വീടിന്റെ മേൽക്കൂരയിൽ മണിക്കൂറുകളോളം; പ്രളയത്തിലും വളര്‍ത്തുനായയെ കൈവിടാതെ പെൺകുട്ടി…

വീണ്ടുമൊരു പ്രളയക്കാല ഭീതിയിലാണ് നമ്മൾ. ഏറെ കരുതലോടെയും ശ്രദ്ധയോടെയുമാണ് ഓരോ ദിവസവും നമ്മൾ കഴിയുന്നത്. പ്രളയക്കാലത്ത് വളർത്തു മൃഗങ്ങളും ഏറെ ദുരിതം അനുഭവിക്കാറുണ്ട്. സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുമ്പോൾ അവയെ സംരക്ഷിക്കാനോ കൂടെ കൊണ്ടുപോകാനോ നമുക്ക് പറ്റിയെന്ന് വരില്ല. എങ്കിലും അവരെ കൈവിടാതെ സംരക്ഷിക്കാൻ ശ്രമിക്കുന്ന നിരവധി സംഭവങ്ങളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. വെള്ളപ്പൊക്കമുണ്ടായപ്പോള്‍ തന്റെ വളര്‍ത്തുനായയെ കൈവിടാതെ നാലുചുറ്റും വെള്ളത്തില്‍ മണിക്കൂറുകള്‍ ചെലവിട്ട ഒരു പതിനേഴുകാരിയുടെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
അമേരിക്കക്കാരി ക്ലോയ് ആഡംസ് കനത്ത മഴയില്‍ ചെറിയൊരു പേടിയോടെ ഇരുന്ന സമയത്താണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ക്ലോയിയുടെ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തുന്നത്. ആ സമയം വീട്ടിൽ തനിച്ചായിരുന്ന ക്ളോയിയ്‌ക്കൊപ്പം ആകെ ഉണ്ടായിരുന്നത് വളർത്തുനായ സാൻഡി ആയിരുന്നു. സാൻഡിയെ ഉപേക്ഷിച്ച് രക്ഷപെടാൻ ക്ളോയി തയ്യാറായിരുന്നില്ല. വെള്ളം ഇരച്ചു കയറുന്നതിനാൽ ആളുകളെ വിളിച്ച് സഹായം അഭ്യർത്ഥിക്കാനുള്ള സമയവും ലഭിച്ചില്ല. എത്രയും പെട്ടെന്ന് സാൻഡിയ്‌ക്കൊപ്പം സുരക്ഷിത സ്ഥാനത്തേക്ക് മാറുക എന്നതായിരുന്നു ക്ളോയിയുടെ മുന്നിൽ ഉണ്ടായിരുന്നത്.
ആദ്യം വീടിന് പുറത്തേക്ക് നീന്തി രക്ഷപെടാം എന്നോർത്തെങ്കിലും അത് സാധ്യമാകില്ലെന്ന് ക്ളോയിയ്ക്ക് മനസിലായി. പിന്നീട് ഒരു പ്ലാസ്റ്റിക് പെട്ടിയില്‍ സാന്‍ഡിയെ ഇരുത്തി ഒരു കുഷ്യന് മുകളില്‍ ആ പെട്ടി വച്ച് ഒഴുക്കി വിടാന്‍ ക്ലോയി തീരുമാനിച്ചു. ശേഷം ഒന്നും നോക്കാതെ വെള്ളത്തിലേക്ക് എടുത്ത് ചാടി ക്ലോയി നീന്തിത്തുടങ്ങി. ഏറെ കഷ്ടപ്പെട്ട് നീന്തി ഒടുവില്‍ ദേഹം തളര്‍ന്നപ്പോഴാണ് കുറച്ച് മാറി ഒരു വീടിന്റെ മേല്‍ക്കൂര ക്ലോയിയുടെ ശ്രദ്ധയില്‍പ്പെടുന്നത്.
വീടിന്റെ ആ ഭാഗമൊഴിച്ച് ബാക്കിയെല്ലാം വെള്ളത്തിലായിരുന്നു. നീന്തി മേല്‍ക്കൂരയുടെ അടുത്തെത്തിയ ക്ലോയി സാന്‍ഡിയെ മേല്‍ക്കൂരയില്‍ കയറ്റുകയായിരുന്നു. ശേഷം ക്ലോയിയും അതില്‍ വലിഞ്ഞ് കയറി ഇരിപ്പുറപ്പിച്ചു. വെള്ളത്തിന്റെ ഒത്തനടുക്ക് ഒറ്റ മനുഷ്യരുടെയും സാമീപ്യം പോലുമില്ലാതെ നാല് മണിക്കൂറാണ് ക്ലോയിയും സാന്‍ഡിയും അവിടെ ഇരുന്നത്.
പിന്നീട് വീട് മുങ്ങിയതറിഞ്ഞെത്തിയ വീട്ടുകാരാണ് സാൻഡിയെയും ക്ളോയിയെയും രക്ഷപെടുത്തിയത്. പേടിച്ചിരുന്ന ക്ളോയി വീട്ടുകാരെ കണ്ടതോടെ വികാരഭരിതയായി കരയുകയായിരുന്നു. മേല്‍ക്കൂരയ്ക്ക് മുകളില്‍ സാന്‍ഡിയെ ചേര്‍ത്ത് പിടിച്ച് ഇരിക്കുന്ന ക്ലോയിയുടെ ചിത്രം പിതാവ് ടെറിയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
Story Highlights: flood teen sat on rooftop for hours with her dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here