മെലിഞ്ഞ ശരീരത്തെപ്പറ്റി ആരും വേവലാതിപ്പെടേണ്ട; വൈറൽ കുറിപ്പുമായി ആഷിഖ കാനം
ബോഡി ഷെയ്മിങ്ങിനെതിരെ വൈറൽ ഫെയ്സ്ബുക്ക് കുറിപ്പുമായി മുൻ ഹരിത നേതാവ് ആഷിഖ കാനം. തന്റെ മെലിഞ്ഞ ശരീരത്തെ കുറിച്ച് വേവലാതിപ്പെടുന്നില്ലെന്നും, തനിക്കില്ലാത്ത സങ്കടം അക്കാര്യത്തിൽ നാട്ടുകാര്‍ക്കെന്തിനാണെന്നുമാണ് ആഷിഖയുടെ ചോദ്യം. വെക്കേഷനായിട്ട് വീട്ടിലിരുന്നിട്ടും പിന്നെയും ഇങ്ങനെ ക്ഷീണിക്കാന്‍ എന്താ കാരണം എന്നാണ് ചിലരുടെ പരാതി.
രാത്രി നാലും അഞ്ചും മണിക്കൂറിലേക്ക് ഉറക്കം ചുരുക്കിയിട്ട് ഇന്നുവരെയും മറ്റൊന്നിന് വേണ്ടിയും ചെയ്യാത്തത്ര ഹാര്‍ഡ് വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അതുകൊണ്ടങ്ങനെയൊരു വെക്കേഷന്‍ മൂഡോ വെറുതെയിരിപ്പിന്റെ സുഖമോ ഇവിടെ കിട്ടിയിട്ടില്ലെന്ന് മനസിലാക്കുക. ഇഷ്ടമുള്ള സമയത്ത്, ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യും. ജീവിതത്തിലൊരു ഘട്ടത്തിൽ ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിച്ച സമയത്ത് പോലും ഞാനതിൽ നാട്ടുകാരെന്ത് പറയുമെന്ന് ചിന്തിച്ചിട്ടേയില്ലെന്നും ആഷിഖ ഫെയ്സ്ബുക്കിൽ കുറിച്ചു.
ആഷിഖ കാനത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കുറെയായിട്ട് പറയണമെന്ന് കരുതിയതാണ്,
നാട്ടിലും കുടുംബത്തിലുമെന്ന് വേണ്ട എവിടെയുമിപ്പോള്‍ പുറത്തിറങ്ങുമ്പോള്‍ ആദ്യം കേള്‍ക്കുന്ന രണ്ടേരണ്ടു ചോദ്യങ്ങള്‍, ഒന്ന് ഇയ്യ് പിന്നേം മെലിഞ്ഞുണങ്ങിയല്ലോ എന്നുള്ളതും രണ്ടാമത്തേത് കല്ല്യാണത്തെ കുറിച്ചുമാണ്. ഈ രണ്ട് സാധനങ്ങളും എന്റെ മൈന്റിലേക്ക് കയറാറേയില്ലാത്തോണ്ട് ഞാനതൊന്നും ശ്രദ്ധിക്കാറുമില്ല!
പക്ഷെ, ഇന്നൊരു വകേലുള്ള ബന്ധു കുറച്ചധികം അധികാരത്തില്‍ അനക്ക് കെട്ടാന്‍ ഉദ്ദേശൊന്നുല്ല്യെ, അന്നെക്കാളും വലിപ്പണ്ട് അന്റെ താഴെള്ളത് (അനിയത്തി) എന്നെങ്കിലും ചിന്തിച്ചൂടെയെന്ന ചോദ്യമെറിഞ്ഞതിന്റെയും അതിന് അത്യാവശ്യത്തിനപ്പുറം വേണ്ട മറുപടി ഞാന്‍ പറഞ്ഞതിന്റെയും സ്മരണക്ക് ഇതിവിടെ കൂടെ കുറിച്ചിടുന്നു!
ആദ്യത്തേത്,
എന്റെ മെലിഞ്ഞ ശരീരത്തെ കുറിച്ച് ഞാനൊട്ടും തന്നെ വേവലാതിപ്പെടുന്നില്ല. പിന്നെ എനിക്കില്ലാത്ത സങ്കടം അക്കാര്യത്തില് നാട്ടുകാര്‍ക്കെന്തിനാണെന്ന് എനിക്ക് സത്യമായിട്ടും മനസിലാവുന്നില്ല. വെക്കേഷനായിട്ട് വീട്ടിലിരുന്നിട്ടും പിന്നെയും ഇങ്ങനെ ക്ഷീണിക്കാന്‍ എന്താ കാരണം എന്നതാണ് മറ്റുചിലരുടെ പരാതികള്‍. രാത്രി നാലും അഞ്ചും മണിക്കൂറിലേക്ക് ഉറക്കം ചുരുക്കിയിട്ട് ഇന്നുവരെയും മറ്റൊന്നിന് വേണ്ടിയും ചെയ്യാത്തത്ര ഹാര്‍ഡ് വര്‍ക്ക് ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്, അതുകൊണ്ടങ്ങനെയൊരു വെക്കേഷന്‍ മൂഡോ വെറുതെയിരിപ്പിന്റെ സുഖമോ ഇവിടെ കിട്ടിയിട്ടില്ലെന്ന് മനസിലാക്കുക, ഈ തിരക്കിനിടയില് എനിക്കെന്റെ ശരീരം മെലിയുന്നത് ചിന്തിക്കാനുള്ള സമയവുമില്ല, ഇനി അങ്ങനെയൊരു സമയമുണ്ടെങ്കില്‍ തന്നെ ഞാനത് ചിന്തിക്കുകയുമില്ല. അതുകൊണ്ട് എനിക്കില്ലാത്ത വേവലാതി ആ കാര്യത്തില് നിങ്ങളും ദയവുചെയ്ത് ഒഴിവാക്കുക, എന്റെ തടി കൂടുമ്പോള്‍ നിങ്ങളെ ബാങ്ക് ബാലന്‍സ് കൂടുകയൊന്നുമില്ലല്ലോ!
ഇനി രണ്ടാമത്തേത്,
അഥവാ കല്യാണം.
എനിക്കിഷ്ടമുള്ള സമയത്ത്,
എനിക്കിഷ്ടമുള്ള വ്യക്തിയെ ഞാന്‍ വിവാഹം ചെയ്യും. ജീവിതത്തിലൊരു ഘട്ടത്തില് ഒറ്റക്ക് ജീവിക്കാന്‍ തീരുമാനിച്ച സമയത്ത് പോലും ഞാനതില് നാട്ടുകാരെന്ത് പറയുമെന്ന് ചിന്തിച്ചിട്ടേയില്ല. ഇപ്പോഴുമില്ല.
വിവാഹത്തിനൊരു പ്രായമോ മറ്റോ ഞാനൊരിക്കലും മാനദണ്ഡമാക്കി വെച്ചിട്ടില്ല!
‘താഴെള്ളതിന്റെ’ കാര്യത്തില് ആളുകളുടെ വേവലാതി കാണുമ്പോൾ ഇനി അവളെങ്ങാനും നാട്ടുകാര്‍ക്ക് വല്ലതും ഓഫര്‍ ചെയ്തിട്ടുണ്ടോന്ന് വരെ തോന്നിപ്പോവുമെങ്കിലും പിന്നെ ഈ ചൊറിയാന്‍ വരുന്ന നാട്ടുകാരെ അവളെ മുന്നിലെങ്ങാനും കിട്ടിയാലുള്ള അവസ്ഥ ഓര്‍ക്കുമ്പോഴാണ് ഒരു സമാധാനം. ഓടാനുള്ള കണ്ടം പോലും പിന്നെ കാണൂല!
ഒരാളുടെ പോരാട്ടവും നിരന്തരമായ കലഹങ്ങളും കണ്ടിട്ടല്ലെ അവള് വളര്‍ന്നതെന്നെ, അതുകൊണ്ട് കുറച്ചധികം സ്ട്രോങ് ആയിട്ടുള്ള ഒന്ന് തന്നെയാണത്!!
കെട്ടിക്കഴിഞ്ഞാലും പഠിക്കാലോന്ന, ഓന്‍ പഠിപ്പിച്ചോളൂലേയെന്ന ക്ലീഷേയുമായി ഈ വഴി തീരെ വരാതിരിക്കുക. കെട്ടുമ്പോൾ ‘ഇങ്ങള് പഠിപ്പിക്കൂലേയെന്ന’ ചോദ്യം ചോദിക്കുന്ന അടിമത്വരീതി എന്റെ വാപ്പ എന്നെ പഠിപ്പിച്ചിട്ടില്ലാത്തോണ്ടും ഇരുപത്തൊന്ന് വയസുള്ള ഒരു മകളുണ്ടായിട്ടും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ മകളാണ് ഞാനെന്ന ബോധ്യം കൊണ്ടും ഏത് കാലത്തും എന്റെ കാര്യങ്ങളെ മുന്നോട്ടുകൊണ്ടുപോവാനെനിക്ക് കഴിയുമെന്ന നല്ല ഒന്നൊന്നര കോണ്‍ഫിഡന്‍സുണ്ട്. ഇനി ഇതിനിടയിലൊരു ബ്രേക്ക് എടുക്കേണ്ടി വരുന്നതും ഒന്ന് ഡൗണായി പോവുന്നതുമൊക്കെ വളരെ നോര്‍മലാണെന്ന് ചിന്തിക്കാനുള്ള തിരിച്ചറിവുമുണ്ട്. മനുഷ്യനല്ലെ, എല്ലാ കാലത്തും ഒരുപോലെ ജീവിക്കാനൊന്നും കഴിയില്ലല്ലോ!
ഇതിലൊക്കെ വലിയ കോമഡിയെന്താണെന്ന് വെച്ചാല്‍, ജീവിതത്തില് മാനസികമായി തകര്‍ന്ന് തരിപ്പണമായി ജീവിച്ച കാലത്ത് ‘എന്താടോ നിന്റെ പ്രശ്നമെന്ന്’ ഒന്ന് ചോദിക്കാന്‍ പോലും മനസ് കാണിക്കാത്ത മനുഷ്യരാണ് ഈ ഉപദേശത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്തിരിക്കുന്നത് എന്നതാണ്!
നീറിനീറി ഞാന്‍ ജീവിച്ച ആ കാലത്ത് ഈ പറയുന്ന സോ കോള്‍ഡ് വകയിലെ കുടുംബക്കാരോ നാട്ടുകാരോ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഉണ്ടായിട്ടില്ല. വിരലിലെണ്ണാവുന്ന എന്റെ കുറച്ച് മനുഷ്യരെ അന്ന് എന്നെ മനസിലാക്കാന്‍ ഉണ്ടായിട്ടൊള്ളു!
പതിനായിരം വട്ടം നിര്‍ത്തിപോരാനൊരുങ്ങിയ ഡിഗ്രി പൂര്‍ത്തിയാക്കിയതുള്‍പ്പടെ എല്ലാം ആ മനുഷ്യരൊക്കെയുമുള്ളതുകൊണ്ടുമാണ്!
അപ്പോള്‍ പറഞ്ഞു വന്നത്,
പ്രിയപ്പെട്ട നാട്ടുകാരോടും ചൊറിയാന്‍ വേണ്ടി മാത്രം വിളിക്കുന്ന കുടുംബക്കാരോടും (ഈ കുറച്ച് ചൊറിച്ചില്‍ ടീംസിനെ മാറ്റി നിര്‍ത്തിയാല്‍ മനോഹരമായി നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന, ആത്മാര്‍ത്ഥമായി നമ്മളില്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള എത്രയോ മനുഷ്യരിവിടെയുണ്ട് എന്നത് വേറെ കാര്യം)
ആവശ്യത്തിലധികം ചിന്തിക്കാനുള്ള കാര്യങ്ങളിവിടെയുണ്ടെന്നിരിക്കെ വെറുതെ അനാവശ്യകാര്യങ്ങളും കൊണ്ട് ചൊറിയാതിരിക്കുക. എനിക്ക് സമയമാവുമ്പോള്‍ ഞാന്‍ കെട്ടിക്കോളാം. ഇനി ഞാന്‍ വിവാഹം തന്നെ വേണ്ടെന്ന് വെച്ചാലും അത് നിങ്ങളെ ബാധിക്കാന്‍ പോകുന്ന വിഷയമല്ല!!!
Story Highlights: Ashikha Khanam with viral Facebook post against Body shaming
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here