Advertisement

മാട്ടുപ്പെട്ടി ഡാം ഇന്ന് നാല് മണിക്ക് തുറക്കും; അതീവ ജാഗ്രത പാലിക്കണം

August 8, 2022
1 minute Read
Mattupetti Dam opened today

മാട്ടുപ്പെട്ടി ഡാമിന്റെ 3 സ്പില്‍വെ ഷട്ടറുകള്‍ ഇന്ന് 4.00 മണി മുതല്‍ ആവശ്യാനുസരണം 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കണം ( Mattupetti Dam opened today ).

അതേസമയം, ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് വര്‍ധിക്കുന്നതിനാലാണ് 3 ഷട്ടറുകള്‍ 80 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായിരിക്കുകയാണ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ അപകടസാധ്യതയില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

നേരത്തെ ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍, നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ 80 സെന്റിമീറ്റര്‍ ഉയര്‍ത്തുകയായിരുന്നു. ഡാമിന്റെ 2, 3, 4 ഷട്ടറുകളാണ് ഉയര്‍ത്തിയിട്ടുള്ളത്. 150 ക്യുമക്‌സ് ജലം അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്നുണ്ട്. ഉച്ചയോടെ 200 ക്യുമക്‌സ് ജലം പുറത്തുവിടും. 2385.45 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. ഇടുക്കി, കഞ്ഞിക്കുഴി, ഉപ്പുതോട്, തങ്കമണി, വാത്തിക്കുടി എന്നീ അഞ്ച് വില്ലേജുകളിലും, വാഴത്തോപ്പ്, മരിയാപുരം തുടങ്ങിയ പഞ്ചായത്തുകളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ രാവിലെ ഉയര്‍ത്തിയിരുന്നു. അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഞായറാഴ്ച്ച രാത്രിയോടെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററിലേക്ക് ജലനിരപ്പ് എത്താന്‍ സാധ്യതയുള്ളതിനാലാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്.

ആവശ്യമെങ്കില്‍ 35 ഘനയടി വെള്ളം തുറന്നുവിടാന്‍ അനുമതിയുണ്ട്. സമീപപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടില്‍ നിന്നും ആദ്യം വെള്ളം ഒഴുകിയെത്തുക കരമാന്‍ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും തുടര്‍ന്ന് കബനി നദിയിലേക്കും പിന്നീട് കര്‍ണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്കും വെള്ളം എത്തും. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി ബാണാസുര അണക്കെട്ട് തുറന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പുയര്‍ന്നു. 138.90 അടിയാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. 3545 ക്യുസെക്‌സ് ജലം പുറത്തേക്കൊഴുക്കും.

ഡാമിന്റെ വൃഷ്ടി പ്രദേശത്തൊക്കെ ഇന്നലെ രാത്രി ശക്തമായ മഴ പെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിരിക്കുകയാണ്. സെക്കന്‍ഡില്‍ ശരാശരി പതിനായിരത്തോളം ഘന അടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

Story Highlights: Mattupetti Dam opened today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top