ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിൽ ഐ.ടി പാർക്ക്; പദ്ധതിയുമായി KGS ഗ്രൂപ്പ്

ആറന്മുള വിമാനത്താവളത്തിനായി കണ്ടെത്തിയ ഭൂമിയിൽ ഐ.ടി പാർക്ക് പദ്ധതിയുമായി വിമാനത്താവള സംരംഭകരായിരുന്ന കെജിഎസ് ഗ്രൂപ്പ്. ഇൻഫോ പാർക്ക് ഇൻറഗ്രേറ്റഡ് ബിസിനസ് ടൗൺഷിപ്പ് എന്നതാണ് പദ്ധതിയുടെ പേര്. 7000 കോടി രൂപയുടെ നിക്ഷേപവും 10000 പേർക്ക് തൊഴിലുമെന്നാണ് വാഗ്ദാനം. ടിഒഎഫ്എൽ പത്തനംതിട്ട ഇൻഫ്രാ ലിമിറ്റഡ് എന്ന പേരിലാണ് പുതിയ പദ്ധതി.
സർക്കാരുമായി യോജിച്ച് പദ്ധതി നടത്താമെന്ന് അറിയിച്ച് ഐ.ടി വകുപ്പിനെ സമീപിച്ചു. ഐ.ടി വകുപ്പ് കൃഷി വകുപ്പിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്. നെൽവയൽ തണ്ണീർത്തട പ്രദേശമായത് കൊണ്ടാണ് ഇവിടെ വിമാനത്താവളത്തിന് അനുമതി കിട്ടാതെ പോയത്. കമ്പനിയുടെ പേരിലുളള 139.20 ഹെക്ടർ ഭൂമിയിൽ 16.32 ഹെക്ടർ മാത്രമാണ് കരഭൂമി.
ആറന്മുളയിൽ ശബരിമല വിമാനത്താവളം പ്രഖ്യാപിച്ച് നിർമാണത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാൽ നെൽ വയലുകളും തണ്ണീർ തടങ്ങളും നികത്തി പദ്ധതി നടപ്പാക്കുന്നതിനെതിരെ വലിയ ജനകീയ സമരം നടന്നു. ഇതോടെ നിരവധി കേസുകളും കോടതികളിൽ എത്തിയതോടെ വിമാനത്താവളം നിർമ്മിക്കാൻ എത്തിയ കെജിഎസ് എന്ന കമ്പനി പ്രവർത്തനം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ശബരിമല വിമാനത്താവളം എരുമേലിയിൽ സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ നടപടികളുമായി മുന്നോട്ട് പോകുകയാണ്.
Story Highlights : KGS Group with project of IT Park on land identified for Aranmula Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here