അമ്മ വഴക്ക് പറഞ്ഞതിന് രണ്ടാം ക്ലാസുകാരൻ വീടുവിട്ടിറങ്ങി; പൊലീസ് സ്റ്റേഷനെന്ന് കരുതിയെത്തിയത് ഫയർ സ്റ്റേഷനിൽ

മലപ്പുറത്ത് അമ്മ വഴക്കുപറഞ്ഞതിന് രണ്ടാം ക്ലാസുകാരൻ വീടുവിട്ടിറങ്ങി. നാല് കിലോമീറ്ററോളം നടന്നശേഷം ഫയർ സ്റ്റേഷനിൽ എത്തി പൊലീസ് സ്റ്റേഷൻ ആണെന്ന് കരുതിയാണ് ഫയർ സ്റ്റേഷനിൽ എത്തിയത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കുട്ടിയുടെ പിതാവിനെയും ചൈൽഡ് ലൈൻ അധികൃതരേയും വിവരമറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കുട്ടി അവധി ദിവസമായതിനാൽ സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം കളിക്കുകയാണെന്നായിരുന്നു വീട്ടുകാർ കരുതിയത്. ഇരുമ്പുഴിയിൽ നിന്ന് മലപ്പുറം വരെയാണ് നടന്നത്. ചൈൽഡ് ലൈൻ പ്രവർത്തകർ സുരക്ഷിതമായി കുട്ടിയെ വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഏഴു വയസുകാരൻ ഫയർ സ്റ്റേഷനിൽ എത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉമ്മ വീട്ടിൽ കയറ്റുന്നില്ലെന്നായിരുന്നു കുട്ടിയുടെ പരാതി.
Read Also: വെങ്ങാനൂരിലെ ഒൻപതാം ക്ലാസുകാരന്റേത് തൂങ്ങി മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
കുട്ടിയോട് വിശദമായി കാര്യം തിരക്കിയപ്പോഴാണ് വഴക്ക് പറഞ്ഞതിന് വീട് വിട്ടിറങ്ങിയതാണെന്ന് മനസിലായത്. പിന്നാലെ കുട്ടിക്കും വെള്ളവും സ്റ്റേഷനിലുണ്ടായിരുന്ന ഭക്ഷണവും കൊടുത്തു. തുടർന്ന് ചൈൽഡ് ഹെൽപ്പ് ലൈനെ വിവരം അറിയിക്കുകയായിരുന്നു. തിരുവനന്തപുരത്തേക്കായിരുന്നു ആദ്യം വിളിച്ചത്. അവർ മലപ്പുറവുമായി ബന്ധപ്പെട്ടു. അവിടുന്ന് ആള് വരാമെന്ന് അറിയിച്ചു. പ്രാദേശികമായി അന്വേഷിച്ചപ്പോൾ കുട്ടിയുടെ പിതാവിന്റെ വിവരങ്ങളും ലഭിച്ചു. പിതാവുമായി ബന്ധപ്പെട്ടു.
കുട്ടി കുരുത്തക്കേട് കാണിച്ചതിനായിരുന്നു ഉമ്മ വഴക്ക് പറഞ്ഞിരുന്നത്. അമ്മക്കെതിരെ കേസ് കൊടുക്കുമെന്ന് കുട്ടി പറഞ്ഞിരുന്നു. വഴക്ക് പറയുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ പോയി പരാതി പറയാൻ പറഞ്ഞതോടെയാണ് കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് വീട് വിട്ടിറങ്ങിയത്. കുട്ടിയെ സുരക്ഷിതമായി ചൈൽഡ് ലൈൻ അധികൃതരേയും പിതാവിനെയും ഏൽപ്പിച്ചെന്ന് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറയുന്നു.
Story Highlights : Second grader left home because his mother quarreled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here