ഏറ്റവും കൂടുതൽ മഴ ഇടുക്കി ജില്ലയിൽ; കുറവ് തിരുവനന്തപുരത്ത്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 5 ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഇടുക്കി ജില്ലയിൽ. 360 മില്ലി മീറ്റർ മഴയാണ് ഇടുക്കിയിൽ ലഭിച്ചത്. ( 164 ശതമാനം കൂടുതൽ ). ഏറ്റവും കുറവ് മഴ ലഭിച്ചത് തിരുവനന്തപുരം ജില്ലയിലാണ് (115.2 മില്ലി മീറ്റർ). ഏറ്റവും കൂടുതൽ മഴ ലഭിച്ച മറ്റ് ജില്ലകൾ തൃശൂരും ( 325 മില്ലി മീറ്റർ) എറണാകുളവുമാണ് ( 303 മില്ലി മീറ്റർ). ( Highest rainfall in Idukki district; Less in Thiruvananthapuram )
എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചപ്പോൾ കാസർഗോഡ് ജില്ലയിൽ മാത്രം 2 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്. നീരൊഴുക്ക് കൂടിയതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകൾ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുകയാണ്. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്.
തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്.
അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് അടിയന്തര ഇടപെടൽ വേണമെന്ന് കത്തിൽ ആവശ്യം.
അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിന് വേണ്ടി തമിഴ്നാട് കൂടുതൽ ജലം കൊണ്ടുപോകണമെന്നും, സ്വീകരിക്കുന്ന നടപടികൾ 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം കൃത്യമായ മുന്നറിയിപ്പുകൾ നൽകാതെ രാത്രി സമയത്ത് തമിഴ്നാട് മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പുഴയിലെ നീരൊഴുക്കി വർധിച്ച് പല വീടുകളിലും വെള്ളം കയറിയ സാഹചര്യവും ഉണ്ടായി. ഇതേ തുടർന്നാണ് 24 മണിക്കൂർ മുൻകൂട്ടി കേരളത്തെ നടപടികൾ അറിയിക്കണമെന്ന് കേരളം അഭ്യർത്ഥിച്ചത്.
Story Highlights: Highest rainfall in Idukki district; Less in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here