കരകൾക്ക് വീണ്ടും ഉത്സവമായി ആറന്മുള വള്ള സദ്യ ഇന്ന്

കരകൾക്ക് വീണ്ടും ഉത്സവമായി ആറന്മുള വള്ള സദ്യ ഇന്ന് തുടങ്ങും. കൊവിഡ് മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്തവണ വള്ള സദ്യകൾ വീണ്ടും ആരംഭിക്കുന്നത്. പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനാൽ പള്ളിയോടങ്ങൾ ക്ഷേത്രക്കടവിലേക്ക് അടുക്കുന്നതിന് ജില്ലാ ഭരണകൂടം ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള 67 ദിവസം 52 പള്ളിയോടക്കരകളിലും വള്ളസദ്യയുടെ രുചിക്കാലം കൂടിയാണ്. ( aranmula vallasadya 2022 begins today )
വഞ്ചിപ്പാട്ടിന്റെ താളത്തിൽ കൊവിഡ് താളപ്പിഴ വരുത്തിയ കാലത്തെ മറന്നു കൊണ്ടാണ് ആറന്മുള പാർഥസാരഥിയുടെ മണ്ണിൽ വീണ്ടും വള്ളസദ്യക്കാലത്തിന് ഇന്ന് തുടക്കം കുറിക്കുന്നത്. 52 കരകളുടെ നാഥനായ ആറന്മുള പാർഥലസാരഥിക്ക് മുന്നിൽ ഇനിയുള്ള 67 ദിവസം നിലയ്ക്കാതെ വഞ്ചിപ്പാട്ട് മുഴങ്ങും. രുചിയുടെ പെരുമപേറുന്ന ആറന്മുളയിലെ 64 വിഭവങ്ങൾ പാട്ടിനൊപ്പം ഇലയിലെത്തും, ഉപ്പിലിട്ടത് മുതൽ അഞ്ച് തരം പായസം വരെ നീളുന്ന സദ്യ. ഇലയിൽ വിളമ്പുന്ന 44 വിഭവങ്ങൾക്ക് പുറമെ തുഴച്ചിലുകാർ പാടി ചോദിക്കുന്ന 20 വിഭവങ്ങളും രുചിയുടെ താളപ്പെരുമ തീർക്കുന്നവയാണ്. ആചാരങ്ങളിൽ അണുവിട വ്യത്യാസമില്ലാതെ നടത്തുന്ന വള്ള സദ്യയിൽ പങ്കെടുക്കാൻ എല്ലാ ദിവസവും ഇനി വിവിധ കരപ്രതിനിധികൾ എത്തും.
ഇന്ന് ഏഴ് പള്ളിയോടങ്ങൾക്കാണ് വള്ള സദ്യ നടത്തുന്നത്. രാവിലെ 11.30ന് എൻ എസ് എസ് പ്രിസിഡന്റ് ഡോ. എം ശശികുമാർ ഭദ്രദീപം കൊളുത്തും.പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ ഓരോ പള്ളിയോടങ്ങളിലും നീന്തലറിയാവുന്ന40 പേരെ മാത്രമെ തുഴയാൻ അനുവദിക്കൂ. ഇതിന് പുറമെ പള്ളിയോടങ്ങളുടെ സുരക്ഷയ്ക്കായി ബോട്ടുകളും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ദിവസവും നിശ്ചിത എണ്ണം വള്ളസദ്യമാത്രമെ നടത്തു എന്ന് പള്ളിയോട സേവാ സംഘവും വ്യക്തമാക്കിയിട്ടുണ്ട്. അഷ്ടമിരോഹിണി ദിവസം വരെ ഇനി ആറൻമുളയിലെ കരകളിലാകെ വഞ്ചിപ്പാട്ടിന്റെ താളം മുഴങ്ങി നിൽക്കും.
Story Highlights: aranmula vallasadya 2022 begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here