൽ പിടിക്കപ്പെട്ടത്. (ielts scam gujarat youth with high ielts score fail to speak english)
2021 സെപ്റ്റംബർ 25 നാണ് വിദ്യാർഥികൾ IELTS പരീക്ഷ എഴുതിയത്. പരീക്ഷയിൽ ഇവർക്ക് “ഉയർന്ന” സ്കോർ ലഭിച്ചിരുന്നു. ഈ വിദ്യാർത്ഥികൾ സ്റ്റുഡൻറ് വിസയിൽ കാനഡയിലേക്ക് പോയതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം മാർച്ചിൽ, ഈ വിദ്യാർഥികൾ കാനഡയിൽ നിന്ന് അനധികൃതമായി അമേരിക്കയിലേയ്ക്ക് കടക്കാനുള്ള ശ്രമം നടത്തുകയുണ്ടായി.
എന്നാൽ ശ്രമം വിഫലമാവുകയും ഇവരെ അമേരിക്കൻ അതിർത്തിയിൽ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായ ഇവരെ കോടതിയിൽ ഹാജരാക്കിയതോടെയാണ് IELTS ടെസ്റ്റ് തട്ടിപ്പ് വെളിച്ചത്തു വരുന്നത്. കോടതിയിൽ ജഡ്ജി ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഇവർക്ക് കഴിഞ്ഞില്ല. തുടർന്ന്, കോടതി ഹിന്ദി പരിഭാഷകൻറെ സഹായം തേടി.
എന്നാൽ, ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS -ൽ ഈ വിദ്യാർത്ഥികൾ 6.5 മുതൽ 7 വരെ സ്കോറാണ് നേടിയിരിയ്ക്കുന്നത്. യോഗ്യതയില്ലാത്ത വിദ്യാർത്ഥികൾക്ക് കാനഡയിലെ കോളജുകളിൽ പ്രവേശനം നേടുന്നതിന് ഉയർന്ന IELTS ടെസ്റ്റ് സ്കോർ നൽകുന്ന സംഘത്തിനായുള്ള തെരച്ചിൽ ഗുജറാത്ത് സർക്കാർ ആരംഭിച്ചുകഴിഞ്ഞു.
IELTS -ൽ 5 അല്ലെങ്കിൽ 6 ബാൻഡുകൾ ലഭിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾ പോലും ഏറെ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. ആ അവസരത്തിലാണ് മെഹ്‌സാനയിലെ വിവിധ ഗ്രാമങ്ങളിൽനിന്നുള്ള, ഒരു വാക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ പോലും അറിയാത്ത ഈ വിദ്യാർത്ഥികൾക്ക് 6.5 നും 7 നും ഇടയിൽ സ്‌കോർ ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിയ്ക്കുകയാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടന്ന പരീക്ഷയ്ക്കിടെ ഹാളിലെ സിസിടിവികൾ ഓഫാക്കിയതിനാൽ പരീക്ഷ നടത്തിയ ഏജൻസി സുതാര്യത പാലിച്ചിട്ടില്ലെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ തെളിഞ്ഞതായി ഭവേഷ് റാത്തോഡ് പറഞ്ഞു. പരീക്ഷയ്‌ക്ക് മുമ്പ് പരീക്ഷാ സൂപ്പർവൈസർമാർ സിസിടിവി ക്യാമറകൾ ഓഫാക്കിയിരുന്നതായും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.
Story Highlights: ielts scam gujarat youth with high ielts score fail to speak english
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here