യുക്രൈൻ അഭയാർത്ഥികളെ നേരിൽ കണ്ട് പ്രിയങ്ക ചോപ്ര; അനുഭവങ്ങൾ കേട്ട് കണ്ണ് നിറഞ്ഞ് താരം

അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല, സാമൂഹിക ഇടപെടലുകളിലും നിലപാടുകളുടെ കാര്യത്തിലും തന്റേതായ അഭിപ്രായവും നിലപാടും എന്നും വ്യകതമാക്കുന്ന ബോളിവുഡ് താരമാണ് പ്രിയങ്ക ചോപ്ര. യുനിസെഫ് ഗുഡ് വിൽ അംബാസഡർ കൂടിയാണ് താരം. ഈ അടുത്ത് പോളണ്ടിൽ സന്ദർശനം നടത്തിയിരുന്നു പ്രിയങ്ക ചോപ്ര. യുക്രൈനിലെ യുദ്ധത്തെ തുടർന്ന് രക്ഷനേടി പോളണ്ടിലെത്തിയ അഭയാർത്ഥികളെ കാണാനായിരുന്നു ഈ സന്ദർശനം. ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.
പോളണ്ടിലെ അഭയാർത്ഥികൾക്കൊപ്പം താരം ഏറെനേരം ചെലവഴിക്കുകയും അവരോടൊപ്പം സംസാരിക്കുകയും ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും ഒപ്പം ഏറെ നേരം ചെലവിട്ട താരം കുട്ടികൾക്കൊപ്പം ചിത്രം വരയ്ക്കാനും കളിക്കാനുമെല്ലാം ഒപ്പംചേർന്നു. കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട കളിപ്പാട്ടങ്ങൾ താരത്തിന് സമ്മാനമായി നൽകുകയും ചെയ്തു. അവരുടെ അനുഭവങ്ങളും യുദ്ധഭൂമിയിൽ അവർ നേരിട്ട യാതനകളും കേട്ട് കണ്ണ് നിറഞ്ഞ താരം അവരെ സമാധാനിപ്പിക്കുകയും ചെയ്തു.
ഇതിന്റെ വീഡിയോ താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി കടക്കുന്നവരിൽ 90% പേരും സ്ത്രീകളും കുട്ടികളുമാകുന്നു എന്നത് ഒരു യുദ്ധത്തിന്റെ വിനാശകരമായ യാഥാർത്ഥ്യമാണ് എന്ന കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്. യുക്രൈനിൽ നിന്ന് പലായനം ചെയ്തവരിൽ 70% പേരും പോളണ്ടിലേക്കാണ് അതിർത്തി കടന്നത്. അവരുടെ പരിവർത്തനം കഴിയുന്നത്ര എളുപ്പമാക്കാൻ വലിയ സർക്കാർ പിന്തുണയുള്ള സ്വീകരണ കേന്ദ്രങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്നും പ്രിയങ്ക പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here