ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകർ ഇന്ന് സ്വന്തം ജന്മദേശം സന്ദർശിക്കും.

ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻകർ ഇന്ന് സ്വന്തം ജന്മദേശം സന്ദർശിക്കും. പ്രതീക്ഷിച്ചതിൽ കൂടുതൽ വോട്ടുകൾ നേടാനായതോടെ രാഷ്ട്രീയ വിജയം നേടിയതിന്റെ ആവേശത്തിലാണ് ബിജെപി. എന്നാൽ കനത്ത തോൽവിയുടെ ആഘാതത്തിലാണ് പ്രതിപക്ഷ പാർട്ടികൾ.
സർവ്വസീകാര്യനായ വെങ്കയ്യൻ നായിഡുവിന് ലഭിച്ചതിനെക്കാൾ കൂടുതൽ വോട്ടുകളാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ജഗ്ദീപ് ധൻകറിന് ലഭിച്ചത്. എൻഡിഎയുടെയും പിന്തുണച്ച പാർട്ടികളുടെതുമായി 515 വോട്ടുകളാണ് ജഗ്ദീപ് ധൻകറിന് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 528 വോട്ടുകൾ അദ്ദേഹത്തിനു ലഭിച്ചു. കർഷക പ്രക്ഷോഭത്തെ തുടർന്ന് നഷ്ടമായ ജാട്ട് വിഭാഗത്തിന്റെ പിന്തുണ ജഗ്ദീപ് ധൻകറിലൂടെ തിരികെ പിടിക്കാം എന്നാണ് ബിജെപി കണക്കാക്കുന്നത്.
ശിവസേനയുടെയും ജെഎംഎമിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവക്ക് 200 വോട്ടുകൾ പോലും നേടാനായില്ല. പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ ആണ് സംയുക്ത സ്ഥാനാർത്ഥി എന്ന ആശയം അവതരിപ്പിച്ചതെങ്കിലും, തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ പ്രതിപക്ഷ ഐക്യത്തിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ് .
തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ പ്രതിപക്ഷ യോഗം ഉടൻ ചേർന്നേക്കുമെന്നാണ് സൂചന. പാർട്ടിയുടെ വിലക്ക് ലംഘിച്ച് വോട്ട് രേഖപ്പെടുത്തിയ ശിശിർ അധികാരി, ദിബ്യേന്തു അധികാരി എന്നിവർക്കെതിരെ ടിഎംസി നടപടി എടുത്തേക്കുമെന്നാണ് സൂചന. ശിവസേനയുടെ അഞ്ചു എംപിമാർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നതിന്റെ കാരണത്തിലും വ്യക്തതയില്ല.
Story Highlights: jagdeep dhankar visit hometown today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here