കോമൺവെൽത്ത് ഗെയിംസ്; ടേബിൾ ടെന്നീസിൽ ഭവിന പട്ടേലിന് സ്വർണം

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വർണം. ടേബിൾ ടെന്നീസിൽ ഭവിന പട്ടേലാണ് സ്വർണം നേടിയത്. നൈജീരിയൻ താരത്തെയാണ് ഭവിന ഫൈനലിൽ തോൽപ്പിച്ചത്. 40 മെഡലുകളുമായി ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. പുരുഷ ഹോക്കിയിൽ ഇന്ത്യ ഫൈനലിൽ എത്തിയിട്ടുണ്ട്. ( Commonwealth Games; Bhavina Patel wins gold in table tennis)
കോമൺവെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം ലഭിച്ചിരുന്നു. പുരുഷന്മാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ രവികുമാർ ദഹിയയാണ് സ്വർണം നേടിയത്. നൈജീരിയയുടെ എബികെവെനിമോ വെൽസണെ കീഴടക്കിയാണ് ദഹിയ സുവർണ നേട്ടം സ്വന്തമാക്കിയത്. സ്കോർ 10-0. സെമിഫൈനലിൽ പാകിസ്താൻ്റെ ആസാദ് അലിയെ 12-4 എന്ന സ്കോറിനു വീഴ്ത്തിയാണ് ദഹിയ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.
ലോൺ ബോൾസിൽ ഇന്ത്യൻ പുരുഷ ടീം മെഡൽ സ്വന്തമാക്കിയിട്ടുണ്ട്. നോർത്തേൺ അയർലൻഡിനെതിരായ ഫൈനലിൽ 5-18 എന്ന സ്കോറിനു വീണ ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കുകയായിരുന്നു. ഇതോടെ ലോൺ ബോൾസ് വനിതാ, പുരുഷ ഇവൻ്റുകളിൽ ഇന്ത്യ മെഡൽ നേടി. വനിതാ ലോൺ ബോൾസിൽ ഇന്ത്യ സ്വർണം നേടിയിരുന്നു.
Read Also: കോമൺവെൽത്ത് മിക്സഡ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വെള്ളി
സ്റ്റീപ്പിൾചേസിൽ അവിനാഷ് സാബ്ലെ വെള്ളിമെഡൽ നേടി. തൻ്റെ തന്നെ ദേശീയ റെക്കോർഡ് തിരുത്തിക്കുറിച്ചാണ് സാബ്ലെയുടെ നേട്ടം. 8 മിനിട്ട് 11.20 സെക്കൻഡിലാണ് അവിനാഷ് ഫിനിഷ് ചെയ്തത്. 8 മിനിട്ട് 12.48 സെക്കൻഡ് ആയിരുന്നു താരത്തിൻ്റെ ദേശീയ റെക്കോർഡ്. 8 മിനിട്ട് 11. 15 സെക്കൻഡിൽ ഫിനിഷ് ചെയ്ത കെനിയൻ താരം അബ്രഹാം കിബിവോട്ട് ഈയിനത്തിൽ സ്വർണം നേടി.
അതേസമയം, വനിതാ ബാഡ്മിൻ്റൺ സിംഗിൾസിൽ പിവി സിന്ധു സെമിയിൽ കടന്നു. മലേഷ്യയുടെ ജിൻ വെയ് ഗോഹിൻ്റെ കടുത്ത പോരാട്ടം അതിജീവിച്ചാണ് ഇന്ത്യൻ താരം അവസാന നാലിലെത്തിയത്. സ്കോർ 19-21, 21-14, 21-18. സ്ക്വാഷ് മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ ദീപിക പള്ളിക്കൽ-സൗരവ് ഘോഷാൽ സഖ്യം സെമിയിലെത്തി. ന്യൂസീലൻഡിനെയാണ് ഇന്ത്യ വീഴ്ത്തിയത്. ടേബിൾ ടെന്നീസ് മിക്സഡ് ഡബിൾസിൽ അചന്ത ശരത്-ശ്രീജ അകുല സഖ്യം ഫൈനലിലെത്തി. സെമിയിൽ ഓസ്ട്രേലിയ ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ.
Story Highlights: Commonwealth Games; Bhavina Patel wins gold in table tennis
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here